| Friday, 13th August 2021, 12:39 pm

മാമുക്കോയ 40 വര്‍ഷം കാത്തിരുന്നുണ്ടായ മൂസ ഖാദര്‍

സനല്‍ കുമാര്‍ പത്മനാഭന്‍

രണ്ട് ഓട്ടോറിക്ഷയില്‍ ഒരുമിച്ച് യാത്ര ചെയ്ത് ഒരു ഓഫീസിന്റെ മുന്നില്‍ വന്ന് ‘ബാലകൃഷ്ണ… തൊരപ്പ ഇറങ്ങി വാടാ… നായിന്റെ മോനെ…’ എന്നും പറഞ്ഞ് സിനിമയിലേക്കും മലയാളികളുടെ ഹൃദയത്തിലേക്കും ഇറങ്ങി വന്ന ഒരു 75 കാരന്‍ ഉണ്ട് മലയാളസിനിമയുടെ ചരിത്രത്തില്‍.

അപരന്‍: എന്താ പേര്?
ഇക്ക: ജബ്ബാര്‍
അപരന്‍: നായരാ?
ഇക്ക: അല്ല നമ്പൂതിരി അവര്‍ക്കാണല്ലോ ജബ്ബാര്‍ എന്ന് പേരിടുന്നത്

വഴിപോക്കന്‍: ഈ റോഡ് ഇപ്പൊ എങ്ങോട്ടാ പോകുന്നെ?
ഇക്ക: ഞാന്‍ ഇവിടെ ഒരു പത്ത് മുപ്പത് വര്‍ഷം ആയിട്ടുണ്ട്. ഈ റോഡ് ഇവിടെ നിന്നും എങ്ങോട്ടും പോയിട്ടില്ല

ഇക്ക: ഞാന്‍ ഇപ്പൊ വരാം, (പൊലീസ് ജീപ്പില്‍ നിന്നും ഇറങ്ങാന്‍ പോകുന്ന പൊലീസ്‌കാരന്‍) ഭാര്യ കുറച്ചു മീന്‍ വാങ്ങാന്‍ പറഞ്ഞിട്ടുണ്ട്.
വേറൊരു പൊലീസ്‌കാരന്‍ : തന്റെ ഭാര്യക്കു മീന്‍ വാങ്ങാന്‍ ആണോടോ പോലീസ് ജീപ്പ്?
ഇക്ക: പിന്നെ നാല് അയല വാങ്ങാന്‍ ഇനി ഞാന്‍ ടെമ്പോ ബുക്ക് ചെയ്യാം!

ഇക്ക: തകഴിയുടെ കൊഞ്ച് വായിച്ചിട്ടുണ്ടോ?
അപരന്‍: എടൊ തകഴിയുടെ ചെമ്മീന്‍!
ഇക്ക: പിന്നെ ഞാന്‍ എന്നാ ആവോലി എന്നാണോ പറഞ്ഞത്?

ചായക്കടയിലേക്ക് കയറുന്ന ഇക്ക: ഒരു ചായ
കടക്കാരന്‍ : കഴിക്കാന്‍ വല്ലതും വേണോ ?
ഇക്ക : പിന്നെ കയ്യും കാലും കഴുകാന്‍ ആണോ ചായ ?

ദുഷ്യന്തന്‍ : തപോ വനത്തില്‍ വണ്ട് ?
ഗുരു : വണ്ടെന്നു പറഞ്ഞാല്‍ ഏജ്ജ്ജ്ജാതി വണ്ട് !
തുടങ്ങി പില്‍ക്കാലത്തു തഗ് ലൈഫ് കളുടെ പെരുമഴ തീര്‍ത്ത ഒരാള്‍
കോഴിക്കോടന്‍ ഭാഷയെ ഇത്രയും ജനകീയമാക്കിയ ഒരാള്‍

‘കള്ള ഹിമാറെ… എന്നും നായിന്റെ മോനെ…’ എന്നുമെല്ലാമുള്ള ഉള്ള ചീത്ത വിളിയിലൂടെ പോലും ആളുകളെ ചിരിപ്പിക്കുവാന്‍ കഴിഞ്ഞിരുന്ന മനുഷ്യന്‍.

