പാറ്റ്‌ന: ബീഹാറിലെ അരാരിയ ജില്ലയില്‍ കാലിക്കടത്ത് ആരോപിച്ച് വൃദ്ധനെ അടിച്ചുകൊന്നു. കാബൂള്‍ മിയാന്‍ (55) എന്നായാളെയാണ് മുന്നൂറോളം പേരടങ്ങുന്ന സംഘം മര്‍ദ്ദിച്ചുകൊന്നത്.
ഡിസംബര്‍ 29ന് നടന്ന സംഭവം സോഷ്യല്‍മീഡിയയില്‍ വൈറലായതോടെയാണ് പുറം ലോകമറിയുന്നത്.
മുസ്‌ലിം മിയാന്‍ എന്നയാളുടെ നേതൃത്വത്തിലാണ് കാബൂളിനെ അക്രമിച്ചതെന്ന് എന്‍.ഡി.ടി.വി റിപ്പോര്‍ട്ട് ചെയ്തു. കള്ളനെന്ന് ആക്രോശിച്ച് വടികളും മറ്റും ഉപയോഗിച്ചായിരുന്നു സംഘം ആക്രമിച്ചത്. ഇതിന്റെ ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തുകയും ചെയ്തു.
മുന്‍ ഗ്രാമമുഖ്യനായ കാബൂള്‍ മിയാന്‍ തനിക്ക് മോഷ്ടിക്കേണ്ട കാര്യമില്ലെന്നും ഉപദ്രവിക്കരുതെന്നും പറയുന്നുണ്ടെങ്കിലും അദ്ദേഹത്തെ കൊല്ലും വരെ മര്‍ദ്ദനം തുടരുകയായിരുന്നുവെന്ന് റിപ്പോര്‍ട്ട് പറയുന്നു.
ഇരയെ അറിയുന്നവര്‍ തന്നെയാണ് അക്രമണം നടത്തിയതെന്നും ഒരേ വിഭാഗക്കാരാണെന്നും അരാരിയ സബ്ഡിവിഷണല്‍ ഓഫീസര്‍ കെ.പി സിങ് പറഞ്ഞു.
ബുധനാഴ്ച ഒരു ആര്‍.ജെ.ഡി നേതാവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് അക്രമികള്‍ 13 കാരനെ ബീഹാറിലെ തന്നെ നളന്ദയില്‍ വെടിവെച്ചു കൊന്നിരുന്നു.