ഹരിഹരന്‍ സംവിധാനം ചെയ്ത മയൂഖത്തിലൂടെ സിനിമാലോകത്തേക്കെത്തിയ താരമാണ് മംമ്ത മോഹന്‍ദാസ്. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, ചിത്രങ്ങളിലും താരം തന്റെ സാന്നിധ്യമറിയിച്ചു. ഒരിക്കലും സൂപ്പര്‍സ്റ്റാര്‍ എന്ന ടൈറ്റിലിലേക്ക് പോകാന്‍ ആഗ്രഹിക്കാത്തയാളാണ് താനെന്ന് മമ്ത പറഞ്ഞു.
അഭിനയിക്കുക എന്നത് മാത്രമാണ് തന്റെ ജോലിയെന്നും നമ്പര്‍ വണ്‍ നമ്പര്‍ ടു എന്നീ റാങ്കിങ്ങുകളൊക്കെ ശ്രദ്ധിക്കുന്നവരാണ് സൂപ്പര്‍സ്റ്റാര്‍ എന്ന പദവിക്ക് വേണ്ടി ആവശ്യമില്ലാതെ ശ്രമിക്കുന്നതെന്നും താരം പറഞ്ഞു. സൂപ്പര്‍സ്റ്റാര്‍ഡം എന്നതിനെക്കുറിച്ച് താന്‍ ചിന്തിക്കാറില്ലെന്നും അത് തന്നെ ബാധിക്കാറില്ലെന്നും മംമ്ത മോഹന്‍ദാസ് പറഞ്ഞു.
പി.ആര്‍ വര്‍ക്കേഴ്‌സിനെ ഉപയോഗിച്ച് പത്തുപന്ത്രണ്ട് മീഡിയകളില്‍ പേരിന്റെ കൂടെ സൂപ്പര്‍സ്റ്റാര്‍ എന്ന് ചേര്‍ക്കുന്ന ആര്‍ട്ടിസ്റ്റുകളെ തനിക്കറിയാമെന്നും താരം പറഞ്ഞു. ഇന്‍ഡസ്ട്രിയിലെ നിലനില്‍പ്പിനെക്കുറിച്ച് അരക്ഷിതാവസ്ഥ തോന്നുന്നതുകൊണ്ടാണ് ഇങ്ങനെ ചെയ്യുന്നതെന്നും മംമ്ത കൂട്ടിച്ചേര്‍ത്തു. പുതിയ ചിത്രമായ മഹാരാജയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട് ഗലാട്ടാ പ്ലസ്സിന് നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം പറഞ്ഞത്.
‘ഈ സൂപ്പര്‍സ്റ്റാര്‍ഡം പോലുള്ള കാര്യത്തിന് വേണ്ടി ഒരിക്കലും ശ്രമിക്കാത്തയാളാണ് ഞാന്‍. പലപ്പോഴും ചിന്തിച്ചിട്ടുണ്ട്, എന്താണ് ഈ സൂപ്പര്‍സ്റ്റാര്‍ എന്നതിന്റെ അര്‍ത്ഥമെന്ന് നമ്പര്‍ വണ്‍, നമ്പര്‍ ടു റാങ്കിങ്ങൊക്കെ ശ്രദ്ധിക്കുന്നവരാണ് സൂപ്പര്‍സ്റ്റാര്‍ ടൈറ്റിലിന് വേണ്ടി ശ്രമിക്കുന്നുണ്ട്. ഞാന്‍ എന്തായാലും അത്തരം കാര്യങ്ങള്‍ ശ്രദ്ധിക്കാറില്ല. എനിക്ക് അതിന്റെ ആവശ്യമുള്ളതായി തോന്നിയിട്ടില്ല എന്നതാണ് സത്യം.
സ്വന്തം പി.ആര്‍ വര്‍ക്കേഴ്‌സിനെ വെച്ച് പത്തുപന്ത്രണ്ട് മീഡിയകളില്‍ പേരിനൊപ്പം സൂപ്പര്‍സ്റ്റാര്‍ എന്ന് ചേര്‍ക്കുന്ന സ്വയം പ്രഖ്യാപിത സൂപ്പര്‍സ്റ്റാറുകള്‍ നമുക്ക് ചുറ്റുമുണ്ട്. അവരെയൊന്നും ഞാന്‍ കാര്യമാക്കാറില്ല .എന്റെ പണി അഭിനയിക്കുക എന്നത് മാത്രമാണ്. അത് കൃത്യമായി ചെയ്യുന്നുണ്ടെന്നും എന്റെ 100 ശതമാനവും അതിന് വേണ്ടി കൊടുക്കുന്നുണ്ടെന്നും ഉറപ്പുവരുത്തുന്നുണ്ട്. വേറൊന്നും ആവശ്യമില്ല,’ മംമ്ത പറഞ്ഞു.
Content Highlight: Mamta Mohandas about self proclaimed superstars in cinema