| Saturday, 20th April 2019, 2:11 pm

മതവും പര്‍ദ്ദയുമല്ല മുസ്‌ലിം പെണ്‍കുട്ടികള്‍ക്ക് ആത്മരക്ഷ നല്‍കിയത്

മാമുക്കോയ

ശുദ്ധ ഇസ്‌ലാമികത്വം ഇപ്പോള്‍ ബാക്കിയുള്ളത് മലബാറില്‍ മാത്രമാണ്. ഇത് ഒരു മലബാറുകാരന്‍ ആയതുകൊണ്ട് പറയുകയല്ല, യാത്രകളുടെയും അനുഭങ്ങളുടെയും വെളിച്ചത്തില്‍ പറയുകയാണ്. ആചാരങ്ങളും ഒട്ടനവധി അനാചാരങ്ങളും ഉണ്ടെങ്കിലും, മലബാറില്‍ വലിയൊരു കൂട്ടായ്മ കാണാം.

ഈ കൂട്ടായ്മ ഉണ്ടാക്കുന്നതില്‍ മലബാര്‍ ഇസ്‌ലാം വലിയ പങ്കു വഹിച്ചിട്ടുണ്ട്. ഭക്തിക്ക് തൂക്കം കൂട്ടാനുള്ള ഉപകഥകളായിട്ടാണ് ഇസ്‌ലാമില്‍ വിശ്വാസപരമായ കഥകള്‍ വരുന്നത്. നേര്‍ച്ചകള്‍, ജാറം ഇതിലൊക്കെ ഭക്തിക്ക് തൂക്കം കൂട്ടാനുള്ള കഥകള്‍ കാണാം. കറാമത്തുകള്‍ (ദിവ്യശേഷി ) ഉള്ള കഥകള്‍. കഥ എന്ന് പറയുന്നത് തന്നെ പടച്ചവന്‍ പടപ്പുകള്‍ക്കു നല്‍കിയ വലിയ കറാമത്താണ്. എന്തായാലും, കഥകളിലൂടെയാണ് അള്ളാഹു മനുഷ്യരില്‍ ബുദ്ധി നിറച്ചത്.

‘ആയിരത്തൊന്ന് രാവുകള്‍’ ഒരു പെണ്‍കുട്ടി അവളുടെ ആത്മരക്ഷക്ക് വേണ്ടി പറഞ്ഞ കഥകളാണ്. പെണ്‍കുട്ടികള്‍ക്ക് ആത്മരക്ഷ നല്‍കിയത് മതമോ ഇപ്പോള്‍ കാണുന്ന പര്‍ദ്ദയോ അല്ല. കഥകളാണ്, ബുദ്ധിയാണ്, അടവുകളാണ്. ആ അടവുകളില്‍ പെട്ട കഥകളാണ് ‘ആയിരത്തൊന്ന് രാവുകള്‍’. കടലിന്റെ അടിയില്‍ ജിന്ന് കെട്ടിയ കോട്ട, വലിയ അത്ഭുതമല്ലേ? ജിന്ന് കെട്ടിയ കോട്ടയിലേക്ക് പുരുഷന്മാരെ കൊണ്ട് പോകുന്നത് പെണ്‍ ബുദ്ധിയാണ്. ഇങ്ങനെ എത്ര എത്ര കഥകള്‍.

മനുഷ്യര്‍ തമ്മില്‍ സ്‌നേഹിക്കലാണ് ഞാന്‍ പഠിച്ച ഇസ്‌ലാം. ഒരു അനാഥക്കുട്ടിയുടെ മുന്നില്‍ വെച്ച് സ്വന്തം കുട്ടിയെ അമിതമായി ലാളിക്കരുത് എന്ന് പ്രവാചകന്‍ പഠിപ്പിച്ചിട്ടുണ്ട്. ആ യത്തീം കുട്ടി വേദനിച്ച് സ്വന്തം കുട്ടി സന്തോഷിക്കരുത് എന്നാണ് പ്രവാചകന്‍ പഠിപ്പിച്ചത്. സ്വന്തം പള്ളിയില്‍ അന്യമതസ്ഥര്‍ക്ക് പ്രാര്‍ത്ഥിക്കാന്‍ അവസരം നല്‍കിയിട്ടുണ്ട് പ്രവാചകന്‍. ഏറെ കരുണയും സഹിഷ്ണുതയുമുള്ള ഈ മതത്തിലാണ് പിന്നെ തര്‍ക്കങ്ങളും യുദ്ധങ്ങളും പലായനങ്ങളും ഒക്കെ നടക്കുന്നത്.കരുണയും സഹിഷ്ണുതയും ഒക്കെ എവിടെയൊക്കെയോ പോയി,മുറിവുകളോടെ മനുഷ്യര്‍ കുട്ടികളെയും കുടുംബത്തെയും കൂട്ടി പല രാജ്യങ്ങളിലേക്ക് പോയി.കടലില്‍ ഏറെ പേര്‍ വീണു മരിച്ചു.

ഇപ്പോള്‍, എന്റെ മുന്നിലുള്ളത് മലബാറില്‍ നിന്ന് യമനിലേക്ക് പോയ ഒരു ഒരു സ്ത്രീ കാണുന്ന കാഴ്ചയാണ്. സൂഫികളും ഹാറൂണ്‍ അല്‍ റഷീദും മലബാറിലെ സിദ്ധന്മാരും ഒരു മഹാരഹസ്യം പറയുന്നു. രഹസ്യങ്ങള്‍ മാത്രമാണ് ഇതില്‍ നിറയെ. ഒരു പിടി കിട്ടായ്ക. പിടി കിട്ടാത്ത കാര്യങ്ങള്‍ക്കു നമ്മുടെ നാട്ടില്‍ ‘അഹമ്യം’എന്നാണ് പറയുക, ഇതില്‍ നിറയെ ‘അഹമ്യ’ങ്ങളാണ്.

(താഹ മാടായി എഴുതിയ ‘ഹുമ്മാ ദഖ്’ എന്ന നോവലിന് എഴുതിയ അവതാരികയില്‍ നിന്ന് )

മാമുക്കോയ

നടന്‍

Latest Stories

We use cookies to give you the best possible experience. Learn more