|

സ്‌റ്റൈല്‍ മന്നന്റെ കാലയില്‍ മമ്മൂട്ടിയും; ടീസറിന് പിന്നാലെ ശക്തമായി അഭ്യൂഹങ്ങള്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ചെന്നൈ: സ്‌റ്റൈല്‍ മന്നന്‍ രജനികാന്തിനെ നായകനാക്കി പാ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന കാലയില്‍ മെഗാസ്റ്റാര്‍ മമ്മൂട്ടിയും അഭിനയിക്കുന്നുണ്ടെന്ന് അഭ്യൂഹം. ചിത്രത്തിന്റെ ടീസര്‍ പുറത്ത് വന്നത് മുതലാണ് പ്രചരണം ശക്തമായത്.

ചിത്രത്തില്‍ ബി.ആര്‍ അംബേദ്ക്കറായി മമ്മൂട്ടി എത്തുന്നുണ്ടെന്നാണ് പുറത്ത് വരുന്ന വാര്‍ത്തകള്‍. എന്നാല്‍ ചിത്രത്തില്‍ മമ്മൂട്ടി അഭിനയിച്ചിട്ടില്ലെന്നും ജബ്ബാര്‍ പട്ടേല്‍ സംവിധാനം ചെയ്ത ഡോ ബാബാസാഹേബ് അംബേദ്കര്‍ എന്ന സിനിമയിലെ മമ്മൂട്ടിയുടെ സീനുകള്‍ പടത്തിനായി ഉപയോഗിക്കുകയാണെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.

ഇന്നലെ അര്‍ദ്ധരാത്രിയോടെയാണ് ചിത്രത്തിന്റെ ടീസര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്ത് വിട്ടത്. “കാല, എന്ത് പേരാണത്” എന്ന നാനാപാട്കറുടെ കഥാപാത്രത്തിന്റെ സംഭഷണത്തോടെയാണ് ടീസര്‍ ആരംഭിക്കുന്നത്. തുടര്‍ന്ന് രജനീകാന്തിന്റെ സൂപ്പര്‍ ലുക്കും ചില ആക്ഷന്‍ രംഗങ്ങളും കാണിച്ച് “കാല” എന്താണെന്ന് വിശദീകരിക്കുന്നു. കാല എന്നാല്‍ കറുപ്പ്, യമകാലന്‍ രക്ഷിക്കാനായി യുദ്ധം ചെയ്യുന്നവന്‍. ചിത്രത്തിന്റെ ദ്രാവിഡ രാഷ്ട്രീയം വ്യക്തമാക്കുന്നതാണ് ഈ ഡയലോഗ്.

“സംഘടിക്കുക, പഠിക്കുക, പോരാടുക” എന്ന അംബേദ്കര്‍ മുദ്രാവാക്യമാണ് ടീസറില്‍ ബാക്ക്ഗ്രൗണ്ട് മ്യൂസിക് ആയി ഉപയോഗിച്ചിരിക്കുന്നത്. ടീസര്‍ ഇതിനോടകം യൂട്യൂബ് റെക്കോര്‍ഡുകള്‍ തകര്‍ത്ത് മുന്നേറുകയാണ്.