| Saturday, 14th August 2021, 12:40 pm

മരപ്പണിക്കാരന്‍ മാമു തൊണ്ടിക്കോടില്‍ നിന്ന് മലയാളികളുടെ മാമുക്കോയയിലേക്ക്

പ്രേംചന്ദ്‌

മാമുക്കോയ ഒരു വികാരമാണ്. പ്രത്യേകിച്ചും കോഴിക്കോട്ടുകാരുടെ: എന്റെയും.

പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സുപ്രിയമേനോന്‍ നിര്‍മ്മിച്ച് മനു വാര്യര്‍ സംവിധാനം ചെയ്ത ‘കുരുതി’ ആമസോണ്‍ പ്രൈമില്‍ കണ്ട ആര്‍ക്കും തന്നെ മാമുക്കോയ എന്ന പ്രതിഭാസം മലയാള സിനിമ കണ്ട അത്യപൂര്‍വ്വസിദ്ധിയുള്ള നടനാണ് എന്ന കാര്യത്തില്‍ രണ്ടഭിപ്രായമുണ്ടാകില്ല. മൂത്രസഞ്ചിയും പേറി രോഗാതുരമായ സാഹചര്യങ്ങളോട് മല്ലടിച്ച്, ചാരുകസേരയിലെ ഇരുന്ന ഇരിപ്പില്‍, മലയാളത്തിലെ മുഖ്യധാരയില്‍ നെടുനായകത്വം വഹിക്കുന്ന നടന്മാരോട് അഭിനയിച്ച് പൊരുതി ജയിക്കുന്ന ആ കഥാപാത്രം.

ഈ വര്‍ഷത്തെ മികച്ച നടനുള്ള പല പുരസ്‌കാരങ്ങളും മാമുക്കോയയെ തേടിയെത്തിയാല്‍ അത്ഭുതപ്പെടേണ്ടതില്ല, ചലച്ചിത്ര പുരസ്‌കാര ജൂറിയുടെ നായക സങ്കല്പം പതിവ് ഉത്തമപുരുഷ സര്‍വ്വനാമ മാതൃകയില്‍ കുടുങ്ങിപ്പോകുന്നില്ലെങ്കില്‍. അപ്പോള്‍ സംഭവിക്കുക മാമുക്കോയയെ സഹനടനായി പരിഗണിക്കുന്ന പ്രോത്സാഹന സമ്മാനം എന്ന ചുരുക്കിക്കെട്ടലാകും. അത്തരം ഹൃസ്വദൃഷ്ടികളുടെ, ചുരുക്കിക്കെട്ടലുകളുടെ ഇരയാണ് മാമുക്കോയ എന്ന മഹാപ്രതിഭയുടെ ജീവിതം.

കുതിരവട്ടം പപ്പുവിന് ശേഷം കോഴിക്കോടന്‍ ഭാഷാ നടന രീതികള്‍ വെള്ളിത്തിരയിലെത്തിച്ച പ്രതിഭയാണ് മാമുക്കോയ. എന്നാല്‍ പപ്പുവിനെയും മലയാള സിനിമ ഹാസ്യനടനോ പരമാവധി ക്യാറക്ടര്‍ ആക്ടറോ മാത്രമായി ചുരുങ്ങിക്കളഞ്ഞിട്ടുണ്ട്. വലിയ വേഷങ്ങള്‍ ചെയ്തിട്ടുണ്ടെങ്കിലും നായകനായി ഉയര്‍ത്തിയിട്ടില്ല. മാമുക്കോയയെയും.

കുതിരവട്ടം പപ്പുവും മാമുക്കോയയും ‘നഗരങ്ങളില്‍ ചെന്ന് രാപ്പാര്‍ക്കാം’ എന്ന ചിത്രത്തില്‍

