തീവ്രവാദികള്‍ കൊല്ലപ്പെട്ടിട്ടില്ലെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ പറയുന്നു, ജെയ്‌ഷെ കേന്ദ്രങ്ങള്‍ ആക്രമിച്ചതിന് കേന്ദ്രം തെളിവു നല്‍കണം: മമതാ ബാനര്‍ജി
national news
തീവ്രവാദികള്‍ കൊല്ലപ്പെട്ടിട്ടില്ലെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ പറയുന്നു, ജെയ്‌ഷെ കേന്ദ്രങ്ങള്‍ ആക്രമിച്ചതിന് കേന്ദ്രം തെളിവു നല്‍കണം: മമതാ ബാനര്‍ജി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 28th February 2019, 9:58 pm

കൊല്‍ക്കത്ത: ബാലാക്കോട്ടിലെ ജെയ്‌ഷെ മുഹമ്മദ് കേന്ദ്രങ്ങള്‍ ഇന്ത്യ തകര്‍ത്തതിന് കേന്ദ്രം തെളിവു നല്‍കണമെന്നാവശ്യപ്പെട്ട് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. ആക്രമണം നടത്തിയ കൃത്യ സ്ഥലങ്ങളുടെ വിശദ വിവരങ്ങള്‍ കേന്ദ്രം പുറത്തു വിടണമെന്നാണ് മമതയുടെ ആവശ്യം.

ബാലാക്കോട്ടില്‍ ഇന്ത്യ വ്യോമാക്രമണം നടത്തിയ ഇടങ്ങളില്‍ ജെയ്‌ഷെ കേന്ദ്രങ്ങള്‍ ഇല്ലായിരുന്നുവെന്നും സംഭവത്തില്‍ ആരും മരിച്ചിട്ടില്ലെന്നുമുള്ള ന്യൂയോര്‍ക്ക് ടൈംസ്, വാഷിങ്ടണ്‍ പോസ്റ്റ് എന്നീ അന്താരാഷ്ട്ര മാധ്യമങ്ങളുടെ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടിയായിരുന്നു മമതയുടെ പ്രസ്താവന.

“പ്രതിപക്ഷം എന്ന നിലയ്ക്ക് വ്യോമാക്രമണത്തിന്റെ വിശദവിവരങ്ങള്‍ ഞങ്ങള്‍ക്ക് അറിയണം. ബോംബുകള്‍ എവിടെയാണ് വര്‍ഷിച്ചത്? എത്ര പേര്‍ കൊല്ലപ്പെട്ടു? ന്യൂയോര്‍ക്ക് ടൈംസും വാഷിങ്ടണ്‍ പോസ്റ്റും വായിച്ചപ്പോള്‍ ആരും കൊല്ലപ്പെട്ടിട്ടില്ലെന്നാണ് അവര്‍ റിപ്പോര്‍ട്ട് ചെയ്തു കാണുന്നത്. ചില മാധ്യമങ്ങള്‍ ഒരാള്‍ മാത്രം കൊല്ലപ്പെട്ടു എന്ന റിപ്പോര്‍ട്ടു ചെയ്യുന്നു. ഞങ്ങള്‍ക്ക് വിശദവിവരം നല്‍കണം”- മമത പറഞ്ഞതായി എ.എന്‍.ഐ റിപ്പോര്‍ട്ടു ചെയ്തു.

Also Read പൈലറ്റ് പ്രൊജക്ട് കഴിഞ്ഞു, ഇനി യഥാര്‍ത്ഥ പദ്ധതിക്കുള്ള സമയം; ഗൂഢ പരാമര്‍ശവുമായി നരേന്ദ്ര മോദി

സായുധ സേനയെ തന്റെ പാര്‍ട്ടി ബഹുമാനിക്കുന്നതായും എന്നാല്‍ ജവാന്മാരുടെ ത്യാഗങ്ങള്‍ മുന്‍നിര്‍ത്തി രാഷ്ട്രീയം പറയുന്നവരെ തനിക്ക് ഇഷ്ടമല്ലെന്നും മമത പറഞ്ഞു.

ഇന്ത്യന്‍ സൈനികരുടെ ത്യാഗങ്ങളെ ബി.ജെ.പി പ്രത്യക്ഷമായി രാഷ്ട്രീയവത്കരിക്കുകയാണെന്ന് രാജ്യത്തെ 21 രാഷ്ട്രീയ പാര്‍ട്ടികളുടെ സംയുക്ത പ്രസ്താവനയില്‍ കുറ്റപ്പെടുത്തിയിരുന്നു.

പുല്‍വാമ ഭീകരാക്രമണത്തിന് ശേഷം ജെയ്‌ഷെ മുഹമ്മദ് ഇന്ത്യയില്‍ വീണ്ടും ഭീകരാക്രമണത്തിന് ശ്രമിച്ചേക്കുമെന്ന വാര്‍ത്തകള്‍ ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ ഇത് തടയാന്‍ വേണ്ടിയാണ് പാക് അതിര്‍ത്തി കടന്ന് ജെയ്‌ഷെ കേന്ദ്രം അക്രമിച്ചതെന്നായിരുന്നു ഇന്ത്യയുടെ വിശദീകരണം.

എന്നാല്‍ തൊട്ടടുത്ത ദിവസം പാകിസ്ഥാന്‍ ഇന്ത്യയില്‍ പ്രത്യാക്രമണം നടത്തുകയും സൈനികരുള്‍പ്പെടെ ജമ്മുവില്‍ ഏഴു പേര്‍ കൊല്ലപ്പെടുകയും ചെയ്തിരുന്നു.