| Monday, 30th November 2020, 2:45 pm

മലയാള സിനിമയുടെ ചരിത്രമറിയാതെയാണ് മംമ്ത കൊഞ്ഞനം കുത്തുന്നത്

Manoj Vellanad

സത്യം പറഞ്ഞാലവരോടൊരു ബഹുമാനമുണ്ടായിരുന്നു. ക്യാന്‍സറിനെയും ജീവിതത്തിലെ പല പ്രതിസന്ധി ഘട്ടങ്ങളെയും അതിജീവിക്കുകയും പബ്ലിക്കില്‍ എപ്പോഴും ചിരിച്ചുകൊണ്ട് പ്രത്യക്ഷപ്പെടുകയും ചെയ്യുന്നൊരാളെന്ന നിലയില്‍. പക്ഷെ ഇന്നലെ കണ്ട റേഡിയോ ഇന്റര്‍വ്യൂ അതൊക്കെ തകര്‍ത്തു. എത്രത്തോളം വികലമായ കാഴ്ചപ്പാടുകളാണ് ഈ 2020-ല്‍ അവര്‍ വിളിച്ചു പറഞ്ഞു ചിരിക്കുന്നത്.

വിമന്‍ എംപവര്‍മെന്റെന്ന് കേള്‍ക്കുമ്പോള്‍ ഇപ്പോള്‍ ജനിച്ചു വീഴുന്ന ആണ്‍കുട്ടികള്‍ വരെ ഭയക്കുന്നുണ്ടത്രേ! ആ സ്റ്റേറ്റ്‌മെന്റിന്റെ അര്‍ത്ഥം തന്നെ മനസിലാവുന്നില്ല.

2020-ല്‍ മംമ്ത മോഹന്‍ദാസ് എന്ന നടി ഇപ്പോള്‍ നില്‍ക്കുന്ന പ്ലാറ്റ്‌ഫോമിന്റെ അടിയില്‍ തപ്പിയാല്‍ കിട്ടും പി.കെ. റോസി മുതലിങ്ങോട്ടു മലയാള സിനിമ എംപവര്‍ ചെയ്ത് പാലൂട്ടി വളര്‍ത്തിയ നടിമാരുടെ എല്ലിന്‍ കഷ്ണങ്ങള്‍. അതിന്റെയൊക്കെ മുകളിലിരുന്നാണ്, പ്രിവിലേജിനേക്കാള്‍ നിലപാടുകള്‍ കൊണ്ട് ശബ്ദിക്കുന്ന ഒരുപറ്റം സിനിമാക്കാര്‍ മെല്ലെയെങ്കിലും ചില മാറ്റങ്ങള്‍ സിനിമാ മേഖലയില്‍ (അതിന്റെ പ്രതിധ്വനി എല്ലായിടത്തും എത്തും) കൊണ്ടുവരാന്‍ ശ്രമിക്കുന്നതിനിടയില്‍ അവരെയൊക്കെ നോക്കി കൊഞ്ഞനം കുത്തുന്ന ഈ പ്രഭാഷണം!

വനിതാ ശാക്തീകരണത്തിന്റെ ചരിത്രമോ അതിനുവേണ്ടി ജീവനും ജീവിതവും ഹോമിച്ചവരെ പറ്റിയോ അവരുടെയൊക്കെ തോളിലിരുന്നാണ് താനിന്നൊരു താരമായതെന്നോ മംമ്ത പഠിക്കണ്ടാ, പക്ഷെ കുറഞ്ഞത് മലയാള സിനിമയുടെ ചരിത്രമെങ്കിലും ഒന്ന് അറിഞ്ഞു വയ്ക്കണം.

തനിക്ക് കിട്ടിയ സംസ്ഥാന അവാര്‍ഡ് പി.കെ. റോസിക്ക് സമര്‍പ്പിച്ച കനി കുസൃതിയെ പോലുള്ളവര്‍ വര്‍ക്ക് ചെയ്യുന്ന മലയാള സിനിമയുടെ ഭാഗമാണ് താനുമെന്ന് മംമ്തയും അതേ അഭിപ്രായമുള്ളവരും വല്ലപ്പോഴും ഓര്‍ക്കണം.