ഉദാഹരണത്തിന് കുരുതിയില്‍ മാമുക്കോയ ചെയ്ത കഥാപാത്രം മമ്മുട്ടിയോ മോഹന്‍ലാലോ ആ സിനിമയിലെ വില്ലനായ പൃഥ്വിരാജോ ആണ് ചെയ്തതെങ്കില്‍ അവര്‍ നായകനായ സിനിമ എന്നായിരിക്കും ആ സിനിമ ബ്രാന്റ് ചെയ്യപ്പെടുക. അത്തരമൊരു സിനിമയിലെ ഏറ്റവും ഉന്നതമായ പ്രതിഫലവും ആ കഥാപാത്രത്തിനായിരിക്കും. എന്നാല്‍ മാമുക്കോയ നായകനായ കുരുതി എന്നല്ല കുരുതിയുടെ പത്രങ്ങളില്‍ വന്ന ഫുള്‍ പേജ് പരസ്യം വിളംബരം ചെയ്യുന്നത്. അത് വില്പന മൂല്യത്തിന്റെ അധികാരവും മൂലധനത്തിന്റെ അധികാരവും പ്രതിച്ഛായുടെ അധികാരവും സംഗമിക്കുന്ന താരനായകനിലേക്ക് മാത്രമേ വന്നു ചേരൂ. കാണിയും അതാണ് ഇഷ്ടപ്പെടുന്നത്. കാണി എന്നത് ഒരു മൂലധന നിര്‍മ്മിതിയാണ്. അവരുടെ താല്പര്യങ്ങളെ മുറിച്ചു കടന്നുള്ള ഒരു സിനിമാ നിര്‍മാണ വിതരണ പരസ്യ രീതി മിക്കവാറും അസാധ്യമാണ്.

സിനിമയിലെ ഹെഗിമണി എന്നത് മൂലധനത്തിന്റെയും അത് പ്രസരിപ്പിക്കുന്ന പ്രത്യയശാസ്ത്രത്തിന്റെയും ആധിപത്യ വ്യവസ്ഥയാണ്. അതുകൊണ്ട് പൃഥ്വിരാജിന്റെയും റോഷന്റെയും ശ്രിന്ദയുടെയും കുരുതിയില്‍ നിന്നും മാമുക്കോയയെ വീണ്ടെടുക്കുക എന്നത് ഉത്തരവാദിത്വബോധമുള്ള കാണിയുടെയും നിരൂപണത്തിന്റെയും കടമയാണ്.

കുരുതി സിനിമയിലെ മൂസ ഖാദര്‍ എന്ന മാമുക്കോയ കഥാപാത്രം

അങ്ങിനെ ഓരങ്ങളിലേക്ക് തള്ളി നീക്കി എന്നും സഹ/ഹാസ്യ നടീനടന്മാരാകാന്‍ വിധിക്കപ്പെട്ട പ്രതിഭകളുടെ ഒരു വന്‍പരമ്പര തന്നെ മലയാളത്തിലുണ്ട്. ആറന്മുള പൊന്നമ്മ, സുകുമാരി, കെ.പി.എ.സി. ലളിത, കൊട്ടാരക്കര ശ്രീധരന്‍ നായര്‍, എസ്.പി. പിള്ള, ഒടുവില്‍ ഉണ്ണികൃഷ്ണന്‍, പറവൂര്‍ ഭരതന്‍, ശങ്കരാടി, ഭാസി, ബഹദൂര്‍, തിലകന്‍, കുതിരവട്ടം പപ്പു, നെല്ലിക്കോട് ഭാസ്‌കരന്‍, കോഴിക്കോട് നാരായണന്‍ നായര്‍ തുടങ്ങിയവരെ പെട്ടെന്നോര്‍മ്മ വരുന്നു.

മാമുക്കോയയും ആ മഹാ അഭിനേതാക്കളുടെ പരമ്പരയിലെ കണ്ണിയാണ്. കുരുതി അത് അരക്കിട്ടുറപ്പിക്കുന്നു. ആ സിനിമയുടെ നിര്‍മാണ സാരഥി കൂടിയായ നടന്‍ പൃഥ്വിരാജ് തന്നെ കുരുതിയിലെ മാമുക്കോയയുടെ പ്രകടനത്തെ വാഴ്ത്തിക്കൊണ്ട് പറഞ്ഞ വാക്കുകള്‍ വിശ്വാസത്തിലെടുക്കാം. ‘മാമുക്കോയ സര്‍’ എന്ന് വിളിക്കുന്നു പൃഥ്വിരാജ്. അത് അഭിനയത്തിന്റെ വേളയില്‍ ഒരു നടന്‍ മറ്റൊരു നടനില്‍ കണ്ടെത്തുന്ന അഹങ്കാരങ്ങള്‍ക്കപ്പുറത്തെ നന്മയായി മനസ്സിലാക്കാം. നല്ല കാര്യം.

