എന്റെ സിനിമ കാണാന്‍ രണ്ട് വരി നിറയെ അമേരിക്കക്കാരായിരുന്നു, തിയേറ്ററില്‍ ഒരു മലയാളി പോലും ഇല്ലായിരുന്നു: മംമ്ത മോഹന്‍ദാസ്
Entertainment news
എന്റെ സിനിമ കാണാന്‍ രണ്ട് വരി നിറയെ അമേരിക്കക്കാരായിരുന്നു, തിയേറ്ററില്‍ ഒരു മലയാളി പോലും ഇല്ലായിരുന്നു: മംമ്ത മോഹന്‍ദാസ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 21st February 2023, 8:21 pm

മംമ്ത മോഹന്‍ദാസ്, ടൊവിനോ തോമസ്, സിജു വില്‍സണ്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി അഖില്‍ പോള്‍, അനസ് ഖാന്‍ എന്നിവര്‍ ചേര്‍ന്ന് സംവിധാനം ചെയ്ത ചിത്രമായിരുന്നു ഫോറന്‍സിക്. 2020ല്‍ പുറത്തിറങ്ങിയ ചിത്രത്തിന് സമ്മിശ്ര പ്രതികരണമായിരുന്നു തിയേറ്ററില്‍ നിന്നും ലഭിച്ചത്.

ഫൊറന്‍സിക് അമേരിക്കയില്‍ പ്രദര്‍ശിപ്പിച്ചപ്പോഴുണ്ടായ അനുഭവത്തെ കുറിച്ച് പറയുകയാണ് മംമ്ത. വണ്ടര്‍വാള്‍ മീഡിയക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു മംമ്ത ഇക്കാര്യങ്ങള്‍ പറഞ്ഞത്.

‘ഇനി എനിക്ക് പാന്‍ ഇന്ത്യന്‍ സ്‌പേസിലേക്ക് ഇറങ്ങണമെന്നാണ് ആഗ്രഹം. കാരണം ഭാഷയിലേക്ക് വരുമ്പോള്‍ ഞാന്‍ ആ കാര്യത്തില്‍ സ്‌ട്രോങ് ആണെന്ന കാര്യം എനിക്കറിയാം. റീജ്യണല്‍ സിനിമ അതിര്‍ത്തികളില്ലാതെ മുന്നേറുകയാണ്. നോക്കൂ, നമ്മുടെ കണ്ടന്റ് എല്ലാവരിലേക്കുമെത്തുന്നുണ്ട്. ഞാനത് തിരിച്ചറിയുന്നത് ഫോറന്‍സിക് ഇവിടെ (അമേരിക്കയില്‍) റിലീസ് ചെയ്തപ്പോഴാണ്.

 

ലോസ് ആഞ്ജലസില്‍ ഫെബ്രുവരി 28നാണ് ഫോറന്‍സിക് റിലീസ് ചെയ്തത്. സിമി വാലി എന്ന സ്ഥലത്തെ എ.എം.സി സ്‌ക്രീനിലായിരുന്നു ചിത്രം പ്രദര്‍ശിപ്പിച്ചത്. രണ്ട് വരി നിറയെ വൈറ്റ് പീപ്പിളായിരുന്നു. ഒരു മലയാളം റീജ്യണല്‍ ചിത്രം കാണാനായി അമേരിക്കക്കാര്‍ എത്തിയിരിക്കുകയാണ്.

എന്ത് കണ്ടിട്ടാണ്, ട്രെയ്‌ലര്‍ കണ്ടിട്ടാണത്രെ! അവര്‍ ഈ ട്രെയ്‌ലര്‍ എങ്ങനെ കണ്ടു? ഞാന്‍ പറയുന്നതെന്താണെന്ന് നിങ്ങള്‍ക്ക് മനസിലായോ? ആ ജനക്കൂട്ടത്തില്‍ ഒരൊറ്റ മലയാളിയുമില്ലായിരുന്നു.

ഇത് എപ്പോഴാണ്, പാന്‍ഡമിക്കിന് (കൊവിഡ്) മുമ്പാണത്. പാന്‍ഡമിക്കിന് ശേഷമല്ല, പാന്‍ഡമിക് അവിടെ നിന്നുമാണ് തുടങ്ങുന്നത്, ഫോറന്‍സിക് റിലീസായ സമയത്ത്.

അന്നാണ് ഞാന്‍ ഒരു കാര്യം മനസിലാക്കിയത്. കൊറിയന്‍ ഫിലിം നമ്മള്‍ കാണുന്നു, നമ്മള്‍ ഒരിക്കലും വിചാരിച്ചിട്ടില്ല അമേരിക്കക്കാര്‍ മലയാളം സിനിമ കാണുമെന്ന്. ഒരിക്കലും വിചാരിച്ചിരുന്നില്ല.

ഞാന്‍ അവരോട് ചോദിച്ചു, എങ്ങനെയാണ് ഈ സിനിമ കാണാന്‍ വന്നതെന്ന്. ഞങ്ങള്‍ സിനിമയുടെ ട്രെയ്‌ലര്‍ കണ്ടു എന്നായിരുന്നു അവര്‍ പറഞ്ഞത്. അത് വളരെ ഇന്ററസ്റ്റിങ്ങായി തോന്നി. അവര്‍ക്കേതെങ്കിലും ഹോളിവുഡ് ചിത്രം കാണാന്‍ പറ്റുമായിരുന്നു, കാരണം അത് എ.എം.സി സ്‌ക്രീനാണ്. അമേരിക്കയിലെ ഏറ്റവും വലിയ തിയേറ്ററുകളിലൊന്നാണത്. അന്നാണ് നമുക്കൊരു ഗ്ലോബല്‍ ഓഡിയന്‍സ് ഉണ്ട് എന്ന കാര്യം എനിക്ക് മനസിലായത്.

പിന്നെ എന്തുകൊണ്ടാണ് നാഷണല്‍ സീന്‍സ് നമ്മളെ ഒരു നാഷണല്‍ ലാംഗ്വേജായി തിരിച്ചറിയാത്തത്? നമ്മള്‍ ഹിന്ദിയില്‍ സിനിമ ചെയ്യാത്തതുകൊണ്ടാണോ? നമ്മളുണ്ടാക്കുന്ന കണ്ടന്റുകള്‍ ലോകത്തെമ്പാടുമുള്ള ആളുകളിലേക്ക് എത്തുന്നുണ്ട് എന്ന കാര്യം നമ്മള്‍ മനസിലാക്കേണ്ട സമയമായിരിക്കുന്നു,’ മംമ്ത പറഞ്ഞു.

Content Highlight: Mamtha Mohandas about the screening experience of Forensic movie in America