| Saturday, 21st July 2018, 2:22 pm

നിങ്ങള്‍ എന്നെ കുറിച്ച് പുലര്‍ത്തുന്ന ധാരണ തെറ്റാണ്; ഞാന്‍ പറഞ്ഞത് സ്വന്തം അനുഭവത്തില്‍ നിന്ന്; വിശദീകരണവുമായി മംമ്ത മോഹന്‍ദാസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി:സ്ത്രീകള്‍ കുഴപ്പങ്ങളില്‍ ചെന്ന് ചാടുന്നതിന്റെ ഉത്തരവാദി അവര്‍ തന്നെയെന്ന നടി മംമ്ത മോഹന്‍ദാസിന്റെ പരാമര്‍ശം വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. ടൈംസ് ഓഫ് ഇന്ത്യയില്‍ നല്‍കിയ അഭിമുഖത്തിലായിരുന്നു മംമ്തയുടെ പരാമര്‍ശം.

മംമ്തയ്‌ക്കെതിരെ റിമ കല്ലിങ്കല്‍ ഉള്‍പ്പെടെയുള്ളവര്‍ രംഗത്തെത്തുകയും ചെയ്തിരുന്നു. സ്ത്രീകള്‍ ആക്രമിക്കപ്പെടുന്നതിന്റെ ഉത്തരവാദികള്‍ ഒരിക്കലും അവരെല്ലെന്നും മറിച്ച് അത് ചെയ്തവരും അവരെ പിന്തുണയ്ക്കുന്ന സമൂഹവും അവര്‍ക്ക് സംരക്ഷണമൊരുക്കുന്ന ലോകവുമാണെന്നുമായിരുന്നു റിമയുടെ പ്രസ്താവന.

ഈ സാഹചര്യത്തില്‍ വിഷയത്തില്‍ വിശദീകരണവുമായി രംഗത്തെത്തിയിരിക്കുകയാണ് മംമ്ത. അത്തരമൊരു പ്രസ്താവന തന്റെ വ്യക്തിജീവിതത്തിലെ അനുഭവത്തില്‍ നിന്നും എടുത്തുപറഞ്ഞതാണെന്നും അതിനെ മറ്റൊരു സാഹചര്യവുമായി കൂട്ടികുഴയ്ക്കേണ്ടതില്ലെന്നും മംമ്ത പറയുന്നു.

മംമ്ത മോഹന്‍ദാസിന്റെ കുറിപ്പിന്റെ പൂര്‍ണരൂപം

ടൈംസ് ഓഫ് ഇന്ത്യയില്‍ പ്രസിദ്ധീകരിച്ച അഭിമുഖവുമായി ബന്ധപ്പെട്ടാണ് ഈ കുറിപ്പ്. അഭിമുഖവുമായി ബന്ധപ്പെട്ട് ചിലര്‍ ചില ചോദ്യങ്ങളും പ്രതികരണങ്ങളും ഉന്നയിച്ചതായി കണ്ടു. അതില്‍ ചിലര്‍ എന്റെ സുഹൃത്തുക്കളുമാണ്. അവരോട് എനിക്ക് പറയാനുള്ളത് ഒരു സംവാദത്തിന് തുടക്കമിടാന്‍ വേണ്ടിയായിരുന്നില്ല അത്. കാരണം ആക്രമിക്കപ്പെട്ട നടിയും കുറ്റാരോപിതനായ വ്യക്തിയും എന്റെ സഹപ്രവര്‍ത്തകര്‍ എന്നതിനേക്കാളുപരി എന്റെ അടുത്ത സുഹൃത്തുക്കളാണ്.

സാമാന്യ ബോധമുള്ള ഒരു സ്ത്രീയോ പുരുഷനോ ഒരിക്കലും മറ്റൊരു സ്ത്രീയോ കുഞ്ഞോ ബലാത്സംഗം ചെയ്യപ്പെടുന്നതിനെ പ്രോത്സാഹിപ്പിക്കുകയോ പിന്തുണയ്ക്കുകയോ ഇല്ല.

അതുകൊണ്ട് തന്നെ നിങ്ങള്‍ എന്നെക്കുറിച്ച് പുലര്‍ത്തുന്ന ധാരണ തെറ്റാണ്. മാത്രമല്ല സ്ത്രീയെന്ന നിലയില്‍ വൈകാരികമായ ഒരുപാട് ആക്രമണങ്ങളിലൂടെ കടന്നുപോയ വ്യക്തികൂടിയാണ് ഞാന്‍. പക്ഷേ അതിന്റെ ഇരയാകാന്‍ ഞാന്‍ തയാറല്ല.

ചുരുക്കത്തില്‍, ഇന്നത്തെ ഈ സമൂഹത്തില്‍ നിലനില്‍ക്കുന്ന അസഹിഷ്ണുതയില്‍ പൊട്ടിത്തെറിച്ചുപോകുന്ന അവസ്ഥയിലാണ് ഞാന്‍. മാത്രമല്ല വളരെ ശക്തമായ അഭിപ്രായങ്ങളും പ്രതികരണങ്ങളും എനിക്ക് ഉണ്ട് താനും.

ഈ സാഹചര്യങ്ങളിലേയ്ക്ക് എന്നെ വലിച്ചിഴച്ചാല്‍ മാത്രമെ ഞാന്‍ പ്രതികരിക്കൂ. അതിനര്‍ത്ഥം എനിക്ക് മനുഷ്യത്വമോ സഹാനുഭൂതിയോ ഇല്ലെന്നല്ല.