കുരുതിയിലെ സഹനടനല്ല പ്രധാന നടനാണ് മാമുക്കോയ. എന്നാല്‍ സിനിമയുടെ പരിചരണം ഒരു സഹനടന്‍ എന്ന നിലക്കായത് കൊണ്ടാണ് കേന്ദ്ര കഥാപാത്രം എന്ന നിലക്കുള്ള ഫോക്കസ്സ് മാമുക്കോയക്ക് കിട്ടാതെ പോയത്. പൃഥ്വിരാജും റോഷനും ശ്രിന്ദയും ഷൈന്‍ ടോം ചാക്കോയും മുരളി ഗോപിയും ഉണ്ടായിരിക്കെ മാമുക്കോയ്ക്ക് സ്‌ക്രീന്‍ടൈം കൂടുതല്‍ കിട്ടണമെങ്കില്‍ അത്രയേറെ രചയിതാവും സംവിധായകനും ബുദ്ധിമുട്ടണം.

കാണികളുടെ പ്രതീക്ഷയെ കവര്‍ന്നു വച്ചാലേ അത് സാധ്യമാകൂ. കുരുതി എന്ന സിനിമ ഒരു പരിധി വരെ അത് നേടിയെടുക്കുന്നുണ്ട്. ടി.എ. റസാഖിന്റെ രചനയില്‍ സാധ്യമായ കമലിന്റെ പെരുമഴക്കാലത്തിന് ശേഷം മാമുക്കോയക്ക് ഇത്രയും പ്രാധാന്യമുള്ള വേഷം നല്‍കിയ കുരുതിയുടെ സൃഷ്ടാക്കളോട് മലയാളം കടപ്പെട്ടിരിക്കുന്നു. മാമുക്കോയയെ കണ്ടതിന്. 75-ാം വയസ്സില്‍ മാമുക്കോയ തീര്‍ത്ത അഭിനയ ശില്പം ചലച്ചിത്ര വിദ്യാര്‍ത്ഥികള്‍ക്ക് ഒരു പാഠമാണ്.

‘പെരുമഴക്കാല’ത്തില്‍ മാമുക്കോയയും മീര ജാസ്മിനും

എന്റെ മാമുക്കോയ

കോഴിക്കോടന്‍ സൗഹൃദങ്ങളുടെ അവിഭാജ്യ ഭാഗമായത് കൊണ്ട് എനിക്കുമുണ്ട് എന്റേതായ മാമുക്കോയ. 1986ല്‍ മാതൃഭൂമിയില്‍ റിപ്പോര്‍ട്ടറായി ചേരുന്നത് വരെയും മാമുക്കോയ എന്ന വ്യക്തി എന്റെ മനസ്സിലേക്ക് ഒരിക്കലും കയറിയിട്ടില്ല. 1979ല്‍ നിലമ്പൂര്‍ ബാലേട്ടന്‍ സംവിധാനം ചെയ്ത അന്യരുടെ ഭൂമി എന്ന സിനിമയില്‍ മാമുക്കോയ ആദ്യം അഭിനയിച്ചു എന്ന് മാമുക്കോയ തന്നെ നേരിട്ട് പറഞ്ഞു തന്നതാണ്, മാതൃഭൂമി കോഴിക്കോട് ബ്യൂറോയില്‍ വച്ച്. 1986 ല്‍. അന്നാണ് ആ മനുഷ്യനെ ഞാന്‍ ആദ്യമായി കാണുന്നത്.

