സിനിമ ഒരു ബിസിനസ് കൂടിയാണെന്നും ഒരു ഹീറോ നടത്തുന്ന ബിസിനസ് പോലെയത്ര എളുപ്പമല്ല ഫീമെയില്‍ ആര്‍ട്ടിസ്റ്റുകള്‍ക്കെന്നും നടി മംമ്ത മോഹന്‍ദാസ്. സിനിമയില്‍ താരമൂല്യമുള്ളയാള്‍ താന്‍ മാത്രമാണെങ്കില്‍ സിനിമയ്ക്ക് പ്രതീക്ഷിച്ചത്ര മാര്‍ക്കറ്റ് കിട്ടണമെന്നില്ലെന്നും ഇന്ത്യ ഗ്ലിറ്റ്‌സ് മലയാളത്തിന് നല്‍കിയ അഭിമുഖത്തില്‍ മംമ്ത പറഞ്ഞു.
‘ സിനിമ ഒരു ബിസിനസ് കൂടിയാണ്. എന്റെ കൂടെയൊരു സ്‌ട്രോങ് സപ്പോര്‍ട്ടിങ് കാസ്റ്റുണ്ടെങ്കില്‍ മാത്രമേ സിനിമയ്ക്ക് നല്ലൊരു മാര്‍ക്കറ്റ് ഉണ്ടാകുകയുള്ളു. സിനിമയുടെ പോസ്റ്ററില്‍ എന്റെ പടം മാത്രം വലുതാക്കി കൊടുക്കുകയും, മറ്റുള്ള നടന്മാര്‍ താരമൂല്യമില്ലാത്തയാളുകളാണെങ്കില്‍ ആ സിനിമയ്ക്ക് പ്രതീക്ഷിച്ചത്ര മാര്‍ക്കറ്റ് കിട്ടണമെന്നില്ല.
ഒരു ഹീറോ നടത്തുന്ന ബിസിനസ് പോലെയത്ര എളുപ്പമല്ല ഫീമെയില്‍ ആര്‍ട്ടിസ്റ്റുകള്‍ക്ക്. അവര്‍ക്കത് വളരെ ബുദ്ധിമുട്ടാണ്. ചില സിനിമകള്‍ക്ക് അര്‍ഹിക്കുന്ന അംഗീകാരം കിട്ടാത്തതുപോലെ തോന്നിയിട്ടുമുണ്ട്,’ മംമ്ത പറഞ്ഞു.
സിനിമയില്‍ താന്‍ പ്രതീക്ഷിക്കാതെയെടുക്കേണ്ടി വന്ന ബ്രേക്കുകളുണ്ടായിട്ടുണ്ടെന്നും സ്ത്രീകേന്ദ്രീകൃതമായ കഥകള്‍ വരുന്നുണ്ടെന്നും അതിലൂടെ ഫീമെയില്‍ ആര്‍ട്ടിസ്റ്റുകള്‍ക്ക് നല്ല കഥാപാത്രങ്ങള്‍ ലഭിക്കാന്‍ തുടങ്ങിയെന്നും മംമ്ത പറഞ്ഞു.
‘ സിനിമയില്‍ ഞാന്‍ പ്രതീക്ഷിക്കാതെ ബ്രേക്കുകളെടുക്കേണ്ടിവന്നിട്ടുണ്ട്. എന്നും ഒരു നല്ല തിരിച്ചുവരവിനിടയാക്കിയത് ആ ബ്രേക്കുകളാണ്. ഞാന്‍ ഏത് സിനിമ ചെയ്താലും എവിടെയെങ്കിലും ഒരു ആര്‍ടിക്കിളുകളില്‍ മംമ്ത തിരിച്ചുവരുന്നു എന്നു പറയും. അപ്പോള്‍ ഞാന്‍ വിചാരിക്കും, ആറു മാസം മുന്നേയല്ലേ ഒരു പടം ചെയ്തതെന്ന്.
എനിക്കറിയാം ഒരുപാടാളുകള്‍ ഓടിനടന്ന് സിനിമ ചെയ്യുന്നുണ്ടെന്ന്. ഞാന്‍ അങ്ങനെ ചെയ്യാറില്ല. ഒരു സമയത്ത് ഒരു പടം മാത്രമേ ചെയ്യാറുള്ളു. അതിനുശേഷം എന്തായാലും ഒരു ഇടവേളയെടുക്കും. ഒരു മാസമെങ്കിലും.
അത് നല്ലതാണെന്ന് എനിക്ക് തോന്നിയിട്ടുണ്ട്.എനിക്കൊന്ന് റിലാക്‌സ് ചെയ്യാനൊക്കെ അതാവശ്യമാണ്. എനിക്കെന്നെ പരിചരിക്കേണ്ടതുണ്ട്. പക്ഷേ ഒരു സമയത്ത് കുറച്ചധികം ബ്രേക്ക് എടുത്തത് കൊണ്ടും ഇടക്കിടയ്ക്ക് ബ്രേക്കെടുത്തതുകൊണ്ടും, അതിനുശേഷം സിനിമ ചെയ്യുമ്പോള്‍ എന്തെങ്കിലുമൊക്കെ മാറ്റങ്ങള്‍ സിനിമയില്‍ വന്നിട്ടുണ്ടാവും.
സിനിമയുടെ തിരക്കഥയിലും, ടെക്‌നിക്കാലിറ്റീസിലും ഒരുപാട് മാറ്റങ്ങള്‍ വന്നിട്ടുണ്ട്. സ്ത്രീകേന്ദ്രീകൃതമായ കഥകള്‍ വരുന്നു. അതിലൂടെ ഫീമെയില്‍ ആര്‍ട്ടിസ്റ്റുകള്‍ക്ക് നല്ല കഥാപാത്രങ്ങള്‍ ലഭിക്കാനും തുടങ്ങി.
എന്നെ കേന്ദ്രകഥാപാത്രമാക്കി സിനിമ ചെയ്യാന്‍ നിര്‍മാതാക്കള്‍ തയ്യാറാവുന്നതില്‍ എനിക്കൊരുപാട് സന്തോഷമുണ്ട്. അതൊക്കെ വലിയ ഭാഗ്യമായാണ് ഞാന്‍ കാണുന്നത്. ആളുകള്‍ക്കെന്നോടുള്ള ഇഷ്ടം എന്നുമുണ്ടാവണമെന്നാണ് ആഗ്രഹിക്കുന്നത്. പക്ഷേ ഇതിനൊന്നും വലിയ നിലനില്‍പില്ല, ‘ മംമ്ത പറഞ്ഞു.
Content Highlights: Mamtha Mohandas about heroes