കൊല്‍ക്കത്ത: രാമനവമിയുടെ മറവില്‍ ബംഗാളിലുണ്ടായ കലാപങ്ങളില്‍ ബി.ജെ.പിയെയും സി.പി.ഐ.എമ്മിനെയും ഒരു പോലെ വിമര്‍ശിച്ച് മുഖ്യമന്ത്രി മമത ബാനര്‍ജി. രണ്ട് മതസ്ഥരെ തമ്മിലടിപ്പിച്ച് ഹിന്ദു മതത്തെ നാണം കെടുത്താനാണ് ബി.ജെ.പി ശ്രമിക്കുന്നതെന്ന് മമത കുറ്റപ്പെടുത്തി.
ശോഭായാത്രക്കിടെ പാര്‍ട്ടി പ്രവര്‍ത്തകരുടെ കയ്യില്‍ ആയുധം നല്‍കി കലാപമുണ്ടാക്കുന്ന സി.പി.ഐ.എം തന്ത്രമാണ് ബി.ജെ.പിയും ആവര്‍ത്തിക്കുന്നതെന്നും അവര്‍ പറഞ്ഞു. കെജൂരി ജില്ലയില്‍ തൃണമൂല്‍ കേണ്‍ഗ്രസ് നടത്തിയ പാര്‍ട്ടി സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മമത.
കലാപങ്ങള്‍ ബംഗാളിന്റെ പാരമ്പര്യത്തിലില്ലെന്നും ബീഹാറില്‍ കലാപകാരികളെ തലകീഴായി കെട്ടിത്തൂക്കുമെന്ന് പറഞ്ഞ അമിത് ഷാ എന്തുകൊണ്ടാണ് ബംഗാളിലെ ബി.ജെ.പി ഗുണ്ടകളെ നിലക്ക് നിര്‍ത്താത്തതെന്നും അവര്‍ ചോദിച്ചു.
‘എപ്പോഴാണ് ബി.ജെ.പി കലാപത്തിന് ശ്രമിക്കുന്നതെന്ന് പറയാനൊക്കില്ല. ബംഗാളിലെ ജനങ്ങള്‍ കലാപങ്ങളെയോ അക്രമത്തെയോ ഇഷ്ടപ്പെടുന്നില്ലെന്ന് ഇവരെന്താണ് മനസിലാക്കത്. കലാപങ്ങള്‍ ബംഗാളിന്റെ പാരമ്പര്യത്തിലില്ല. ഇവിടുത്തെ സാധാരണ ജനങ്ങള്‍ കലാപങ്ങളെ ഇഷ്ടപ്പെടുന്നില്ല. ബി.ജെ.പിക്ക് നേരിട്ട് കലാപമുണ്ടാക്കാനാവാത്തത് കൊണ്ട് അവര്‍ പുറത്ത് നിന്ന് ആളെകൊണ്ടുവരികയാണ്.
കഴിഞ്ഞ ദിവസം ഒരു ചെറുപ്പക്കാരന്റെ കയ്യില്‍ ആയുധം കൊടുത്ത് രാമനവമി ശോഭായാത്രക്കിടയിലേക്ക് പറഞ്ഞ് വിട്ടിരിക്കുന്നു. ഇവിടെ സി.പി.ഐ.എം വര്‍ഷങ്ങളായി പയറ്റിയ തന്ത്രമാണത്. സി.പി.ഐ.എം അധികാരത്തിലിരുന്ന സമയത്ത് ബംഗാളില്‍ കാണിച്ച് കൂട്ടിയ അക്രമങ്ങള്‍ നാം കണ്ടതാണല്ലോ?
ബീഹാറില്‍ കലാപകാരികളെ തലകീഴായി കെട്ടിത്തൂക്കുമെന്നാണ് അമിത് ഷാ പറഞ്ഞത്. അവരെന്ത് കൊണ്ടാണ് ബംഗാളിലെ ഗുണ്ടകളെ നിലക്ക് നിര്‍ത്താത്തത്,’ മമത ബാനര്‍ജി ചേദിച്ചു.
അതിനിടെ രാമനവമിദിനത്തില്‍ രാജ്യത്തുടനീളം വലിയ അക്രമങ്ങളാണ് അരങ്ങേറിയത്. ബംഗാളിലെ ഹൗറയിലുണ്ടായ കലാപത്തില്‍ നിരവധി വാഹനങ്ങള്‍ കത്തിക്കുകയും കടകള്‍ തകര്‍ക്കുകയും ചെയ്തിരുന്നു. മമത ബാനര്‍ജിയുടെ നിസംഗതയാണ് കലാപത്തിന് കാരണമെന്ന് ആരോപിച്ച് കോണ്‍ഗ്രസും ബി.ജെ.പിയും രംഗത്തെത്തിയിരുന്നു.