സുഹൃത്തും മാതൃഭൂമിയിലെ ലെ – ഔട്ട് ആര്‍ട്ടിസ്റ്റുമായ പി.പി. പ്രഭാകരനാണ് ഒരു ദിവസം മാമുക്കോയയെ ഓഫീസിലേക്ക് കൂട്ടിക്കൊണ്ടു വരുന്നത്. സിബി മലയിലിന്റെ മോഹന്‍ലാല്‍ ശ്രീനിവാസന്‍ സിനിമയായ ദൂരെ ദൂരെ ഒരു കൂടുകൂട്ടാം എന്ന സിനിമ പുറത്തിറങ്ങിയിട്ട് മാസങ്ങളായിട്ടുണ്ട്. ആ സിനിമ ഞാന്‍ കണ്ടിട്ടുമില്ല. അന്ന് ചിത്രഭൂമിയുടെ ചുമതല എ. ജനാര്‍ദ്ദനനാണ്. ജനാര്‍ദ്ദനന്‍ റിപ്പോര്‍ട്ടിങ്ങിലേക്ക് വിളിച്ചു പറയുകയാണ് ചെയ്തത്. പി.പി.പ്രഭാകരനും ദൂരെ ദൂരെ ഒരു കൂടു കൂട്ടാം എന്ന സിനിമയില്‍ അറബി മുന്‍ഷിയുടെ വേഷം ചെയ്ത ഒരു മാമു തൊണ്ടിക്കോട് എന്ന കോഴിക്കോടന്‍ നടന്‍ ഇപ്പോള്‍ അവിടെ എത്തും, ഒന്ന് സംസാരിച്ച് ഒരു ഐറ്റം ചിത്രഭൂമിയിലേക്ക് എഴുതിത്തരണം എന്ന്. സിബിയുടെ ആ സിനിമ കാണാത്താത്തത് കൊണ്ടും നടനെ തീരെ അറിയാത്തത് കൊണ്ടും ഞാനാദ്യം മടിച്ചു. എന്നാല്‍ മറിച്ചൊരു തീരുമാനമെടുക്കാനൊന്നും സമയമില്ലായിരുന്നു.

‘ദൂരെ ദൂരെ ഒരു കൂടുകൂട്ടാം’ എന്ന ചിത്രത്തില്‍ മാമുക്കോയയും നെടുമുടി വേണുവും

ഏതാനും മിനിട്ടുകള്‍ക്കകം പി.പി.യും മാമു തൊണ്ടിക്കോടും മുന്നിലെത്തി. കാണുമ്പോള്‍ തന്നെ ഇഷ്ടം തോന്നുന്ന രൂപം. നേരിട്ട് മനസ്സിലേക്ക് കയറുന്ന പെരുമാറ്റം. അന്ന് 40 വയസ്സേ ഉള്ളൂ എങ്കിലും മെലിഞ്ഞ് ചടച്ച് അതിലും പ്രായം തോന്നിക്കും. സംസാരിച്ചു തുടങ്ങിയപ്പോള്‍ അതിലും രസം. 1979 ലെ അന്യരുടെ ഭൂമിക്കും 1986 ലെ ദൂരെ ദൂരെ ഒരു കൂട്ടാമിനും ഇടയില്‍ എത്രയോ സിനിമകളില്‍ ചെറുതായി മുഖം കാണിച്ചിട്ടുണ്ടെങ്കിലും ഒന്നും ഓര്‍മ്മയില്‍ നില്‍ക്കുന്നതല്ല അതൊക്കെ വിട്ടേക്ക് എന്ന് മാമുക്കോയ പറഞ്ഞു.

വൈക്കം മുഹമ്മദ് ബഷീറും കെ.ടി.മുഹമ്മദും വാസു പ്രദീപും ഒക്കെ ബേപ്പൂരിന്റെയും കോഴിക്കോടിന്റെയും നാടകകഥകളായി പുറത്തുവന്നു. ഏറ്റവും ആകര്‍ഷകമായി അന്നെനിക്ക് തോന്നിയത് മരത്തിന്റെ ഗുണനിലവാരം അറിയാനുള്ള മാമുക്കോയയുടെ വിദഗ്ദ കഴിവാണ്. മരത്തെ കുത്തി നോക്കി അതിന്റെ ഗുണ നിലവാരവും വിലയും നിജപ്പെടുത്തുന്നതില്‍ ഒരു വിദഗ്ദനായിരുന്നു മാമുക്കോയ. ജീവിക്കാനുള്ള വഴിയില്‍ നാടകത്തേക്കാളും സിനിമയേക്കാളും അന്ന് തുണച്ചിരുന്നത് മരമായിരുന്നു.