കീലേരി അച്ചുവായും, ഗഫൂറ്ക്ക ആയും, ഹംസക്കോയയായും, അബൂബക്കറായും, മൈമുനയുടെ മാമ ആയും, ജമാല്‍ ആയും തുടങ്ങി സ്‌പോട്ട് കൗണ്ടറുകള്‍ വാരി വിതറിയും, തഗ് ലൈഫുകളുടെ പെരുമഴ സൃഷ്ടിച്ചു കൊണ്ടും ഉള്ള കഥാപാത്രങ്ങളില്‍ തളക്കപ്പെട്ട അതെ മനുഷ്യന്റെ ടൈപ്പ് കാസ്റ്റിങ്ങില്‍ നിന്നുഉള്ള പുറത്തു കടക്കല്‍ കൂടി ആണ് കുരുതിയിലെ മൂസ ഖാദര്‍

‘മനുഷ്യന്റെ ചരിത്രം ആരംഭിക്കുന്നത് ആദവും ഹവയിലൂടെയുമല്ല.
അത് കായേന്‍ ആബേലിനെ പകമൂത്ത് കൊന്നപ്പോഴാണ്
യഥാര്‍ത്ഥ ആദിപാപം.’

‘ചോരക്ക് ചോര
പകയ്ക്ക് പക
പ്രതികാരത്തിന് പ്രതികാരം…
പട്ടിണി കിടന്നാലും കൂര ചോര്‍ന്നാലും
തുറുങ്കില്‍ പോയാലും വേണ്ടീല
മനുഷ്യന് അവന്റെ ശത്രു തീര്‍ന്ന് കണ്ടാല്‍ മതി! അതാണ് വെറുപ്പിന്റെ ശക്തി’

‘അക്ഷരങ്ങള്‍ പറഞ്ഞു കൊടുത്തിട്ടില്ലെങ്കിലും മക്കള്‍ക്ക് വെറുക്കേണ്ടത് ആരെയാണെന്ന് പറഞ്ഞു കൊടുക്കും, ആ വെറുപ്പില്‍ കിടന്ന് തലമുറകള്‍ ഇനിയും ആളി കത്തും… മനുഷ്യന്‍ മരിച്ചാലും അവന്റെ ഉള്ളിലെ വെറുപ്പ് ജീവിക്കും’

‘രാത്രി കാട്ടില്‍ ഇല്ലാത്ത വഴിയിലൂടെ നിനക്ക് ജീപ്പ് ഓടിക്കാന്‍ ഒരാള് വേണമെങ്കില്‍ ഇയ്യ് സംസാരിക്കേണ്ടത് എന്നോടാണ് മൂസ ഖാദറിനോട്’

‘ആ വീട് എന്റെ വാപ്പ ഖാദര്‍
ഉണ്ടാക്കിയതാണ് അവിടെ കിടന്ന് ഹറാംപിറപ്പ് കാണിച്ചവന്‍മാരിലെ ഒരുത്തനെ എങ്കിലും കൊണ്ടേ മൂസ ഖാദര്‍ പോകൂ’

ഇങ്ങനെ തുടങ്ങി കണ്ണാടിയില്‍ നോക്കി മീശയും തടവി, തീപ്പൊരി ഡയലോഗുകളും ആയി കൂടെയുള്ളവരെ എല്ലാം സൈഡ് ആക്കുന്ന കുരുതിയിലെ മാമുക്കോയ എന്തൊരു മനോഹര കാഴ്ചയാണ് .

മികച്ച നടനുള്ള (കോമഡി) സംസ്ഥാന സര്‍ക്കാരിന്റെ അവാര്‍ഡ് ആദ്യമായി നേടിയ ഈ നടന് ഇതുപോലൊരു മികച്ച വേഷം ലഭിക്കാന്‍ 450 ലേറെ കഥാപാത്രങ്ങളെയും 40 വര്‍ഷങ്ങളെയും കാത്തിരിക്കേണ്ടി വന്നു എന്നതാണൊരു ദുഖകരമായ സത്യം!

മൂസ ഖാദര്‍ അദ്ദേഹത്തിന് ‘ഒരു ഗെയിം ചെയിഞ്ചര്‍’ വേഷം ആകട്ടെ. മലയാളികളെ അത്രമേല്‍ അത്രമേല്‍ രസിപ്പിച്ച ഈ കലാകാരനെ ഇനിയും ഒരുപാട് മികച്ച വേഷങ്ങള്‍ തേടി വരട്ടെ. എല്ലാ വിധ ഭാവുകങ്ങളും നേരുന്നു

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Mamukkoya and Thug life Characters – Sanal kumar padmanabhan writes

സനല്‍ കുമാര്‍ പത്മനാഭന്‍

We use cookies to give you the best possible experience. Learn more