| Sunday, 21st May 2023, 9:16 am

ലിംഗവിവേചനത്തിനെതിരെ എത്ര പോരാടിയാലും പെട്ടെന്ന് മാറ്റം വരില്ല, ആരേയും അടിച്ചമര്‍ത്തി തുല്യത നേടാനാവില്ല: മംമ്ത മോഹന്‍ദാസ്‌

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മാധ്യമപ്രവര്‍ത്തകര്‍ക്കും സാമൂഹ്യമാധ്യമങ്ങള്‍ക്കും വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതില്‍ ഉത്തരവാദിത്തമുണ്ടെന്ന് നടി മംമ്ത മോഹന്‍ദാസ്. മുന്‍കാലങ്ങളേക്കാള്‍ കൂടുതല്‍ വാര്‍ത്താചാനലുകള്‍ ഇപ്പോളുണ്ടെന്നും വളരെ വേഗത്തിലാണ് ഓരോ വാര്‍ത്തയും പ്രചരിക്കുന്നതെന്നും പോപ്പര്‍ സ്റ്റോപ്പ് മലയാളത്തിന് നല്‍കിയ അഭിമുഖത്തില്‍ നടി പറഞ്ഞു.

‘മാധ്യമപ്രവര്‍ത്തകര്‍ക്കും സാമൂഹ്യമാധ്യമങ്ങള്‍ക്കും വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതില്‍ ഉത്തരവാദിത്തമുണ്ട് . സാമൂഹ്യമാധ്യമങ്ങളിലൂടെയും മുന്‍നിരമാധ്യമങ്ങളിലൂടെയും വ്യാജവാര്‍ത്തകള്‍ ധാരാളം പ്രചരിക്കുന്നുണ്ട്. അവര്‍ക്ക് എന്ത് വാര്‍ത്ത കൊടുത്താലാണോ കൂടുതല്‍ റീച്ച് കിട്ടുന്നത് അവരത് കൊടുക്കുന്നു. മുന്‍കാലങ്ങളേക്കാള്‍ വാര്‍ത്താചാനലുകള്‍ ഇപ്പോളുണ്ട്. ഓരോ ആഴ്ചയിലും പുതിയ സോഷ്യല്‍മീഡിയ പ്ലാറ്റ്ഫോമുകള്‍ ഉണ്ടാവുന്നു.

കൂടുതല്‍ ലൈക്കുകളും ഷെയറുകളുമൊക്കെ അവര്‍ നമ്മളോട് ആവശ്യപ്പെടുന്നു. സോഷ്യല്‍മീഡിയയില്‍ വരുന്ന വാര്‍ത്തകള്‍ കണ്ട് അതിന്റെ സത്യാവസ്ഥയെപ്പറ്റിയൊന്നും ചിന്തിക്കാതെ ആളുകള്‍ അത് ഉടനെ തന്നെ ഷെയര്‍ ചെയ്യുന്നു. ഒരു മെസേജൊക്കെ ഫോര്‍വേഡ് ചെയ്യാന്‍ ഒരു നിമിഷമേ വേണ്ടൂ.

ഒരുദ്ദാഹരണത്തിന്, ഇപ്പോള്‍ എനിക്കൊരു ഫോര്‍വേഡ് മെസേജ് ലഭിച്ചാല്‍ കുറച്ച് സമയം കഴിയുമ്പോള്‍ തന്നെ വാട്സപ്പിലൊക്കെ ‘ഫോര്‍വേഡെഡ് മെനി ടൈംസ് എന്ന് കാണാന്‍ സാധിക്കും’. അത്രയും വേഗത്തിലാണ് ഓരോ വാര്‍ത്തയും പ്രചരിക്കുന്നത്.

വാര്‍ത്തകള്‍ ഷെയര്‍ ചെയ്യുമ്പോള്‍ നമ്മള്‍ ആരും തന്നെ ആലോചിക്കുന്നില്ല ആരെങ്കിലും ഈ വാര്‍ത്തകള്‍ കാരണം ഇരയാക്കപ്പെടുന്നുണ്ടോ എന്നും സമൂഹത്തിനെ തെറ്റായ രീതിയില്‍ ബാധിക്കുന്നുണ്ടോ എന്നും. അത് വളരെ തെറ്റായ ഒരു പ്രവണതയാണ്’, മംമ്ത പറഞ്ഞു.

സ്ത്രീകള്‍ അവരെപ്പറ്റിതന്നെ സംസാരിക്കുന്ന രീതിയില്‍ ഒരുപാട് നല്ല മാറ്റങ്ങള്‍ വന്നിട്ടുണ്ടെന്നും മംമ്ത പറഞ്ഞു. സിനിമയില്‍ സ്ത്രീകള്‍ അവതരിപ്പിക്കപ്പെടുന്ന രീതിയിലും ഒരുപാട് മാറ്റങ്ങള്‍ വന്നിട്ടുണ്ടെന്നും നടി പറഞ്ഞു.

‘സ്ത്രീകള്‍ അവരെപ്പറ്റിതന്നെ സംസാരിക്കുന്ന രീതിയില്‍ ഒരുപാട് നല്ല മാറ്റങ്ങള്‍ വന്നിട്ടുണ്ട്. സിനിമയില്‍ സ്ത്രീകള്‍ അവതരിപ്പിക്കപ്പെടുന്ന രീതിയിലും ഒരുപാട് മാറ്റങ്ങള്‍ വന്നിട്ടുണ്ട്. സ്ത്രീകഥാപാത്രങ്ങള്‍ക്ക് പ്രാധാന്യം നല്‍കുന്ന സിനിമകള്‍ ഒരുപാട് വരുന്നുണ്ട്.

നമ്മള്‍ ജീവിക്കുന്നത് ലിംഗവിവേചനമുള്ളൊരു സമൂഹത്തിലാണ്. നമ്മള്‍ ഇതിനെതിരെ എത്രകണ്ട് പോരാടിയാലും ഇതൊന്നും പെട്ടെന്ന് അവസാനിക്കുന്നതല്ല. അതിന് കുറേ സമയമെടുക്കും.

പക്ഷേ നമ്മള്‍ പ്രതികരിച്ചുകൊണ്ടിരിക്കണം. തുല്യത എന്നത് നമുക്കാരെയും അടിച്ചമര്‍ത്തിയിട്ടൊന്നും നേടിയെടുക്കാനാകില്ല. ഇപ്പോഴത്തെ സ്ത്രീകള്‍ വളരെ ധൈര്യമുള്ളവരാണ്. എന്തും നേരിടാന്‍ കരുത്തുളളവരാണ്. അത് വളരെ നല്ലൊരു മാറ്റമായാണ് തോന്നുന്നത്’, മംമ്ത പറഞ്ഞു.


Content Highlights: Mamtha Mohandas about Gender Discrimination

We use cookies to give you the best possible experience. Learn more