ഒടുവില്‍ മുഖാമുഖം അവസാനിച്ച് പിരിയും നേരം എന്ത് പേരിട്ട് എഴുതി (മാമു, മാമുക്കോയ, മാമു തൊണ്ടിക്കോട്) കൊടുക്കണം എന്ന് ചോദിച്ചപ്പോള്‍ ‘അതൊക്കെ നിങ്ങള്‍ക്ക് ഇഷ്ടമുള്ളത് കൊടുക്ക്’ എന്നായിരുന്നു മറുപടി. മുതിര്‍ന്നവര് മാമു എന്ന് വിളിക്കും, കുറേപ്പേര്‍ മാമുക്കോയ എന്ന് വിളിക്കും, നാടകത്തില്‍ മാമു തൊണ്ടിക്കോട് എന്ന് ഇടും ചിലര്‍… അങ്ങിനെ പോയി പല പേരുകളിലെ ആ ജീവിതം.

എന്ത് പേരില്‍ അറിയപ്പെടണം എന്നൊന്നും ചിന്തിച്ച് ചെയ്യുന്നതല്ല ഒന്നും എന്ന്. അങ്ങിനെ എഴുതി വന്നപ്പോള്‍ ‘മാമുക്കോയ’ എന്നാക്കി. ചിത്രഭൂമിയില്‍ അങ്ങിനെ അറബി മുന്‍ഷിയുടെ കഥാപാത്രത്തെ മുന്‍നിര്‍ത്തി മാതൃഭൂമിയില്‍ ആദ്യമായി മാമുക്കോയയുടെ പേര് അച്ചടിച്ചു വന്നതില്‍ ഞാനൊരു നിമിത്തമായി എന്നു മാത്രം. അഭിമുഖം മുഴുവനൊന്നും വന്നില്ല. വെട്ടിച്ചുരുക്കി ഒരു ചെറിയ പ്രൊഫൈല്‍, ഒരു ചിത്രത്തോടൊപ്പം.

‘വടക്കുനോക്കി യന്ത്രം’ എന്ന ചിത്രത്തിലെ മാമുക്കോയയുടെ കഥാപാത്രം

പില്‍ക്കാലത്ത് ഒരു ദശകത്തോളം കാലം ഞാന്‍ ചുമതല വഹിച്ച ചിത്രഭൂമിയില്‍ ഞാന്‍ എഴുതിയ ആദ്യത്തെ ഐറ്റമായിരുന്നു അത്. അതിനുള്ള സ്‌നേഹം മാമുക്കോയ പിന്നീട് എപ്പോഴും വാരിക്കോരി തന്നു. എപ്പോള്‍ കാണുമ്പോഴും. ‘ആ ചെക്കനാണ് എന്നെ മാമുക്കോയയാക്കിയത്’ എന്ന് പിന്നീട് പി.പി. പ്രഭാകരന്റെ അടുത്ത് മാമുക്കോയ പറഞ്ഞു വിട്ടു. അതില്‍ പിന്നെ മാമുക്കോയ പിടിച്ചാല്‍ കിട്ടാത്ത വേഗത്തില്‍ മലയാള സിനിമയില്‍ തനത് ഹാസ്യത്തിന്റെ പ്രതീകമായി കുതിച്ചു പറഞ്ഞു. വലിയ നടനായി അറിയപ്പെട്ടു. ദേശത്തിന്റെ ചരിത്രം മാമുക്കോയയിലൂടെ എഴുതപ്പെട്ടു. 1986 ല്‍ ആദ്യ അഭിമുഖം കുന്നിക്കുരുവോളം ചെറുതാക്കിയിടത്ത് നിന്നു തന്നെ ആ ജീവചരിത്ര ശകലങ്ങള്‍ മാതൃഭൂമി ആഴ്ചപ്പതിപ്പിലൂടെ പുറത്ത് വന്നു. മാമുക്കോയ സാഹിത്യ നായകന്‍ കൂടിയായി.

1991 ല്‍ എന്റെ വിവാഹം കഴിഞ്ഞപ്പോഴാണ് ദീദിയുടെ അച്ഛന്‍ ദാമോദരന്‍ മാഷിന്റെ ബേപ്പൂര്‍ ആത്മമിത്രങ്ങളില്‍ മാമുക്കോയ അവിഭാജ്യ ഭാഗമാണ് എന്നറിയുന്നത്. വീട്ടില്‍ എന്ത് വിശേഷമുണ്ടെങ്കിലും മാമുക്കോയ മാസ്റ്റര്‍ക്ക് ഒപ്പമുണ്ടാകും. കോഴിക്കോട്ടുണ്ടാകുമ്പോള്‍ മാഷിന്റെ മീന്‍ വാങ്ങല്‍ യാത്രങ്ങളില്‍ പുനലൂര്‍ രാജേട്ടന്‍, മാമിയില്‍ ബാബുവേട്ടന്‍, മാമുക്കോയ എന്നീ സംഘം ഒന്നിച്ചാണ് നീങ്ങുക.