പിന്നെയും അവര്‍ തന്നെ പറയുന്നുണ്ട്, ‘എന്നെ അച്ഛന്‍ ഒരു ആണ്‍കുട്ടിയെ പോലെയാണ് വളര്‍ത്തിയത്’ എന്ന്. അതിലവര്‍ അഭിമാനം കൊള്ളുന്നതായും തോന്നി. ആ പറഞ്ഞത് ശരിയായിരിക്കാം. പക്ഷെ, എന്തുകൊണ്ടാണ് അച്ഛനവരെ അങ്ങനെ വളര്‍ത്തിയതെന്ന് ചിന്തിക്കാന്‍ കഴിയാത്തതാണ് പ്രശ്‌നം. ആണാവുന്നതിന്റെ പ്രിവിലേജ് എന്താണെന്ന് അപ്പോള്‍ പോലും അവര്‍ക്ക് മനസിലാവുന്നില്ല. ഒരു പെണ്‍കുട്ടിയെ ആണ്‍കുട്ടിയെ പോലെ വളര്‍ത്തിയെന്ന് പറയുന്നതിലൊരു അശ്ലീലവും അവര്‍ക്ക് തോന്നുന്നില്ല. ‘എല്‍സമ്മ എന്ന ആണ്‍കുട്ടി’ എന്ന് സിനിമയ്‌ക്കൊക്കെ പേരിടുന്നത് പോലൊരു അശ്ലീലമാണതും.

സ്വന്തം ജന്‍ഡറിന്റെ സ്വത്വത്തില്‍ അഭിമാനിക്കാനും അത് മറ്റൊരു ജന്‍ഡറിനും താഴെയോ മേലെയൊ അല്ലെന്നും മനസിലാക്കിയാണ് അച്ഛനമ്മമാര്‍ മക്കളെ വളര്‍ത്തേണ്ടത്. അങ്ങനെ വരുമ്പോള്‍ പെണ്ണായി വളരുന്നതില്‍ പെണ്ണിന് കുറച്ചിലുണ്ടാവില്ല. ആണായി വളരുന്നതില്‍ വലിയ കാര്യമൊന്നുമില്ലാന്ന് ആണിനും തോന്നും. വുമണ്‍ എംപവര്‍മെന്റെന്ന് കേള്‍ക്കുമ്പോ മുട്ടു വിറയ്ക്കുകയുമില്ല.

15 വര്‍ഷം മുമ്പ് നായിക നടിയായി മലയാള സിനിമ ഇന്‍ഡസ്ട്രിയില്‍ വന്ന മംമ്തയ്ക്ക് അതിനുശേഷം വന്ന ടോവിനോ തോമസിനേക്കാള്‍, ഒരേ സിനിമയില്‍ നായികാ നായകന്മാരായി വരുമ്പോള്‍ പോലും റെമ്യൂണറേഷന്‍ കുറച്ചാണ് കിട്ടുന്നതെന്നതില്‍ ജെന്‍ഡര്‍ ഇഷ്യൂവോ വിവേചനമോ ഒന്നും തോന്നാത്തത്, ഒരു ആണ്‍കുട്ടിയായി വളര്‍ന്ന അവര്‍ക്ക് തോന്നാത്തതെന്തായിരിക്കും?

അപ്പൊ ആണ്‍കുട്ടിയായി വളര്‍ന്നാലൊന്നും പെണ്ണുങ്ങള്‍ക്ക് തുല്യവേതനമോ പദവിയോ ആവശ്യപ്പെടാന്‍ പറ്റാത്ത സിസ്റ്റമാണ് നിലവിലുള്ളതെന്നും അവര്‍ക്കറിയാമായിരിക്കുമല്ലോ. അതില്‍ അവര്‍ക്ക് യാതൊരു പരാതിയുമില്ല. പക്ഷെ, വുമണ്‍ എംപവര്‍മെന്റിനോട് പുച്ഛമാണ് താനും. എന്തിനാണ് പെണ്ണുങ്ങളിങ്ങനെ സമത്വത്തിന് വേണ്ടി നിലവിളിക്കുന്നതെന്ന് അവര്‍ക്ക് എത്ര ആലോചിച്ചിട്ടും മനസിലാവുന്നില്ല.

