| Tuesday, 3rd May 2022, 2:48 pm

ജന ഗണ മനയുടെ കഥ കേട്ടപ്പോള്‍ ഇതൊക്കെ തന്നെക്കൊണ്ട് എടുക്കാന്‍ പറ്റുമോ എന്ന് ഡിജോയോട് ചോദിച്ചിരുന്നു: ഷൂട്ടിങ് തുടങ്ങിയിട്ടും പൂര്‍ണ സമ്മതം പറഞ്ഞിട്ടില്ലായിരുന്നു: മംമ്ത

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഷാരിസ് മുഹമ്മദിന്റെ തിരക്കഥയില്‍ ഡിജോ ജോസ് സംവിധാനം ചെയ്ത് സുരാജ് വെഞ്ഞാറമൂടും പൃഥ്വിരാജും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ജന ഗണ മന ഇതിനകം തന്നെ പ്രേക്ഷക സ്വീകാര്യത നേടിക്കഴിഞ്ഞു.

ചിത്രത്തില്‍ സബാമറിയം എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത് നടി മംമ്ത മോഹന്‍ദാസാണ്. ചിത്രത്തില്‍ വളരെ പ്രധാനപ്പെട്ട ഒരു കഥാപാത്രമാണ് മംമ്തയുടേത്.

ജന ഗണ മനയുടെ കഥ കേട്ടതിനെ കുറിച്ചും ചിത്രത്തിന്റെ ഭാഗമാകാന്‍ തീരുമാനിച്ചതിനെ കുറിച്ചുമൊക്കെ പറയുകയാണ് മംമ്തയിപ്പോള്‍. ബിഹൈന്‍ഡ് വുഡ്‌സിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു മംമ്ത.

ജന ഗണ മനയുടെ കഥ ആദ്യമായി എന്റെ അടുത്ത് പറഞ്ഞത് ഡിജോ ആയിരുന്നു. ചിത്രത്തില്‍ സബയുടെ ക്യാരക്ടര്‍ ആദ്യം തന്നെ കാസ്റ്റ് ചെയ്യേണ്ടതുണ്ടായിരുന്നു. കാരണം ആ കഥാപാത്രമാണ് ജന ഗണ മന സിനിമയുടെ ഹാര്‍ട്ട് ബീറ്റ്. ആ സമയത്ത് മറ്റ് കാസ്റ്റുകളൊന്നും നടത്തിയിട്ടില്ല. അത് കേട്ടപ്പോള്‍ ഞാന്‍ ഭയങ്കര നെര്‍വസ് ആയി.

പിന്നെ ഡിജോ ആണെങ്കില്‍ ഇതിന് മുന്‍പ് ക്യൂന്‍ എന്ന സിനിമ മാത്രമേ ചെയ്തിട്ടുള്ളൂ. ഇത്രയും വലിയൊരു സ്റ്റോറിയാണ്. കഥ കേട്ടപ്പോള്‍ ഞാന്‍ ചോദിച്ചു ഡിജോ ഇതൊരു രംഗ് ദേ ബസന്തി പോലെയൊക്കെയുണ്ടല്ലോ. ഇതൊക്കെ എടുക്കാന്‍ പറ്റുമോ തന്നെക്കൊണ്ട് എന്ന്.

ഞാന്‍ ഈ സിനിമയില്‍ ഉണ്ടാകുമെന്ന് പറയാന്‍ എനിക്ക് പേടിയുണ്ടായിരുന്നു, അവസാനം വരെ. ഷൂട്ട് തുടങ്ങിയപ്പോള്‍ പോലും ഞാന്‍ പൂര്‍ണസമ്മതം പറഞ്ഞിരുന്നില്ല. അതേസമയം ചിത്രത്തിന്റെ ക്രിയേറ്റീവ് എനിക്ക് ഭയങ്കരമായി ഇഷ്ടപ്പെട്ടിരുന്നു. ബ്രില്യന്റ് സബ്ജക്ട് ആയിരുന്നു. സബ്ജക്ട് തന്നെ ആയിരുന്നു എല്ലാം. ക്യാപസും പ്രൊട്ടസ്റ്റും എല്ലാമാണ് സിനിമയുടെ ലൈഫ്,’ മംമ്ത പറഞ്ഞു.

ചിത്രത്തില്‍ പൃഥ്വിരാജിനോടൊപ്പം പ്രവര്‍ത്തിച്ചതിനെ കുറിച്ചും മംമ്ത സംസാരിച്ചു. ‘ പൃഥ്വിയുമായി ഏറ്റവും ഒടുവില്‍ വര്‍ക്ക് ചെയ്തത് ഭ്രമം എന്ന ചിത്രത്തിലാണ്. ഒരുപാട് വര്‍ഷമായി അറിയുന്നവരാണ് ഞങ്ങള്‍. 2009 മുതല്‍ ഒരുമിച്ച് അഭിനയിക്കുന്നുണ്ട്.

അദ്ദേഹത്തെ കുറിച്ച് പറയുകയാണെങ്കില്‍ ഒരുപാട് മാറ്റങ്ങള്‍ ഇക്കാലയളവിനുള്ളില്‍ ഉണ്ടായിട്ടുണ്ട്. അഭിനേതാവെന്ന നിലയിലും എല്ലാം. എന്നും രാജുവിനെ ഒരു വിഷനറി ആയിട്ടാണ് എനിക്ക് തോന്നിയത്. കാര്യങ്ങള്‍ പഠിക്കാനും നടപ്പില്‍ വരുത്താനും എല്ലാമുള്ള കഴിവുണ്ട്. കാര്യങ്ങള്‍ മനസിലാക്കിയെടുക്കാനുള്ള അപാരമായ കഴിവ് അദ്ദേഹത്തിനുണ്ട്. പിന്നെ ഭയങ്കര കമ്മിറ്റഡാണ്.

എല്ലാ കാര്യങ്ങളേയും കൃത്യമായ രീതിയില്‍ യൂസ് ചെയ്യാനും യൂട്ടിലൈസ് ചെയ്യാനും മോള്‍ഡ് ചെയ്യാനും അതിനെ വേറൊരു രീതിയിലേക്ക് എത്തിക്കാനുമൊക്കെ കഴിയുന്ന വ്യക്തിയാണ്. പൃഥ്വി ആദ്യമായി സംവിധാനം ചെയ്ത ലൂസിഫറില്‍ ഞാന്‍ വര്‍ക്ക് ചെയ്യേണ്ടതായിരുന്നു. ചില തടസ്സങ്ങള്‍ കാരണം അതിന്റെ ഭാഗമാകാന്‍ കഴിഞ്ഞില്ല. പൃഥ്വിയുടെ ആദ്യ പ്രൊഡക്ഷനായ 9 എന്ന സിനിമയുടെ ഭാഗമായിരുന്നു ഞാന്‍. മലയാള സിനിമയെ ലോകത്തിന് മുന്നിലേക്ക് എത്തിച്ച ആക്ടറാണ് പൃഥ്വി. അദ്ദേഹത്തിന് അതിനുള്ള കഴിവുണ്ട്, മംമ്ത പറഞ്ഞു.

Content Highlight: Mamtha Mohandas about Jana gana Mana Movie

We use cookies to give you the best possible experience. Learn more