രാഷ്ട്രപതി സ്ഥാനാര്‍ഥി: കലാമിനു പിന്തുണതേടി മമത ഫേസ്ബുക്കില്‍
India
രാഷ്ട്രപതി സ്ഥാനാര്‍ഥി: കലാമിനു പിന്തുണതേടി മമത ഫേസ്ബുക്കില്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 16th June 2012, 1:25 pm

ന്യൂ ദല്‍ഹി: രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍  എ.പി.ജെ. അബ്ദുള്‍കലാമിന് പിന്തുണതേടി തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷ മമത ബാനര്‍ജി ഫേസ്ബുക്കില്‍. രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയായി പ്രണാബ് മുഖര്‍ജിയെ പരിഗണിക്കുന്നതില്‍ നിന്ന് പിറകോട്ടില്ലെന്ന കോണ്‍ഗ്രസിന്റെ പ്രഖ്യാപനത്തിന് പിറകെയാണ് യു.പി.എ ഘടക കക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസ് ഫേസ്ബുക്കിലൂടെ പുതിയ പോര്‍മുഖം തുറന്നത്.

രാഷ്ട്രപതി സ്ഥാനാര്‍ഥിയായി കലാമിനെതന്നെയാണ് താനിപ്പോഴും പിന്തുണക്കുന്നതെന്ന് വ്യക്തമാക്കിയായിരുന്നു മമതയുടെ ആദ്യ പോസ്റ്റ്.
കലാമിനെ രാഷ്ട്രപതി സ്ഥാനാര്‍ഥിയാക്കാന്‍ തൃണമൂല്‍ കോണ്‍ഗ്രസില്‍ തനിക്ക് പിന്തുണയും ഐക്യവുമുണ്ടെന്നും മമത പോസ്റ്റില്‍ വ്യക്തമാക്കുന്നു.   താന്‍ നേരത്തെ തന്നെ മറ്റു പാര്‍ട്ടികളോട്  കലാമിനെ പിന്തുണയ്ക്കാന്‍ ആവശ്യപ്പെട്ടിരുന്നുവെന്നും മമത പോസ്റ്റില്‍ പറയുന്നു.

ഭയനമില്ലാത്തിടത്തേക്ക്
തലയുയര്‍ത്തിപ്പിടിക്കാന്‍ കഴിയുന്നിടത്തേക്ക്
ജ്ഞാനം സ്വന്ത്രമായിരിക്കുന്നിടത്തേക്ക്

എന്ന് തുടങ്ങുന്ന രവീന്ദ്രനാഥ ടഗോര്‍ കവിതയുടെ വരികളാലാണ് മമത പോസ്റ്റ് തുടങ്ങുന്നത്.

ഇന്ത്യയിലെ ജനങ്ങളെ സ്വതന്ത്രമായി സ്വപ്നം കാണാനും മുന്നേറാനും പഠിപ്പിച്ച കലാം രാഷ്ട്രപതിയായി തന്റെ കഴിവ് തെളിച്ചിട്ടുള്ള വ്യക്തിയാണ്. ഇന്ത്യക്കാരെ മുഴുവന്‍ സ്വാധീനിക്കാന്‍ കഴിയുന്ന ഇന്ത്യയുടെ അഭിമാന പുത്രനാണ് ഡോ.എ.പി.ജെ അബ്ദുല്‍ കലാം. മമത പറയുന്നു.

ദിനം പ്രതി ഞാന്‍ ആരാധിക്കുന്ന ഗുണ വിശേഷങ്ങളുടെ മൂര്‍ത്തീഭാവമാണദ്ദേഹം. തലയുയര്‍ത്തിപ്പിടിച്ച് തന്റെ നേട്ടങ്ങളിലൂടെ രാജ്യത്തെ ഉന്നതിയിലേയ്ക്ക് അദ്ദേഹം നയിച്ചു. അദ്ദേഹം സത്യാന്വേഷിയും വിജ്ഞാനത്തിന്റെ കലവറയും യുക്തിയുടെയും വിവേകത്തിന്റെയും ഉറച്ചശബ്ദവും സര്‍വ്വോപരി സങ്കുചിത രാഷ്ട്രീയത്തില്‍ നിന്നും മുക്തനുമാണ് കലാമെന്ന് മമത ബാനര്‍ജി പറയുന്നു. എന്നാല്‍ കോണ്‍ഗ്രസ് യുപിഎയുടെ രാഷ്ട്രപതി സ്ഥാനാര്‍ഥിയായി പ്രണാബ് മുഖര്‍ജി പ്രഖ്യാപിച്ചിരിക്കുകയാണിപ്പോള്‍.- മമത പറയുന്നു.