ഡോ. വന്ദന ദാസിന്റെ കൊലപാതകത്തിലും താനൂര്‍ ബോട്ടപകടത്തിലും വിമര്‍ശനവുമായി നടി മംമ്ത മോഹന്‍ദാസ്. നിയമസംവിധാനങ്ങളുടെ പോരായ്മയും ജനങ്ങളുടെ നിരുത്തരവാദപരമായ പെരുമാറ്റവുമാണ് ഇത്തരം സംഭവങ്ങള്‍ക്ക് കാരണമെന്ന് മംമ്ത പറഞ്ഞു. വന്ദനയുടെ സംഭവത്തില്‍ ഡോക്ടറുടെ പോരായ്മയാണെന്നാണ് പൊലീസുകാര്‍ പറഞ്ഞതെന്നും ചികിത്സിക്കാനുള്ള പരിശീലനമാണ് അവര്‍ക്ക് ലഭിച്ചതെന്നും മംമ്ത പറഞ്ഞു. ഫില്‍മി ബീറ്റ്‌സ് മലയാളത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു താരത്തിന്റെ പ്രതികരണങ്ങള്‍.
‘ഇത് സിസ്റ്റത്തിന്റെ പ്രശ്‌നമാണ്. നിയമസംവിധാനങ്ങളുടെ പോരായ്മയും ആളുകള്‍ നിരുത്തരവാദപരമായി പ്രവര്‍ത്തിക്കുന്നതും സാമാന്യ ബോധമില്ലായ്മയുമെല്ലാം ഇത്തരം സംഭവങ്ങള്‍ക്ക് കാരണമാകുന്നുണ്ട്. 20 ആളുകളെ താങ്ങാനുള്ള ശേഷി മാത്രമേ ബോട്ടിനുള്ളൂ എന്നറിയാമെങ്കിലും 40 പേര്‍ കയറും.
ആ ബോട്ടില്‍ ഒരു ഭര്‍ത്താവും ഭാര്യയും നാല് കുട്ടികളും കാണും. അത്രക്കും അരക്ഷിതമായ ഒരു സാഹചര്യത്തിലേക്ക് ആ മനുഷ്യന്‍ എന്തിനാണ് സ്വന്തം ഭാര്യയേയും കുട്ടിളേയും കയറ്റി വിടുന്നത്. ഉത്തരവാദിത്തത്തെ പറ്റിയുള്ള അടിസ്ഥാന ബോധം പോലുമില്ലാത്ത ഒരാള്‍ കല്യാണം കഴിക്കേണ്ട ആവശ്യമുണ്ടോ.
വന്ദനയുടെ കേസില്‍ പൊലീസുകാര്‍ എന്താണ് പറഞ്ഞത്, ഡോക്ടറിന്റെ പോരായ്മയാണെന്ന്. പൊലീസുകാര്‍ എന്തോ കയ്യൊഴിയാന്‍ നോക്കിയിരുന്നു. ചികിത്സിക്കാനുള്ള പരിശീലനമാണ് ഡോക്ടര്‍മാര്‍ക്ക് കിട്ടിയിട്ടുള്ളത്.
ഞങ്ങളെങ്ങനെ റിയാക്ട് ചെയ്യാതിരിക്കും. എന്റെ മാതാപിതാക്കള്‍ക്ക് മുമ്പ് ഞാന്‍ മരിച്ചുപോയാല്‍ എന്തുസംഭവിക്കും. അത്തരം സാഹചര്യത്തിലൂടെ ഞാന്‍ കടന്നുപോയിട്ടുണ്ട്. ഞാന്‍ അവരുടെ ഏക മകളാണ്. ഞാനില്ലാതെ അവര്‍ എങ്ങനെ ജീവിക്കും. സ്വന്തം വീട്ടില്‍ ഇത്തരമൊരു സംഭവം ഉണ്ടാകുന്നത് വരെ ആര്‍ക്കും ഒരു ചുക്കുമില്ല. അതാണ് പ്രശ്‌നം,’ മംമ്ത പറഞ്ഞു.
വന്ദന ദാസിന്റെ കൊലപാതകത്തിന് പിന്നാലെ സോഷ്യല്‍ മീഡിയ വഴിയും മംമ്ത പ്രതികരിച്ചിരുന്നു. അധികാരികളുടെ കെടുകാര്യസ്ഥതയ്ക്ക് ഉദാഹരങ്ങളാണ് ഒരാഴ്ചയ്ക്കുള്ളില്‍ നടന്ന വന്ദന ദാസിന്റെ കൊലപാതകവും താനൂര്‍ ബോട്ടപകടവുമെന്നും നമ്മുടെ ഭരണ സംവിധാനങ്ങളും നടത്തിപ്പുകാരും എവിടെയാണെന്നുമാണ് മംമ്ത ചോദിച്ചത്.
അതേസമയം അഭിമുഖത്തിലെ മംമ്തയുടെ പരാമര്‍ശങ്ങള്‍ക്കെതിരെ വിമര്‍ശനവും ഉയരുന്നുണ്ട്. ഒരു വിഷയത്തില്‍ പ്രതികരിക്കുമ്പോള്‍ കാര്യങ്ങളുടെ യഥാര്‍ത്ഥ വശങ്ങള്‍ കൂടി മനസിലാക്കണമെന്നാണ് അഭിമുഖത്തിന്റെ കമന്റ് ബോക്‌സില്‍ ആളുകള്‍ പ്രതികരിക്കുന്നത്. എക്‌സ്പീരിയന്‍സിന്റെ കാര്യം പൊലീസുകാരല്ല മന്ത്രി വീണ ജോര്‍ജാണ് പറഞ്ഞതെന്നും അതും പ്രൊഫഷനിലെ എക്‌സ്പീരിയന്‍സാണെന്നും ഗുസ്തിയിലെയല്ലെന്നും കമന്റില്‍ ആളുകള്‍ തിരുത്തുന്നുണ്ട്.
Content Highlight: mamtha mohandas response against nandana das and thanoor boat accident issues