| Saturday, 6th May 2023, 11:29 pm

അവര്‍ നിരന്ന് നിന്ന് ഫോട്ടോ എടുക്കുകയാണ്; വാപ്പയുടെ രണ്ടാം കല്യാണമല്ല, വാപ്പ മരിച്ചുകിടക്കുകയാണെന്ന് പറഞ്ഞ് ഞാനിറങ്ങിപ്പോയി: നിസാര്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളി പ്രേക്ഷകരെയാകെ നിരാശയിലാഴ്ത്തിയാണ് നടന്‍ മാമുക്കോയ വിടവാങ്ങിയത്. പതിറ്റാണ്ടുകളോളം മലയാളികളെ ചിരിപ്പിച്ച മഹാനടന്റെ വേര്‍പാടില്‍ നിരവധി താരങ്ങളും സാംസ്‌കാരിക പ്രവര്‍ത്തകരുമാണ് അനുശോചനം അറിയിച്ചുകൊണ്ടെത്തിയത്. അദ്ദേഹത്തിന്റെ വേര്‍പാട് വലിയ വേദനയാണ് മലയാള സിനിമാ താരങ്ങളില്‍ ഉണ്ടാക്കിയിരിക്കുന്നത്.

മാമൂക്കോയയുടെ മൃതദേഹം പൊതുദര്‍ശനത്തിന് വെച്ചപ്പോഴുണ്ടായ ദുരനുഭവം പങ്കുവെക്കുകയാണ് അദ്ദേഹത്തിന്റെ മകന്‍ നിസാര്‍.

ഏതാനും രാഷ്ട്രീയപ്രവര്‍ത്തകര്‍ അന്ന് വീട്ടില്‍ വന്നിരുന്നുവെന്നും നിരന്ന് നിന്ന് അവര്‍ ഫോട്ടോയെടുക്കുകയായിരുന്നുവെന്നും നിസാര്‍ പറഞ്ഞു. ഇത് വാപ്പയുടെ രണ്ടാം കല്യാണമല്ലെന്നും അദ്ദേഹം മരിച്ചുകിടക്കുകയാണെന്ന് അവരോട് പറഞ്ഞ് താന്‍ ഇറങ്ങിപോയെന്നും സേഫ്ഗാര്‍ഡ് എന്റര്‍ടെയ്ന്‍മെന്റ്‌സിന് നല്‍കിയ അഭിമുഖത്തില്‍ നിസാര്‍ പറഞ്ഞു.

‘രാഷ്ട്രീയ പാര്‍ട്ടിയില്‍ പെട്ട കുറച്ച് ആളുകള്‍ ഇവിടെ വന്നിരുന്നു. ആറ് പേരും നിരന്ന് നിന്നിട്ട് ഫോട്ടോ എടുക്ക് എന്ന് പറയുകയാണ്. വാടാ, വന്ന് നിക്ക് എന്ന് എന്നോട് പറഞ്ഞു. എന്റെ വാപ്പയുടെ രണ്ടാം കല്യാണമല്ല, വാപ്പ മരിച്ചുകിടക്കുകയാണ്, ഒരു ഉളുപ്പില്ലേ എന്ന് ചോദിച്ച് ഞാന്‍ ഇറങ്ങിപ്പോയി. അത് തെറ്റാണോ. അവരോടും പറയുകയാണ്, ദയവ് ചെയ്ത് നിങ്ങള്‍ രാഷ്ട്രീയം കളിക്കാന്‍ മരിച്ച വീടുകളില്‍ പോയി ഷോ കാണിക്കരുത്, അതുകൊണ്ടൊന്നും ഗുണം കിട്ടില്ല,’ നിസാര്‍ പറഞ്ഞു.

ഏപ്രില്‍ 26 ബുധനാഴ്ച ഉച്ചയ്ക്ക് 1.05-ന് സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു മാമുക്കോയയുടെ അന്ത്യം. ഹൃദയാഘാതത്തോടൊപ്പം തലച്ചോറിലുണ്ടായ രക്തസ്രാവത്തെത്തുടര്‍ന്നാണ് മരണം സംഭവിച്ചത്.

Content Highlight: Mamukoya’s son Nisar shares a bad experience

We use cookies to give you the best possible experience. Learn more