സോഷ്യല്‍ മീഡിയയുടെ സ്വാധീനം കാരണം രാജാവിനെ പോലെയായി എന്നാണ് ഇപ്പോള്‍ ആളുകള്‍ വിചാരിക്കുന്നതെന്ന് മംമ്ത മോഹന്‍ദാസ്. ഹേറ്റ് കമന്റുകള്‍ ഇടുന്ന ആളുകള്‍ തന്നെ എന്തിനാണ് ഫോളോ ചെയ്യുന്നതെന്നും എന്നാല്‍ നല്ല കമന്റ്‌സ് ഇടുന്നവര്‍ ഫോളോ ചെയ്യാറില്ലെന്നും മംമ്ത പറഞ്ഞു. നല്ല കമന്റ് ചെയ്യുന്നവര്‍ നല്ല നിലയില്‍ ജോലി ചെയ്യുന്നവരായിരിക്കുമെന്നും എന്നാല്‍ മോശം കമന്റിടുന്നവര്‍ ഒരു ജോലിയുമില്ലാതെ ഇരിക്കുന്നവരായിരിക്കുമെന്നും ഫില്‍മി ബീറ്റ്‌സ് മലയാളത്തിന് നല്‍കിയ അഭിമുഖത്തില്‍ മംമ്ത പറഞ്ഞു.
‘ദിസ് ഈസ് ഹൗ ഐ വേക്ക് അപ്പ് ഇന്‍ ബെഡ് എന്ന് രാവിലെ എഴുന്നേറ്റ് റീല്‍ ഇടുന്നത് പോലെയല്ല എന്റെ ജീവിതം. ക്യാമറയുടെ മുമ്പില്‍ ചെന്ന് നില്‍ക്കുന്നതിന് മുമ്പ് ചെയ്ത് തീര്‍ക്കേണ്ട ഒരുപാട് കാര്യങ്ങളുണ്ട്. ഒരാള്‍ പുറത്ത് കാണിക്കുന്ന ജീവിതവും അവരുടെ വ്യക്തിപരമായ ജിവിതവും തമ്മില്‍ നല്ല വ്യത്യാസമുണ്ടാവാം. ഇതൊന്നും മനസിലാക്കാതെ പ്രതികരിക്കുന്ന ഒരു സമൂഹമാണ് ഇവിടെ ഉള്ളത്.
സോഷ്യല്‍ മീഡിയയുടെ പവര്‍ കാരണം എല്ലാവരും വിചാരിക്കുന്നത് അവര്‍ രാജാവാണെന്നാണ്. ഇവര്‍ക്ക് വേറെ ജോലിയൊന്നും കാണില്ല. സോഷ്യല്‍ മീഡിയയിലെ പകുതിയലധികം പേരും ഹേറ്റേഴ്‌സാണ്. പിന്നെ എന്തിനാണ് ഫോളോ ചെയ്യുന്നത്. എനിക്ക് ഹേറ്റ് കമന്റ് ഇടുന്ന കുറേ ആളുകള്‍ എന്നെ ഫോളോ ചെയ്യുന്നുണ്ട്. എന്തിനാണ് ഇവര്‍ ഫോളോ ചെയ്യുന്നത്. കുറേ നല്ല കമന്റ്‌സ് എഴുതുന്ന ആളുകള്‍ ഫോളോയും ചെയ്യുന്നില്ല. അത് ഞാന്‍ ചെക്ക് ചെയ്തിട്ടുണ്ട്.
ചിലര്‍ വളരെ നല്ല ഭാഷയില്‍ എഴുതിയിട്ടുണ്ടാവും. മോശമായ അഞ്ച് കമന്റുകള്‍ വായിക്കുന്നതിനിടയില്‍ ഒരു നല്ല കമന്റ് വായിക്കുമ്പോള്‍ സ്വാഭിവകമായും അവരുടെ ബാക്ക്ഗ്രാണ്ട് എന്താണെന്ന് ചെക്ക് ചെയ്യും. അവര്‍ വെല്ല എം.ഡിയോ നല്ല ജോലിയുള്ളവരോ ആയിരിക്കും. അവര്‍ പൊതുബോധത്തില്‍ നീങ്ങുന്നവരല്ല, അവര്‍ക്ക് അവരുടേതായ അഭിപ്രായങ്ങള്‍ ഉണ്ടാവും. കുറച്ച് അറിവുള്ള ആളുകള്‍ ഫോളോ ചെയ്തിരുന്നെങ്കില്‍ എന്ന് അപ്പോള്‍ വിചാരിക്കും,’ മംമ്ത പറഞ്ഞു.
ലൈവാണ് റിലീസിനൊരുങ്ങുന്ന മംമ്തയുടെ ചിത്രം. വി.കെ. പ്രകാശ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഷൈന്‍ ടോം ചാക്കോ, സൗബിന്‍ ഷാഹിര്‍, പ്രിയ വാര്യര്‍ എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
Content Highlight: mamtha mohandas talks about the hate comments in social media