| Saturday, 31st December 2016, 9:45 am

മോദി രാജാവാണ് ഇപ്പോള്‍ ഭരിക്കുന്നത്, ഭരണം കിട്ടിയെന്നുവെച്ച് എന്തും ചെയ്യാമെന്നാണ് ബി.ജെ.പിയുടെ വിചാരം: എം.ടിക്ക് പിന്തുണയുമായി മാമുക്കോയ

ഡൂള്‍ന്യൂസ് ഡെസ്‌ക്


കോഴിക്കോട്: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നോട്ടുഅസാധുവാക്കല്‍ തീരുമാനത്തെ വിമര്‍ശിച്ചതിന്റെ പേരില്‍ ബി.ജെ.പി അധിക്ഷേപിച്ച സാഹിത്യകാരന്‍ എം.ടി വാസുദേവന്‍ നായര്‍ക്ക് പിന്തുണയുമായി നടന്‍ മാമുക്കോയയും. എം.ടി മിണ്ടരുതെന്ന് പറയുന്നത് അഹങ്കാരമാണെന്ന് മാമുക്കോയ പറഞ്ഞു.

രാജ്യത്തെ ജനങ്ങളുടെ പ്രശ്‌നമാണ് എം.ടി പറഞ്ഞത്. എം.ടിയെപ്പോലുള്ള ആളുകള്‍ തന്നെയാണ് ഈ വിഷയം പറയേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി.


Don”t Miss:രാജ്യത്തെ സ്‌നേഹിക്കാം; എന്നാല്‍ ദയവുചെയ്ത് അന്ധമായ ദേശഭക്തി പാടില്ലെന്ന് രാഷ്ട്രപതി


രാജഭരണം പോലെയാണ് ഇപ്പോഴത്തെ സ്ഥിതി. ഇപ്പോള്‍ മോദി രാജാവാണ് ഭരിക്കുന്നത്. ഭൂരിപക്ഷത്തിന്റെ പേരില്‍ ഭരണം കിട്ടിയെന്ന് വെച്ച് എന്തും ചെയ്യാമെന്നാണ് ബി.ജെ.പിയുടെ വിചാരമെന്നും മാമുക്കോയ അഭിപ്രായപ്പെട്ടു.

നോട്ടുനിരോധനം സാധാരണക്കാരന്റെ ജീവിതം താറുമാറാക്കിയെന്നാണ് എം.ടി വാസുദേവന്‍ നായര്‍ അഭിപ്രായപ്പെട്ടത്. തുഗ്ലക്കിനെപ്പോലെ മോദിക്കും ഗൂഢലക്ഷ്യങ്ങളുണ്ടെന്ന് അദ്ദേഹം പറഞ്ഞിരുന്നു.


Must Read:നോട്ട് നിരോധനത്തില്‍ മോദിയെ പിന്തുണയ്ക്കുന്നവരുടെ പട്ടികയിലേക്ക് സന്തോഷ് പണ്ഡിറ്റും : കള്ളപ്പണക്കാരുടെ പണി പാളും


ഇതിനു പിന്നാലെ എം.ടിയ്‌ക്കെതിരെ ബി.ജെ.പി രംഗത്തുവന്നിരുന്നു. കേന്ദ്രസര്‍ക്കാറിനെ പഴിപറയാന്‍ എം.ടി വാസുദേവന്‍ നായര്‍ക്കെന്താണ് അര്‍ഹതയെന്നു ചോദിച്ച് ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍ രാധാകൃഷ്ണനാണ് എം.ടിയ്‌ക്കെതിരെ ആദ്യം രംഗത്തുവന്നത്. തുടര്‍ന്ന് സോഷ്യല്‍ മീഡിയകളിലും മറ്റും എം.ടിയെ അധിക്ഷേപിച്ച് സംഘപരിവാര്‍ ആക്രമണവും ശക്തമായിരുന്നു.

അതേസമയം രാഷ്ട്രീയ സാംസ്‌കാരിക മേഖലകളില്‍ എം.ടിയെ ശക്തമായ പിന്തുണ അറിയിച്ച് പല നേതാക്കളും രംഗത്തെത്തുകയും ചെയ്തു. ധനമന്ത്രി തോമസ് ഐസക്, കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന്‍, എഴുത്തുകാരനായ സേതു, സെക്കറിയ, ഛായാഗ്രാഹകന്‍ വേണു തുടങ്ങി നിരവധിപേര്‍ എം.ടിയെ പിന്തുണച്ചു രംഗത്തുവന്നിരുന്നു.

We use cookies to give you the best possible experience. Learn more