അങ്ങനെ ചിന്തിക്കുന്നവര്‍ക്ക് ഞാന്‍ അഭിപ്രായം പറഞ്ഞ സാഹചര്യം മനസ്സിലാക്കാതെ എന്നെ വിവാദങ്ങളിലേക്ക് വലിച്ചിടാം. അതെന്നെ പൂര്‍ണമായി മനസ്സിലാക്കാത്തതുകൊണ്ടാണ്. ഇത്രയും വര്‍ഷങ്ങളായിട്ടും അതിന് മാറ്റമില്ല. എന്റെ ചില വനിതാ സുഹൃത്തുക്കള്‍ ഉള്‍പ്പെടെ ആരും അത് മനസ്സിലാക്കിയിട്ടില്ല.


മോദി വിശ്വാസം നേടി, രാഹുല്‍ ആത്മവിശ്വാസവും; ദേശീയ മാധ്യമ തലക്കെട്ടുകളിലൂടെ..


അതുകൊണ്ട് തന്നെ നിങ്ങള്‍ക്ക് മുന്നില്‍ ഞാന്‍ ചില കാര്യങ്ങള്‍ വ്യക്തമാക്കുന്നു, സമൂഹത്തില്‍ ഇത്തരം കുറ്റകൃത്യങ്ങള്‍ നടത്തുന്നവരോട് എനിക്ക് ക്ഷമിക്കാന്‍ സാധിക്കുകയില്ല. എന്റെ കണ്ണില്‍ അവര്‍ക്ക് മാപ്പില്ല ജീവിതത്തില്‍ രണ്ടാമതൊരു അവസരവുമില്ല. അത് സാധാരണക്കാരനോ രാഷ്ട്രീയക്കാരോ നടന്‍മാരോ ആരും ആകട്ടെ.

ഞാനും വ്യക്തിപരമായി ഒരുപാട് ആക്രമണങ്ങള്‍ക്ക് ഇരയായിട്ടുണ്ട്. ഇത്തരത്തില്‍ അല്ലെങ്കില്‍ പോലും. അതുകൊണ്ട് തന്നെ ധീരയായ എന്റെ സുഹൃത്തിനെക്കുറിച്ച് എനിക്ക് അഭിമാനമുണ്ട്. അവരുടെ ധീരമായ നീക്കം അപരാധിയെ വെറുതെ വിടാതിരിക്കട്ടെ ( കുറ്റാരോപിതന്‍ തെറ്റുകാരന്‍ ആണെങ്കില്‍). സത്യമെന്തെന്ന് കാലം തെളിയിക്കും.

തെറ്റുകാരോട് പൊറുക്കുന്ന ഒരു നിയമവ്യവസ്ഥയുടെ ഭാഗമാണ് നാം എന്നോര്‍ക്കുമ്പോള്‍ ദുഃഖമുണ്ട്. ശക്തമായ നിയമവ്യവസ്ഥയുള്ള ഒരു രാജ്യം നിര്‍മിച്ചെടുക്കാനുള്ള ആവശ്യത്തിനാണ് ഫെയ്സ്ബുക്കിലൂടെ പ്രചരണം നല്‍കേണ്ടത്

പെണ്‍കുട്ടികളെയോ സ്ത്രീകളെയോ അപമാനിക്കണം എന്ന ചിന്ത ഉടലെടുക്കുമ്പോള്‍ തന്നെ അവനെ ഭയപ്പെടുത്തുന്ന നിയമസംവിധാനം ഇവിടെ ഉണ്ടാകണം .ഗള്‍ഫില്‍ ജീവിച്ച ഞാന്‍ എന്താണ് ഉദ്ദേശിക്കുന്നത് എന്ന് നിങ്ങള്‍ക്ക് അറിയാം. നമ്മുടെ രാജ്യവും അതുപോലെ ആകേണ്ടേ?

സ്ത്രീപക്ഷത്ത് നിന്ന് സ്ത്രീകളുടെ നന്‍മയ്ക്കും പുരോഗമനത്തിനും വേണ്ടി ഒരുപാട് കാര്യങ്ങള്‍ ചെയ്യാന്‍ ഡബ്ല്യു.സി.സിയ്ക്ക് സാധിക്കുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു.


മോദിയുടെ പ്രസംഗം ദുര്‍ബലമെന്ന് രാഹുല്‍; പഴയ കസര്‍ത്ത് തന്നെയെന്ന് സോണിയയും


ഞാന്‍ ഡബ്ല്യു.സി.സിയുടെ ഭാഗമല്ല. അതിനു കാരണം ഈ പ്രശ്നങ്ങള്‍ ഉണ്ടാകുന്ന സമയത്തും സംഘടന രൂപം കൊള്ളുന്ന സമയത്തും ഞാന്‍ ഇവിടെ ഇല്ലായിരുന്നു എന്നതാണ്. അതുകൊണ്ടു തന്നെ വ്യക്തിപരമായി ഞാന്‍ ഭാഗമല്ലാത്ത കാര്യങ്ങളില്‍ ആധികാരികമായി സംസാരിക്കാന്‍ എനിക്ക് സാധിക്കില്ല.

ഒരു സ്ത്രീ ആക്രമിക്കപ്പെട്ടാല്‍ അതില്‍ അവളും ഭാഗികമായി അതിന് ഉത്തരവാദിയാണ് എന്ന എന്റെ പ്രസ്താവന വന്നത് എന്റെ വ്യക്തി ജീവിതത്തില്‍ നിന്നാണ്. അത് എന്നില്‍ ഒതുങ്ങി നിന്ന് പറഞ്ഞതാണ്. നിങ്ങളുടെ സ്‌നേഹവും പിന്തുണയ്ക്കും നന്ദി”- മംമ്ത ഫേസ്ബുക്കില്‍ കുറിച്ചു.

We use cookies to give you the best possible experience. Learn more