തനിക്ക് വിവേചനം അനുഭവിക്കേണ്ടി വന്നിട്ടില്ല, അതുകൊണ്ട് അതുണ്ടെന്ന് വിശ്വസിക്കുന്നില്ല; മംമ്ത മോഹന്‍ദാസ്
Kerala News
തനിക്ക് വിവേചനം അനുഭവിക്കേണ്ടി വന്നിട്ടില്ല, അതുകൊണ്ട് അതുണ്ടെന്ന് വിശ്വസിക്കുന്നില്ല; മംമ്ത മോഹന്‍ദാസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 30th November 2020, 1:44 pm

തനിക്ക് ഇതുവരെ വിവേചനം അനുഭവിക്കേണ്ടി വന്നിട്ടില്ലെന്നും അതിനാല്‍ അത് ഉണ്ടെന്ന് തോന്നിയിട്ടില്ലെന്നും നടി മംമ്ത മോഹന്‍ദാസ്. ആര്‍.ജെ മൈക്കുമായുള്ള അഭിമുഖത്തിലാണ് മംമ്ത ഇത്തരത്തില്‍ അഭിപ്രായപ്പെട്ടത്. സ്ത്രീ പുരുഷ വിവേചനത്തെക്കുറിച്ച് സംസാരിക്കവേയായിരുന്നു നടിയുടെ പരാമര്‍ശം.

സ്ത്രീകള്‍ എന്തിനാണ് എപ്പോഴും പരാതി പറയുന്നതെന്നും നമുക്ക് ചെയ്യേണ്ടത് നമ്മളങ്ങ് ചെയ്താല്‍ പോരേ എന്നും ഇതുവരേയും സിനിമാമേഖലയില്‍ നിന്നും സ്ത്രീവിവേചനം അനുഭവിച്ചിട്ടില്ലെന്നും മംമ്ത പറയുന്നു.

ഇതുവരെയില്ലാത്ത ഒരു സ്ത്രീശാക്തീകരണം കഴിഞ്ഞ മൂന്നു വര്‍ഷങ്ങളില്‍ എങ്ങനെ ഉണ്ടായി എന്ന് അറിയില്ലെന്നും അഭിമുഖത്തില്‍ മംമ്ത പറയുന്നു. തന്നെ തന്റെ അച്ഛന്‍ ആണ്‍കുട്ടിയെ വളര്‍ത്തുന്നതുപോലെയാണ് വളര്‍ത്തിയതെന്നും അതിനാല്‍ ചെറുപ്പത്തിലൊന്നും വിവേചനം അനുഭവിക്കേണ്ടി വന്നിട്ടില്ലെന്നും നടി അഭിപ്രായപ്പെട്ടു. ‘സ്ത്രീകള്‍ എന്തിനാണ് എപ്പോഴും പരാതിപ്പെടുന്നതെന്ന് എനിക്ക് തോന്നിയിട്ടുണ്ട്, നിങ്ങള്‍ക്കിഷ്ടമുള്ളതെല്ലാം നിങ്ങള്‍ ചെയ്യൂ എന്നാണ് എല്ലാ പെണ്‍കുട്ടികളോടും എനിക്ക് പറയാനുള്ളത്’, മംമ്ത പറയുന്നു.

ചെയ്ത ജോലിക്ക് പ്രതിഫലം കൊടുക്കുന്നതില്‍ ഒരിക്കലും വിവേചനം കാണിക്കാന്‍ പാടില്ലെന്നും മംമ്ത കൂട്ടിച്ചേര്‍ത്തു.

മംമ്ത നിര്‍മാണം നിര്‍വഹിച്ച ലോകമേ എന്ന റാപ് മ്യൂസിക് സിംഗിള്‍ ഇറങ്ങിയതിന്റെ പശ്ചാത്തലത്തില്‍ നടത്തിയ അഭിമുഖത്തിലാണ് നടിയുടെ പരാമര്‍ശങ്ങള്‍ ഉണ്ടായത്. സിനിമയില്‍ എത്തിയതിന്റെ പതിനഞ്ചാം വര്‍ഷത്തിലാണ് മംമ്ത നിര്‍മാണ മേഖലയിലേക്ക് കടന്നിരിക്കുന്നത്. ക്ലബ് എഫ് എമ്മില്‍ റേഡിയോ ജോക്കി ആയ ഏകലവ്യന്‍ സുഭാഷ് പാടി സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയ ഗാനമാണ് ലോകമേ.

തനിക്ക് പതിനഞ്ച് വര്‍ഷത്തിനുള്ളില്‍ വ്യത്യസ്തമായ കഥാപാത്രങ്ങള്‍ ചെയ്യാന്‍ സാധിച്ചുവെന്നും അതുകൊണ്ടാണ് മൈ ബോസ്, 2 കണ്‍ട്രീസ് പോലുള്ള സിനിമകള്‍ ചെയ്തതെന്നും നേരത്തേ ഡൂള്‍ ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ മംമ്ത പറഞ്ഞിരുന്നു.

ഇന്റിപെന്റന്റ് ആയ വര്‍ക്കുകളെ പ്രോത്സാഹിപ്പിക്കേണ്ടതുണ്ടെന്നും മംമ്ത പറഞ്ഞിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Mamta Mohandas comment about discrimination