ബേപ്പൂരില്‍ പുതിയ മീന്‍ കപ്പലടുപ്പിക്കുമ്പോള്‍ തന്നെ വന്നോളാന്‍ മാഷിന്റെ ശിഷ്യന്മാരും മാമുക്കോയുടെ സുഹൃത്തുക്കളും വിളിച്ചറിയിക്കും. മാര്‍ക്കറ്റിലെത്തും മുമ്പുള്ള മീന്‍ ചൂടോടെ അങ്ങിനെ വീട്ടിലെത്തും. ആ യാത്രകളില്‍ ഒപ്പം കൂട്ടിയതാണ് മീന്‍ എങ്ങിനെ നോക്കി വാങ്ങണം എന്നതിലുള്ള എന്റെ സ്‌കൂളിങ്ങ്. പാപ്പാത്തി ജനിച്ച ശേഷമുള്ള പല പിറന്നാള്‍ ആഘോഷങ്ങളിലും കുടുംബസുഹൃത്തായി മാമുക്കോയ ഉണ്ടായിരുന്നു .

ഇത്രയും അടുത്ത കൂട്ടുകാരനായിട്ടും മാഷിന്റെ സിനിമകളില്‍ കുറേ പൊടി വേഷങ്ങളില്‍ മാത്രമേ മാമുക്കോയയെ കണ്ടിട്ടുള്ളൂ. അതെന്തേ എന്ന ചോദ്യത്തിന് അതൊക്കെ ഒരോരോ നിമിത്തമായി വരുന്നതാണ് എന്ന മറുപടിയായിരുന്നു മാസ്റ്ററുടെത്. രണ്ടു പേരുടേതും ഒട്ടും സിനിമാ സൗഹൃദമേ അല്ലായിരുന്നു. മാഷിന്റെ 1984 ലെ മണിരത്‌നം സിനിമയായ ഉണരൂ വില്‍ ആള്‍ക്കൂട്ടത്തില്‍ മാമുക്കോയയെ കണ്ടിട്ടുണ്ട്. അതുപോലെ കൊച്ചു കൊച്ചു വേഷങ്ങള്‍.

കെ.പി. ഉമ്മര്‍ പുരസ്‌കാരം മാമുക്കോയക്ക് നല്‍കിയ വേദിയില്‍ ടി. ദാമോദരന്‍ സംസാരിക്കുന്നു. മാമുക്കോയ, ഹരിഹരന്‍, പി.വി. ഗംഗാധരന്‍, ദീദി ദാമോദരന്‍, അഡ്വ. എം. രാജന്‍, ഡോ. മൊയ്തു, നടന്‍മാരായ സുധീഷ്, കോഴിക്കോട് നാരായണന്‍, എന്‍.ബി. കൃഷ്ണക്കുറുപ്പ് എന്നിവരെ വേദിയില്‍ കാണാം.

1987 ല്‍ ഐ.വി. ശശി സംവിധാനം ചെയ്ത ഇത്രയും കാലത്തില്‍ കുറച്ചു കൂടി വലിയ വേഷത്തില്‍ വന്നു. ഒടുവില്‍ 1999 ല്‍ പ്രിയദര്‍ശന്റെ മേഘത്തിലാണ് മമ്മുട്ടിക്കൊപ്പം മാമുക്കോയ ഒരു വലിയ വേഷം മാഷിന്റെ കഥാപാത്രമായി ചെയ്തത്. കുതിരവട്ടം പപ്പുവായിരുന്നു മാഷിന്റെ അക്കാലത്തെ മിക്കവാറും എല്ലാ സിനിമകളിലെയും നിതാന്ത സാന്നിധ്യം. പപ്പു നിറഞ്ഞു നിന്നപ്പോള്‍ അതേ ജനുസ്സില്‍ പെട്ട മാമുക്കോയ അക്കാലത്ത് സ്വാഭാവികമായും പൊടി വേഷങ്ങളിലേക്ക് ഒതുങ്ങിപ്പോയതാവാം. ഏതായാലും സിനിമയും സൗഹൃദവും അവര്‍ കൂട്ടിക്കുഴച്ചിരുന്നില്ല.

