രാജ്യം വിട്ടുപോയ്‌ക്കോ എന്ന് പറയാന്‍ 'അവന്റേത് 'മാത്രമാണോ ഇന്ത്യ: സംഘികള്‍ വിവരക്കേട് പറയരുതെന്നും മാമുക്കോയ
Daily News
രാജ്യം വിട്ടുപോയ്‌ക്കോ എന്ന് പറയാന്‍ 'അവന്റേത് 'മാത്രമാണോ ഇന്ത്യ: സംഘികള്‍ വിവരക്കേട് പറയരുതെന്നും മാമുക്കോയ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 13th January 2017, 11:34 am

mamukkoya

കോഴിക്കോട്: സംവിധായകന്‍ കമലിനെതിരായ സംഘപരിവാര്‍ ഭീഷണിക്കെതിരെ പ്രതിഷേധവുമായി നടന്‍ മാമുക്കോയ. രാജ്യം വിട്ടുപോയ്‌ക്കോ എന്ന് പറയാന്‍ ആര്‍ക്കും അവകാശമില്ലെന്നും അങ്ങനെ പറയാന്‍ അവരുടേത് മാത്രമല്ലല്ലോ ഇന്ത്യയെന്നും മാമുക്കോയ ചോദിക്കുന്നു.

കമലിനെതിരായ പ്രതിഷേധം അനാവശ്യമാണ്. ഇപ്പോള്‍ എന്തെങ്കിലും വിഷയത്തില്‍ പ്രതികരിക്കാന്‍ പോയാല്‍ നമ്മളെ തിന്നാന്‍ വരുന്ന അവസ്ഥയാണ്. രാഷ്ട്രീയമായി എനിക്ക് ഇത്രയും കാലം ഒരു മോശം അനുഭവവും ഉണ്ടായിട്ടില്ല. എല്ലാവര്‍ക്കും വ്യക്തിപരമായി രാഷ്ട്രീയമുണ്ടാകും. എന്നാല്‍ ഇന്ന് രാഷ്ട്രീയ മര്യാദയൊക്കെ നഷ്ടമായെന്നും മാമുക്കോയ പറയുന്നു

കമല്‍ എന്തു തീവ്രവാദ പ്രവര്‍ത്തനമാണ് നടത്തിയതെന്ന് അവര്‍ കമലിനെ പറഞ്ഞു മനസിലാക്കിക്കൊടുക്കട്ടെ. അപ്പോഴല്ലേ അദ്ദേഹത്തിനതു തിരുത്താന്‍ കഴിയൂ എന്നും മാമുക്കോയ ചോദിക്കുന്നു.


എം.ടിയുടെ ദേശസ്‌നേഹത്തെ ചോദ്യം ചെയ്യാനൊന്നും ഈ നാട്ടില്‍ ആരും വളര്‍ന്നിട്ടില്ല. വാസുവേട്ടന്‍ മലയാളിയുടെ സ്വകാര്യ അഹങ്കാരമാണ്. അദ്ദേഹത്തെ ഒറ്റപ്പെടാന്‍ അനുവദിക്കരുത്., മാധ്യമങ്ങള്‍ ഇത്തരം കാര്യങ്ങള്‍ അവഗണിക്കുകയാണ് വേണ്ടത്.

ജാതിയും മതവുമൊക്കെ മറന്ന് രാജ്യത്തെ ജനങ്ങള്‍ അധ്വാനിച്ച് നേടിയതാണ് ഈ രാജ്യത്തെ സ്വാതന്ത്ര്യം. അത് വിഘടിപ്പിക്കാന്‍ ശ്രമിക്കരുത്. ഇത് നല്ല സൂചനയല്ല. വേദനയുണ്ടാക്കുന്നതാണ് ഇത്തരം കാര്യങ്ങള്‍. എല്ലാവരും ദൈവത്തിന്റെ സൃഷ്ടികളും ഇന്ത്യയിലെ സന്തതികളുമാണെന്നും മാമുക്കോയ പറുന്നു.

ഇന്ന് ആളുകള്‍ക്ക് അഭിപ്രായം പറയാന്‍ ഭയമുണ്ടെന്നു പറയുന്നത് പറയുന്നവന്റെ കുറ്റമല്ല, അത് വ്യാഖാനിച്ചെടുക്കുന്നവരുടെ വിവരക്കേടാണ്. പണ്ട് രാഷ്ട്രീയമായി ആശയത്തോട് എതിര്‍പ്പുണ്ടെങ്കിലും പരസ്പരം ആളുകള്‍ക്ക് ബഹുമാനിക്കാനൊക്കെ അറിയാമായിരുന്നു. എന്നാല്‍ ഇന്ന് അതൊന്നുമില്ലെന്നും മാമുക്കോയ പറയുന്നു.