മംമ്തയെ പോലെ ജന്മം കൊണ്ടും ജീവിതസാഹചര്യങ്ങള്‍ കൊണ്ടും നിരവധി പ്രിവിലേജുകളുള്ള ഒരാള്‍ക്ക്, സമൂഹത്തിലോ സിനിമയിലോ ഏറ്റവും അടിത്തട്ടില്‍ സ്ത്രീകള്‍ അനുഭവിക്കുന്ന അടിച്ചമര്‍ത്തലുകളെ പറ്റി ‘അറിവി’ല്ലാത്തത് സ്വാഭാവികമെന്ന് കണ്ട് അംഗീകരിക്കാവുന്നതാണ്. എന്തിനാണീ WCC എന്നൊക്കെ പണ്ടുമവര്‍ ചോദിച്ചിട്ടുണ്ട്. പക്ഷെ, ‘എനിക്കിതുവരെയും ഒരു പ്രശ്‌നവും ഉണ്ടായിട്ടില്ല. അതുകൊണ്ടിവിടെ അങ്ങനെ പ്രശ്‌നമൊന്നുമില്ലാ’ എന്നൊക്കെ പറയുന്നതിനെ എങ്ങനെയാണ് കേട്ടിരിക്കുന്നത്. അതിനെ പ്രിവിലേജ് എന്നൊക്കെ പറഞ്ഞ് നിസാരവത്കരിച്ചാ പോരാ, ശുദ്ധ വിവരക്കേട് എന്നു തന്നെ പറയണം.

മംമ്തയെ തിരുത്താനൊന്നുമല്ലാ, പക്ഷെ അതുപോലെ ചിന്തിക്കുന്ന പലരെയും നമ്മളീയിടെ കണ്ടത് കൊണ്ട് എഴുതിയതാണ്. ഫെമിനിസമല്ലാ, ഇക്വാലിറ്റിയാണ് വേണ്ടതെന്ന് പറഞ്ഞ നടിയെയും ആനീസ് കിച്ചണില്‍ ചൂടോടെ ചുട്ടെടുക്കുന്ന ആയിരം വര്‍ഷം മുമ്പത്തെ അഴുകിയ സ്ത്രീസമത്വവാദങ്ങളും ഒക്കെ ഇതിന്റെ കൂടെ ചേര്‍ത്ത് വായിക്കാം.

കലാകാരന്മാരെല്ലാം നിലപാടുകള്‍ ഉയര്‍ത്തിപ്പിടിക്കുന്നവരാകണം എന്നൊന്നും നമുക്ക് വാശിപിടിക്കാന്‍ പറ്റില്ല. അവര്‍ക്ക് ശരിയായ നിലപാടുകളുണ്ടായാല്‍ മനുഷ്യരാശിക്കു മൊത്തം അതുകൊണ്ട് ഗുണമുണ്ടാവുമെന്ന് മാത്രം. കാരണം അവര്‍ക്കത്രയും വലിയൊരു ജനസഞ്ചയത്തെ പലരീതിയില്‍ സ്വാധീനിക്കാന്‍ പറ്റും. നിലപാടില്ലാത്തതിന്റെ പേരില്‍ വിമര്‍ശിക്കേണ്ട കാര്യവുമില്ല. പക്ഷെ, ഏതൊരു മനുഷ്യനും ഉണ്ടാവേണ്ട മാനവികതയും സഹാനുഭൂതിയും ഒന്നുമില്ലാതെ, പഴകിത്തുരുമ്പിച്ച ആണ്‍കോയ്മവാദവുമായി പൊതുവേദിയില്‍ വരുമ്പോള്‍ തീര്‍ച്ചയായും വിമര്‍ശിക്കപ്പെടണം.

Manoj Vellanad

ഡോക്ടര്‍, തിരുവനന്തപുരം മെഡിക്കല്‍ കോളേജ്

We use cookies to give you the best possible experience. Learn more