2012 മാര്‍ച്ച് 28ന് മാഷ് വിട പറഞ്ഞതിന് ശേഷമുള്ള ഓരോ അനുസ്മരണ യോഗത്തിലും മുടങ്ങാതെ മാമുക്കോയ വന്നെത്തി. മാഷിന്റെ അഭാവം തന്റെ ജീവിതത്തില്‍ ഉണ്ടാക്കിയ അഭാവം പങ്കുവച്ചു. പിന്നീട് എപ്പോള്‍ കണ്ടുമുട്ടുമ്പോഴും ഒരു മൗനം ആ വേര്‍പാടിന്റെ ഓര്‍മ്മയില്‍ തങ്ങി നിന്നു.

അവസാനം മകള്‍ മുക്തയുടെ വിവാഹമുറപ്പിച്ചപ്പോള്‍ അച്ഛന്റെ ഏതൊക്കെ സുഹൃത്തുക്കളില്‍ നിന്നും അനുഗ്രഹം തേടണം എന്നാലോചിച്ചപ്പോള്‍ മാമുക്കോയയുടെ മുഖമാണ് ആദ്യം ഓര്‍മ്മയില്‍ ഓടിയെത്തിയത്. അങ്ങിനെ മുക്തയെയും കൂട്ടി മാമുക്കോയയുടെ മാത്തോട്ടത്തുള്ള വീട്ടിലേക്ക് പുറപ്പെട്ടു. മഹാമാരിയാണ്. എല്ലാവരും മാസ്‌ക്കിലാണ്. മാത്തോട്ടത്തെത്തും മുമ്പ് തന്നെ തേടിയ വള്ളി കാലില്‍ ചുറ്റി എന്ന് പറഞ്ഞത് പോലെ മാമുക്കോയ നടന്നു പോകുന്നു.

മാര്‍ക്കറ്റിലേക്കുള്ള വഴിയിലാണ്. ചാടിയിറങ്ങി വിവരം പറഞ്ഞു: ‘മോളുടെ കല്യാണമാണ്, കോവിഡ് പ്രമാണിച്ച് ആരെയും വിളിക്കുന്നില്ല. റജിസ്റ്ററാഫീസില്‍ നിന്ന് ഒപ്പിടലാണ്. ഒരനുഗ്രഹം തേടി വന്നതാണ്.’ മാമുക്കോയ മൊഴിഞ്ഞു: ‘കോവിഡ് കാലമാണ്. അനുഗ്രഹത്തിനൊക്കെ ഇപ്പോള്‍ വലിയ വിലയാണ്. അങനെയൊന്നും വെറുതെ കൊടുക്കാന്‍ പറ്റില്ല. പോട്ടെ, നമ്മുടെ മാഷെ പേരക്കുട്ടിയല്ലേ, അനുഗ്രഹം നല്‍കിയേക്കാം’

മാമുക്കോയ കോഴിക്കോട് മാത്തോട്ടത്തെ വീട്ടില്‍

മാമുക്കോയയെ നായകനാക്കി പിറക്കാതെ പോയ ദീദിയുടെ ഒരു സിനിമയുടെ വേദനയും ഓര്‍മ്മയിലുണ്ട്. സംവിധായകന്‍ വി.എം. വിനു ഒരിക്കല്‍ ദീദിയെ വിളിച്ച് മാമുക്കോയക്ക് ചെയ്യാന്‍ പറ്റുന്ന വിധത്തില്‍ ഫിലിം ഫെസ്റ്റിവലുകള്‍ക്കൊക്കെ കൊണ്ടുപോകാവുന്ന വിധത്തിലുള്ള ഒരു പക്കാ ആര്‍ട്ട് ഹൗസ് സിനിമ എഴുതിത്തരുമോ എന്ന് ചോദിച്ചു. ഒരു ഒത്തുതീര്‍പ്പുമില്ലാത്ത സിനിമ, തിയറ്റര്‍ മാര്‍ക്കറ്റ് നോക്കേണ്ട എന്ന്. പല വിഷയങ്ങളും ആലോചിച്ചെങ്കിലും ഒടുവില്‍ എത്തിച്ചേര്‍ന്നത് ഒരു ലോക ക്ലാസ്സിക്ക് നോവലിന്റെ അഡാപ്‌റ്റേഷനായി ഒരു സിനിമ ചെയ്യാം എന്നാണ്. മാമുക്കോയയെ വിളിച്ചു വിവരം പറഞ്ഞു.
‘സന്തോഷം. ഈ ഫെസ്റ്റിവല്‍ സിനിമ എന്നൊക്കെ പറഞ്ഞാല്‍ നമ്മക്ക് എടുത്ത പണിക്ക് പൈസ കിട്ടൂലാന്ന് അര്‍ത്ഥം, ല്ലേ! അയ്‌ക്കോട്ടെ, അങ്ങിനെയാണെങ്കില്‍ അങ്ങിനെ’.

