രോഗകാലത്ത് വിളിച്ചത് മമ്മൂട്ടിയല്ല, ദിലീപുമായുള്ളത് കാപട്യമില്ലാത്ത സൗഹൃദം: മംമ്ത
Daily News
രോഗകാലത്ത് വിളിച്ചത് മമ്മൂട്ടിയല്ല, ദിലീപുമായുള്ളത് കാപട്യമില്ലാത്ത സൗഹൃദം: മംമ്ത
ഡൂള്‍ന്യൂസ് ഡെസ്‌ക്
2016 Jan 16, 03:04 am
Saturday, 16th January 2016, 8:34 am

mamtaരണ്ടാമതും ക്യാന്‍സറിന് ചികിത്സയിലായിരുന്ന സമയത്ത് സിനിമാ മേഖലയില്‍ നിന്ന് വിളിച്ച് അന്വേഷിച്ച ഒരേയൊരാള്‍ മമ്മൂട്ടിയാണെന്ന വാര്‍ത്ത തെറ്റാണെന്ന് നടി മംമ്ത മോഹന്‍ദാസ്. താന്‍ അങ്ങനെ പറഞ്ഞിട്ടില്ല. എങ്ങനെയാണ് ഈ വാര്‍ത്ത പ്രചരിച്ചതെന്ന് അറിയില്ല. ചിലപ്പോള്‍ അദ്ദേഹത്തിന്റെ ആരാധകര്‍ മെനഞ്ഞ കഥയാകാം ഇതെന്നും മംമ്ത പറഞ്ഞു.

ഓസ്‌ട്രേലിയയിലെ എസ്.ബി.എസ് മലയാളം റേഡിയോയയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് മംമ്ത ഇക്കാര്യം പറഞ്ഞത്. രോഗിയായിരുന്ന സമയത്ത് സിനിമയില്‍ നിന്നും മമ്മൂട്ടി മാത്രമാണ് വിളിച്ചതെന്ന വാര്‍ത്തയെക്കുറിച്ചുളള ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അവര്‍.

സിനിമയില്‍ സജീവമല്ലാതിരുന്ന കാലത്ത് മമ്മൂക്കയെക്കുറിച്ച് ഞാന്‍ ഒരിടത്ത് പറഞ്ഞിട്ടുണ്ട്. അത് പക്ഷേ മാധ്യമങ്ങളില്‍ പ്രചരിച്ച വാര്‍ത്ത പോലെആയിരുന്നില്ല. അവസാനമായി അദ്ദേഹവുമായി സംസാരിച്ചിട്ട് ഇപ്പോള്‍ ഒരു വര്‍ഷമായിട്ടുണ്ടാവും. ഞാന്‍ പറഞ്ഞത് അദ്ദേഹത്തെ എപ്പോള്‍ എവിടെവച്ച് കണ്ടാലും, അത് എത്രനാള്‍ കഴിഞ്ഞിട്ടാണെങ്കിലും പറഞ്ഞു നിര്‍ത്തിയിടത്തുനിന്ന് സംസാരം പുനരാരംഭിക്കാന്‍ കഴിയുമെന്നാണെന്നും മംമ്ത കൂട്ടിച്ചേര്‍ത്തു.

ക്യാന്‍സര്‍ ചികിത്സയ്ക്കായി അമേരിക്കയിലേക്ക് പോയപ്പോള്‍ സിനിമയുമായി ഒരു ബന്ധവുമില്ലായിരുന്നു. എന്നാല്‍ സിനിമാ മേഖലയില്‍ നിന്നും ചിലര്‍ തന്നെ വിളിച്ച് കാര്യങ്ങള്‍ അന്വേഷിക്കാറുണ്ടായിരുന്നു. ദിലീപ്, ഇന്ദ്രജിത്ത്, കെ.പി.എ.സി ലളിത, ഇന്നസെന്റ്, രാജീവ് പിള്ള എന്നിവരെല്ലാം വളിച്ചിട്ടുണ്ട്.

എന്നാല്‍ ദുരിതകാലത്ത് കൂടെ ഉണ്ടാവുമെന്ന് പ്രതീക്ഷിച്ചിരുന്ന പലരും കണ്ടില്ലെന്ന് നടിക്കുകയായിരുന്നു. അക്കൂട്ടത്തില്‍ സിനിമയിലുള്ളവരും അല്ലാത്തവരുമുണ്ടായിരുന്നു. മറ്റുള്ളവരെ ആശ്രയിച്ച് ജീവിക്കുന്നത് ഇഷ്ടമില്ലാത്തതിനാലാണ് വീട്ടുകാരെപ്പോലും കൊണ്ടുപോകാതെ അമേരിക്കയിലേക്ക് പോയതെന്നും മംമ്ത വ്യക്തമാക്കി.

ദിലീപുമായി നാട്യവും കാപട്യവുമില്ലാത്ത സൗഹൃദമുണ്ട്. മനസ് തുറന്ന് സംസാരിക്കാനും കളിയാക്കാനും പറ്റുന്ന തരത്തിലുള്ള ബന്ധമാണ് ദിലീപുമായുള്ളതെന്നും നടി പറയുന്നു.