| Saturday, 25th May 2019, 5:53 pm

മുഖ്യമന്ത്രിയായി തുടരാന്‍ താല്‍പര്യമില്ല; മമത ബാനര്‍ജി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയായി തുടരാന്‍ തനിക്ക് താല്‍പര്യമില്ലെന്ന് പാര്‍ട്ടിയെ അറിയിച്ചതായി തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മമത ബാനര്‍ജി. എന്നാല്‍ തന്റെ ആവശ്യം പാര്‍ട്ടി അംഗീകരിച്ചില്ലെന്നും മമത പറഞ്ഞു. മുഖ്യമന്ത്രി സ്ഥാനം രാജി വെക്കാന്‍ സന്നദ്ധത പ്രകടിപ്പിച്ച മമത, പാര്‍ട്ടി അധ്യക്ഷയായി താന്‍ തുടരുമെന്നും അറിയിച്ചു.

കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി ഏറ്റവും നേട്ടമുണ്ടാക്കിയ സംസ്ഥാനങ്ങളിലൊന്നായിരുന്നു ബംഗാള്‍. 18 എം.പിമാരാണ് ബി.ജെ.പിക്ക് ബംഗാളില്‍ നിന്നുള്ളത്.

‘ഞാന്‍ ഈ ചര്‍ച്ചയുടെ തുടക്കത്തില്‍ തന്നെ മുഖ്യമന്ത്രിയായി തുടരാന്‍ താല്‍പര്യമില്ലെന്ന് അറിയിച്ചിരുന്നു’- മമത പറഞ്ഞതായി എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്യുന്നു. സംസ്ഥാനത്തെ തെരഞ്ഞെടുപ്പില്‍ തിരിച്ചടി നേരിട്ടതിനെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ തൃണമൂല്‍ ഇന്ന് അടിയന്തര യോഗം വിളിച്ചിരുന്നു.

‘കേന്ദ്ര സേനകള്‍ ഞങ്ങള്‍ക്കെതിരെ പ്രവര്‍ത്തിച്ചു. സംസ്ഥാനത്ത് ബി.ജെ.പി അടിയന്തരാവസ്ഥ സൃഷ്ടിച്ചു. ഹിന്ദു മുസ് ലിം ധ്രുവീകീരണം ഉണ്ടാക്കി വോട്ടുകള്‍ അവര്‍ വിഘടിപ്പിച്ചു. ഞങ്ങള്‍ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി, എന്നാല്‍ നടപടിയൊന്നും ഉണ്ടായിരുന്നില്ല’- മമത പറയുന്നു.

ബംഗാളില്‍ 34 സീറ്റുകളുണ്ടായ മമതയുടെ തൃണമൂല്‍ കോണ്‍ഗ്രസിന് ഈ വര്‍ഷം നേടാനായത് വെറും 22 സീറ്റുകളാണ്. മോദിയും അമിത് ഷായും തെരഞ്ഞെടുപ്പ് സമയത്ത് ഏറിയ സമയവും ബംഗാളിലായിരുന്നു ചെലവഴിച്ചത്. രണ്ടും പേരും 15 വീതം റാലികളാണ് ബംഗാളില്‍ നടത്തിയത്.

സംസ്ഥാനത്ത് ന്യൂനപക്ഷവോട്ടുകള്‍ നിര്‍ണ്ണായകമായ മണ്ഡലങ്ങളിലും അതിര്‍ത്തി മണ്ഡലങ്ങളിലും ബി.ജെ.പി മുന്നേറ്റമുണ്ടാക്കിയിട്ടുണ്ട്. 2021ലാണ് ബംഗാളില്‍ നിയമസഭാ തെരഞ്ഞെടുപ്പ്.

Latest Stories

We use cookies to give you the best possible experience. Learn more