| Tuesday, 30th May 2017, 12:10 pm

ബീഫ് നിരോധനം ശുദ്ധ വിവരക്കേട്; ഇത്രയും യുക്തിയില്ലാത്ത തീരുമാനം ഒരു പ്രധാനമന്ത്രി എടുക്കുമോ: മാമുക്കോയ

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: ബീഫ് നിരോധനത്തില്‍ രൂക്ഷപ്രതികരണവുമായി നടന്‍ മാമൂക്കോയ. ഇതൊക്കെ ശുദ്ധ വിവരക്കേടാണെന്ന് വ്യക്തമാണ്.

രാജ്യത്ത് കശാപ്പിനായി കന്നുകാലിയെ വില്‍ക്കരുതെന്ന് സുപ്രീംകോടതി പറഞ്ഞോ? ഇല്ലല്ലോ? അപ്പോള്‍ പിന്നെന്താണ്? മാമുക്കോയ ചോദിക്കുന്നു.

“ഇതൊക്കെ ശുദ്ധ വിവരക്കേടാണ്. മതത്തെ കുറിച്ചറിയാത്തവരാണീ ഈ നാട്ടിലെ പല മതമേലധ്യക്ഷന്മാരും രാഷ്ട്രീയത്തെ കുറിച്ചറിയാത്തവരാണ് പല രാഷ്ട്രീയ നേതാക്കളും. അവരില്‍ നിന്നു മറ്റെന്താണു നമ്മള്‍ പ്രതീക്ഷിക്കേണ്ടത്. ഈ നിയമത്തോടുള്ള പ്രതിഷേധമായി കണ്ണൂരില്‍ മാടിനെ പരസ്യമായി അറുത്ത് കറിവയ്ക്കാന്‍ നല്‍കിയില്ലേ? അതിനെയൊക്കെ വിവരക്കേട് എന്നല്ലാതെ മറ്റെന്തു പറയാനാണ്?


Dont Miss എന്റെ ജീവിതം സിനിമയായാല്‍ ഇദ്ദേഹം നായകനാകണം; ആഗ്രഹം തുറന്ന് പറഞ്ഞ് സച്ചിന്‍ 


പ്രധാനമന്ത്രി പോലും ഇതു മനസറിഞ്ഞ് ഏര്‍പ്പെടുത്തിയതാണെന്നു ഞാന്‍ വിശ്വസിക്കുന്നില്ല. അദ്ദേഹത്തെ ആരെങ്കിലും തെറ്റിദ്ധരിപ്പിച്ചതാകാം. അല്ലെങ്കില്‍ ഇത്രയും യുക്തിയില്ലാത്ത തീരുമാനങ്ങള്‍ അദ്ദേഹം എടുക്കുമോ?

നരേന്ദ്ര മോദി രാജ്യത്തിന്റെ വികസനത്തിനായി കുറേ നൂതനമായ കാര്യങ്ങളൊക്കെ അവതരിപ്പിച്ചുകൊണ്ടു കടന്നുവന്നയാളാണ്. അദ്ദേഹം ഇത്തരത്തിലുള്ള കുറേ കാര്യങ്ങളിലേക്കു വ്യതിചലിച്ചു പോകുന്നത് ശരിയല്ല. അദ്ദേഹത്തിനു ചുറ്റുമുള്ള ആരൊക്കെയോ ചേര്‍ന്നാണ് ഇത്തരം തീരുമാനങ്ങളിലേക്കെത്തിക്കുന്നതെന്നാണ് എനിക്കു തോന്നുന്നത്.

ഒന്നിനോടും അനുകൂലിക്കുകയോ പ്രതികൂലിക്കുകയോ ചെയ്യുന്നില്ല. ബീഫ് കഴിക്കണമെന്നോ കഴിക്കരുതെന്നോ ഇസ്ലാം മതഗ്രന്ഥത്തില്‍ പറഞ്ഞിട്ടൊന്നുമില്ല.

ഇനി ബീഫ് കഴിച്ചില്ലേല്‍ ചത്തു പോകുമോ എന്നു ചോദിച്ചാല്‍ അതും ഇല്ല. രാജ്യത്തെ നോട്ടുകളെല്ലാം പിന്‍വലിച്ച് 2000ന്റെ നോട്ട് ഇറക്കിയപ്പോള്‍ നമ്മള്‍ സഹിച്ചില്ലേ?

കാലങ്ങളായുള്ള മനുഷ്യന്റെ ജീവിതരീതിയുടെ ഭാഗമായാണല്ലോ ആഹാരശൈലി ഉടലെടുത്തത്. ബീഫും അത്തരത്തിലൊരു ആഹാരമാണ്. അത് പെട്ടെന്ന് വേണ്ടെന്നു പറയുമ്പോള്‍ ഒരു വിഷമമുണ്ടെന്നും മാമൂക്കോയ പറഞ്ഞു.

ഭക്തി എന്ന പേരില്‍ കാണിച്ചു കൂട്ടുന്നതും പറഞ്ഞു നടക്കുന്നതുമെല്ലാം വെറും ഭ്രാന്തു മാത്രമാണ്. ശരിയായ രീതിയില്‍ ദൈവത്തെ അറിഞ്ഞവരാരും ഭക്തി എന്ന പേരില്‍ നടക്കുന്ന കോപ്രായങ്ങളില്‍ ചെന്നു ചാടില്ല.

പണ്ടൊക്കെ എല്ലാ പാര്‍ട്ടിയിലും നല്ല ബോധമുള്ള നേതാക്കന്മാരുണ്ടായിരുന്നു. കാര്യബോധമുള്ളവര്‍. ഇന്ന് ഒരു പാര്‍ട്ടിയിലും അത്തരക്കാരില്ല. അതിന്റെയൊക്കെ ഫലമാണ് ഇത്തരം കാര്യങ്ങളൊക്കെയെന്നും മാമുക്കോയ പറഞ്ഞു.

We use cookies to give you the best possible experience. Learn more