Entertainment news
എനിക്ക് പകരമായാണ് അനുഷ്‌ക ഷെട്ടി ആ സിനിമയില്‍ അഭിനയിച്ചത്, ചെയ്തത് ഏറ്റവും വലിയ മണ്ടത്തരമെന്ന് രൗജമൗലി സാര്‍ പറഞ്ഞു: മംമ്ത
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2023 Feb 16, 06:20 pm
Thursday, 16th February 2023, 11:50 pm

2009ല്‍ അനുഷ്‌ക ഷെട്ടി അഭിനയിച്ച തെലുങ്ക് ചിത്രം അരുന്ധതിയില്‍ അഭിനയിക്കേണ്ടിയിരുന്നത് താനായിരുന്നുവെന്ന് നടി മംമ്ത മോഹന്‍ദാസ്. അരുന്ധതി സിനിമയുടെ സംവിധായകന് വലിയ സിനിമ ചെയ്യാനുള്ള കഴിവില്ലെന്നും അതുകൊണ്ട് ചിത്രത്തില്‍ നിന്നും പിന്മാറാന്‍ പലരും പറഞ്ഞതുകൊണ്ടാണ് അഭിനയിക്കാതിരുന്നതെന്നും താരം പറഞ്ഞു.

എന്നാല്‍ പിന്നീട് രാജമൗലിയുടെ യമദോങ്കയില്‍ അഭിനയിച്ചപ്പോള്‍ ഈ കാര്യത്തെക്കുറിച്ച് അദ്ദേഹത്തോട് പറഞ്ഞിരുന്നുവെന്നും താന്‍ ചെയ്തത് വലിയ മണ്ടത്തരമായി പോയെന്ന് ആദ്ദേഹം പറഞ്ഞുവെന്നും മംമ്ത പറഞ്ഞു. അതിന് ശേഷം അരുന്ധതിയില്‍ അഭിനയിക്കാതിരുന്നത് വലിയ സങ്കടമായി തോന്നിയെന്നും താരം പറഞ്ഞു. ഇന്ത്യാഗ്ലിറ്റ്‌സ് തമിഴിന് നല്‍കിയ അഭിമുഖത്തിലാണ് മംമ്ത ഇക്കാര്യങ്ങള്‍ പറഞ്ഞത്.

”ഒരു തെലുങ്ക് സിനിമയുടെ ഫോട്ടോഷൂട്ടിനിടെ ഞാന്‍ പാട്ടും പാടി നടക്കുന്നത് രാജമൗലി സാര്‍ ശ്രദ്ധിച്ചിരുന്നു. അങ്ങനെ രണ്ട് ദിവസം കൂടി ചെന്നൈയില്‍ നിന്നു. രാഖി രാഖി പാട്ട് പാടി. പിന്നീടാണ് ഞാന്‍ രാജമൗലി സാറിന്റെ യമദോങ്കയില്‍ അഭിനയിച്ചത്.

അന്ന് അദ്ദേഹം എന്നോട് ചോദിച്ചിരുന്നു എന്തുകൊണ്ടാണ് നേരത്തെ തെലുങ്കില്‍ അഭിനയിക്കാതിരുന്നതെന്ന്. അന്ന് അദ്ദേഹത്തോട് അരുന്ധതി സിനിമയില്‍ അഭിനയിക്കാതിരുന്നതിനെ കുറിച്ച് ഞാന്‍ പറഞ്ഞു. ആദ്യം സിനിമ ചെയ്യാന്‍ ഞാന്‍ സമ്മതിച്ചിരുന്നു.

അരുദ്ധതി സംവിധാനം ചെയ്യുന്ന സംവിധായകന് ഇത്രയും വലിയൊരു സിനിമ ചെയ്യാനുള്ള കഴിവില്ല അതുകൊണ്ട് പിന്മാറിക്കോളൂവെന്ന് പിന്നീട് പലരും എന്നോട് പറഞ്ഞു. അന്ന് ടെന്‍ഷന്‍ കാരണം ഞാന്‍ പിന്മാറി.

കഥ കേട്ടതും രാജമൗലി സാര്‍ എന്നോട് പറഞ്ഞു ഞാന്‍ ചെയ്തത് ഏറ്റവും വലിയ മണ്ടത്തരമാണെന്ന്. കാരണം ആ സിനിമയില്‍ നായികയായ നടിയുടെ ജീവിതം തന്നെ പിന്നീട് മാറിയെന്നും അദ്ദേഹം എന്നോട് പറഞ്ഞു.

ലൈവ് എന്നൊരു സിനിമ അടുത്തിടെയാണ് ഞാന്‍ ചെയ്ത് പൂര്‍ത്തിയാക്കിയത്. ഒരു തെലുങ്ക് സിനിമയും വരാനുണ്ട്. അരുന്ധതി നഷ്ടപ്പെടുത്തിയതിന്റെ സങ്കടം ആ തെലുങ്ക് സിനിമയിലൂടെ ഞാന്‍ തീര്‍ക്കും,” മംമ്ത മോഹന്‍ദാസ് പറഞ്ഞു.

content highlight: mamtha about arundhathi movie