മാമുക്കോയ എന്തിനും റെഡി. മാഷിന്റെ മോളെ സിനിമയില്‍ താന്‍ അഭിനയിക്കുന്നുണ്ടെന്ന് പലരോടും മാമുക്കോയ പറഞ്ഞു. മാമുക്കോയ പറഞ്ഞതറിഞ്ഞ് പലരും വിവരം വിളിച്ചു ചോദിച്ചു. എഴുത്തും പുരോഗമിച്ചു. അപ്പോഴാണ് രോഗബാധിതനായ എഴുത്തുകാരായ പ്രിയ സുഹൃത്ത് ടി.എ. റസാഖ് തന്റെ അവസാന പ്രതീക്ഷ പോലെ ഒരു മാമുക്കോയ സിനിമ ചെയ്യുന്നതിനെക്കുറിച്ച് വിളിച്ചു പറയുന്നത്. മാമുക്കോയയും അത് ശരി വച്ചു. എങ്കില്‍ ആദ്യം റസാഖിന്റെ സിനിമ നടക്കട്ടെ അതിന് ശേഷം ആലോചിക്കാം വിനുവിന്റെ സിനിമ എന്നു വച്ചു. റസാഖിന്റെ വേര്‍പാടിന് അധിക സമയം വേണ്ടി വന്നില്ല. രണ്ടു സിനിമാ സ്വപ്നങ്ങളും അതോടെ ഇല്ലാതായി.

പ്രേംചന്ദ് (ലേഖകന്‍)

കുരുതി അവസാനമാകാതിരിക്കട്ടെ

മാമുക്കോയ ഒരു ഖനിയാണ്. അതില്‍ ചെറിയൊരംശമേ നമുക്ക് പുറത്തെടുക്കാനായുള്ളൂ എന്നത് സിനിമയിലെ താരാധികാരത്തിന്റെ പരിമിതിയാണ്. പെരുമഴക്കാലത്ത് നിന്നും കുരുതിയിലേക്ക് കാല്‍ നൂറ്റാണ്ടിലേറെക്കാലത്തെ ദൂരമുണ്ട്. സത്യന്‍ അന്തിക്കാടിന്റെ നാടോടിക്കാറ്റിലെ ഗഫൂര്‍ക്കാ ദോസ്തില്‍ തളച്ചിടപ്പെട്ട പതിറ്റാണ്ടുകള്‍ ആ നടന് ഒരു നഷ്ടക്കച്ചവടമായിരുന്നു എന്ന് വേണം കരുതാന്‍.

മാമുക്കോയ നായകനായ കുരുതി പോലുള്ള സിനിമകള്‍ ഇനിയുമുണ്ടാകട്ടെ എന്ന് നമുക്ക് പ്രത്യാശിക്കാം. പ്രാര്‍ത്ഥിക്കാം. ഇനിയും വലിയ വേഷങ്ങള്‍ ആ നടനെ തേടി എത്തട്ടെ. സിനിമക്ക് കിട്ടിയ നിധിയാണ് മാമുക്കോയ എന്ന് സിനിമ മറക്കാതിരിക്കട്ടെ.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Mamukkoya and Malayalam Film Industry – Premchand writes

പ്രേംചന്ദ്‌

പത്രപ്രവര്‍ത്തകന്‍, എഴുത്തുകാരന്‍, സിനിമാ നിരൂപകന്‍

We use cookies to give you the best possible experience. Learn more