| Friday, 26th May 2023, 8:53 am

ഈയിടെ ബസ് യാത്രക്കിടെ യുവതിക്ക് ഉണ്ടായ അനുഭവവും ലൈവ് എന്ന സിനിമയും കൂട്ടിവായിക്കാവുന്നതാണ്: മംമ്ത മോഹന്‍ദാസ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഈയിടെ ബസ് യാത്രക്കിടെ യുവതിക്ക് ഉണ്ടായ മോശം അനുഭവം ലൈവ് എന്ന സിനിമയുമായി കൂട്ടിവായിക്കാവുന്നതാണെന്ന് നടി മംമ്ത മോഹന്‍ദാസ്. സമൂഹമാധ്യമത്തിന് ആളുകളെ പോസിറ്റീവായും നെഗറ്റീവായും സ്വാധീനിക്കാന്‍ കഴിയുമെന്നും സില്ലി മോങ്ക്‌സ് മോളിവുഡിനോട് പ്രതികരിച്ചു.

‘ ഒരു പ്രശ്‌നത്തിന് ശരിയായൊരു പരിഹാരമില്ലാത്തപ്പോഴാണല്ലോ അതിനെക്കുറിച്ചൊരു സിനിമയുണ്ടാകുന്നത്. അത് തന്നെയാണ് ലൈവ് എന്ന സിനിമ ഫോക്കസ് ചെയ്യുന്നതും. ഈയിടെ ബസ് യാത്രക്കിടെ യുവതിക്ക് ഉണ്ടായ അനുഭവവും ലൈവ് എന്ന സിനിമയും കൂട്ടിവായിക്കാവുന്നതാണ്.

ഈ സിനിമ ഒരു ഓര്‍മിപ്പിക്കല്‍ കൂടിയായിരിക്കും, നമുക്ക് മാധ്യമങ്ങളെ ആളുകള്‍ക്ക് ഗുണകരമായ രീതിയില്‍ എങ്ങനെയൊക്കെ ഉപയോഗിക്കാമെന്നതിനെക്കുറിച്ച്. ആളുകളെ പോസിറ്റീവായ രീതിയില്‍ സ്വാധീനിക്കാനും സമൂഹമാധ്യമത്തിന് കഴിയുമെന്നതിന് ഒരുദാഹരണമാണ്.

ഈയിടെ ബസ് യാത്രക്കിടെ യുവതിക്ക് മോശം അനുഭവമുണ്ടായപ്പോള്‍ ആ യുവതി സമൂഹമാധ്യമത്തിലൂടെ ധൈര്യത്തോടെ പ്രതികരിച്ചതോടെ കൂടുതല്‍ ആളുകളിലേക്കെത്തി, ‘ മംമ്ത പറഞ്ഞു.

അക്രമം നേരിടുന്നവരുടെ കാഴ്ചപ്പാടുകളും അക്രമിക്കുന്നവരുടെ കാഴ്ചപ്പാടുകളും സമൂഹമാധ്യമത്തില്‍ വരുന്നുണ്ടെന്നും അക്രമികളെ പിന്തുണയ്ക്കുന്നവരുടെ മനസ്സ് മുഴുവനും നെഗറ്റീവ് ചിന്തകളായിരിക്കുമെന്നും അവരുടെ ജീവിതത്തിലെ പ്രതികൂല സാഹചര്യങ്ങളായിരിക്കാം അവരെ ഇങ്ങനെയൊക്കെ ചെയ്യാന്‍ പ്രേരിപ്പിക്കുന്നതെന്നും മംമ്ത പറഞ്ഞു.

‘ അക്രമം നേരിടുന്നവരുടെ കാഴ്ചപ്പാടുകളും അക്രമിക്കുന്നവരുടെ കാഴ്ചപ്പാടുകളും സമൂഹമാധ്യമത്തില്‍ കമന്റുകള്‍ വഴിയോ റിയാക്ഷന്‍ വീഡിയോ വഴിയോ വരുന്നുണ്ട്.

ലൈവ് എന്ന സിനിമ കൂടുതലായും ഫോക്കസ് ചെയ്യുന്നത് ഒരു തെറ്റായ വാര്‍ത്ത പ്രചരിക്കുന്നത് മൂലമുണ്ടാവുന്ന തുടര്‍സംഭവങ്ങളാണ്. വ്യാജവാര്‍ത്തകളുടെ തിരുത്തലുകളില്‍ ആളുകള്‍ താല്‍പര്യം പ്രകടിപ്പിക്കുന്നില്ലയെന്നത് ഒരു യാഥാര്‍ത്ഥ്യമാണ്.

ഈ സിനിമയെന്തായാലും ശക്തമായ ഒരോര്‍മ്മപ്പെടുത്തലായിരിക്കും. എല്ലാ ആളുകളും ഒന്നാലോചിക്കും മറ്റു ആളുകളുടെ സ്വാകാര്യതയിലേക്കുള്ള തന്റെ കടന്നുകയറ്റം എത്രത്തോളം ശരിയാണെന്നും, അത് മറ്റുള്ളവരുടെ ജീവിതത്തില്‍ എത്രത്തോളം വലിയ സ്വാധീനമാണുണ്ടാക്കുന്നതെന്നും.

സ്വകാര്യത ലംഘനമെന്നത് എത്രത്തോളം പ്രത്യാഘാതങ്ങള്‍ വ്യക്തികളുടെ ജീവിതത്തില്‍ ഉണ്ടാക്കുന്നുണ്ടെന്നത് സിനിമ സംസാരിക്കുന്നുണ്ട്.

അതിക്രമം ചെയ്യുന്നയാളുകളും അതിനെ പിന്തുണയ്ക്കുന്നയാളുകളും മറ്റൊരാളുടെ പതര്‍ച്ച ആഗ്രഹിക്കുന്നുണ്ടാവാം. ഞാന്‍ എപ്പോഴും ആലോചിക്കുന്നൊരു കാര്യമാണ്, എന്തെങ്കിലും തെറ്റായ പ്രവര്‍ത്തികളില്‍ ഏര്‍പ്പെടുന്നവരുടെയും അവരെ പിന്തുണയ്ക്കുന്നവരുടെയും മനസ്സ് മുഴുവന്‍ നെഗറ്റീവ് ചിന്തകളായിരിക്കും.

അവര്‍ക്ക് പ്രത്യേകിച്ച് വേറെ കാര്യങ്ങളൊന്നും ശ്രദ്ധിക്കാന്‍ താല്‍പര്യമുണ്ടായിരിക്കില്ല. അത് അവരുടെ ജീവിതത്തിലെ സാഹചര്യങ്ങള്‍ കൊണ്ടായിരിക്കാം. ഒരു പക്ഷേ അവരുടെ ജീവിതത്തിലുണ്ടാവുന്ന പ്രതികൂല സാഹചര്യങ്ങളുടെ തുടര്‍ച്ചയായിരിക്കാം ഇതൊക്കെ, ‘ മംമ്ത പറഞ്ഞു.

വി.കെ പ്രകാശിന്റെ സംവിധാനത്തില്‍ മംമ്ത മോഹന്‍ദാസ്, പ്രിയ പ്രകാശ് വാര്യര്‍, സൗബിന്‍ ഷാഹിര്‍, ഷൈന്‍ ടോം ചാക്കോ എന്നിവര്‍ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രമാണ് ലൈവ്. മെയ് 26നാണ് ചിത്രത്തിന്റെ റിലീസ്.


Content Highlights: Mamtha Mohandas about Live movie and attack on a Woman at bus

We use cookies to give you the best possible experience. Learn more