| Friday, 14th June 2024, 8:55 am

നിന്റെ കരിയറിലെ ഏറ്റവും വലിയ മിസ്റ്റേക്കാണ് ഇതെന്ന് രാജമൗലി സാര്‍ എന്നോട് പറഞ്ഞു: മമ്ത മോഹന്‍ദാസ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഹരിഹരന്‍ സംവിധാനം ചെയ്ത മയൂഖം എന്ന ചിത്രത്തിലൂടെ സിനിമാമേഖലയിലേക്കെത്തിയ നടിയാണ് മമ്ത മോഹന്‍ദാസ്. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക് ഭാഷകളില്‍ മികച്ച സിനിമകളുടെ ഭാഗമായിട്ടുള്ള മമ്ത, താന്‍ വേണ്ടെന്ന് വെച്ച സിനിമകളെക്കുറിച്ച് സംസാരിക്കുകയാണ്. കരിയറിന്റെ തുടക്കത്തില്‍ സിനിമയെക്കുറിച്ച് അറിവില്ലാത്തതുകൊണ്ട് ഒരുപാട് സിനിമകള്‍ വേണ്ടെന്ന് വെച്ചിട്ടുണ്ടെന്നും അതില്‍ ചിലത് ഇപ്പോഴും വലിയ നഷ്ടമായി തോന്നുണ്ടെന്നും മമ്ത പറഞ്ഞു.

ആദ്യ തെലുങ്ക് സിനിമയായ യമദൊങ്കയുടെ സമയത്ത് താന്‍ അരുന്ധതി എന്ന സിനിമ റിജക്ട് ചെയ്‌തെന്ന് രാജമൗലിയോട് പറഞ്ഞെന്നും അദ്ദേഹം അതുകേട്ട് തന്നെ ശകാരിച്ചെന്നും മമ്ത പറഞ്ഞു. ആ സമയത്തെ തന്റെ മാനേജര്‍ പറഞ്ഞതുകൊണ്ടാണ് താന്‍ അരുന്ധതി വേണ്ടെന്ന് വെച്ചതെന്നും മമ്ത കൂട്ടിച്ചേര്‍ത്തു. മഹാരാജ സിനിമയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട് ഗലാട്ട പ്ലസിന് നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം പറഞ്ഞത്.

‘കരിയറിന്റെ തുടക്കത്തില്‍ കുറെ സിനിമകള്‍ വേണ്ടെന്ന് വെച്ചിട്ടുണ്ട്. അതില്‍ ഏറ്റവും വലിയ നഷ്ടമെന്ന് ഇപ്പോഴും തോന്നുന്നത് അരുന്ധതി എന്ന സിനിമയാണ്. ആ സിനിമ വേണ്ടെന്ന് വെച്ചതറിഞ്ഞ് രാജമൗലി സാര്‍ എന്നെ വഴക്ക് പറഞ്ഞിട്ടുണ്ട്. എന്റെ ആദ്യ സിനിമയായ യമദൊങ്കയുടെ സംവിധായകനായിരുന്നു രാജമൗലി സാര്‍.

ആ സിനിമയുടെ സമയത്ത് കൂടുതല്‍ തെലുങ്ക് സിനിമകളില്‍ ശ്രദ്ധ കൊടുക്കണമെന്ന് രാജമൗലി സാര്‍ പറഞ്ഞപ്പോള്‍ ഒന്നുരണ്ട് സിനിമകളുടെ കഥ കേട്ടെന്നും കഥ ഇഷ്ടമാകാത്തതുകൊണ്ട് വേണ്ടെന്ന് വെച്ചുവെന്നും അദ്ദേഹത്തോട് പറഞ്ഞു. അതിന്റെ കൂട്ടത്തില്‍ അരുന്ധതിയുമുണ്ടെന്ന് അറിഞ്ഞപ്പോള്‍ രാജമൗലി സാര്‍ ഞെട്ടി. ‘നിന്റെ കരിയറില്‍ നീ ചെയ്ത ഏറ്റവും വലിയ മിസ്‌റ്റേക്കാണ് ഇത്’ എന്നാണ് അദ്ദേഹം എന്നോട് പറഞ്ഞത്. അത് സത്യമാണെന്ന് പിന്നീട് മനസിലായി.

ആ പടം വേണ്ടെന്ന് വെക്കാന്‍ കാരണം എന്റെ പഴയ മാനേജറാണ്. തമിഴില്‍ ആദ്യ സിനിമയായ സിവപ്പതികാരം ചെയ്തുനിന്ന സമയത്താണ് ആ മാനേജര്‍ വരുന്നത്. മലയാളം ഇന്‍ഡസ്ട്രി അല്ലാതെ വേറൊരു ഇന്‍ഡസ്ട്രിയെക്കുറിച്ചും എനിക്ക് വലിയ പിടിയില്ല. അരുന്ധതിയുടെ കഥ എന്റെയടുത്ത് വന്ന സമയത്ത് അതിന്റെ ഡയറക്ടറുടെ കഴിഞ്ഞ കുറെ സിനിമകള്‍ വര്‍ക്കായിട്ടില്ലെന്ന് ആ മാനേജര്‍ എന്നോട് പറഞ്ഞു. അതുകൊണ്ടാണ് ഞാന്‍ അരുന്ധതി റിജക്ട് ചെയ്തത്,’ മമ്ത പറഞ്ഞു.

Content Highlight: Mamta Mohandas saying that Rajamouli scold her for rejecting Arundhathi movie

We use cookies to give you the best possible experience. Learn more