| Thursday, 19th December 2019, 7:55 pm

'പേപ്പട്ടി കടിക്കാന്‍ വന്നാല്‍ എന്ത് ചെയ്യുമെന്ന് യോഗം കൂടി തീരുമാനിക്കാറില്ല'; 20 കോടി മനുഷ്യരെ നിങ്ങള്‍ക്ക് ഒരു ചുക്കും ചെയ്യാന്‍ കഴിയില്ലെന്നും മാമുക്കോയ

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: പൗരത്വഭേദഗതി നിയമത്തിനെതിരെ രാജ്യത്താകമാനം പ്രതിഷേധം ശക്തമാവുകയാണ്. പ്രതിഷേധത്തെ തകര്‍ക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ നടപടികളെ വെല്ലുവിളിച്ചുകൊണ്ടാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ജനങ്ങള്‍ പ്രതിഷേധവുമായി രംഗത്തിറങ്ങുന്നത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

വിദ്യാര്‍ത്ഥികളും ജനങ്ങളും സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖരും പ്രതിഷേധവുമായി രംഗത്തെത്തി. കോഴിക്കോട് നഗരത്തില്‍ സാംസ്‌ക്കാരിക പ്രവര്‍ത്തകരുടെ മുന്‍കയ്യില്‍ നടന്ന പ്രതിഷേധ സംഗമത്തിലാണ് പൗരത്വഭേദഗതി നിയമത്തിനെതിരെ മാമുക്കോയ രംഗത്ത് വന്നത്.

ഒരു പേപ്പട്ടി കടിക്കാന്‍ വന്നാല്‍ എന്ത് ചെയ്യുമെന്ന നമ്മള്‍ യോഗം കൂടി തീരുമാനിക്കാറില്ല, എന്താണോ വേണ്ടതെന്ന് അത് തന്നെ മനുഷ്യമ്മാര്‍ ചെയ്യുമെന്ന് മാമുക്കോയ പറഞ്ഞു. 20 കോടി മനുഷ്യരെ നിങ്ങള്‍ക്ക് ഒരു ചുക്കും ചെയ്യാന്‍ കഴിയില്ലെന്നും മാമുക്കോയ പറഞ്ഞു. പൗരത്വ ഭേദഗതി നിയമത്തിനെതിരെ സംസ്‌കാര സാഹിതി സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ കോഴിക്കോട് മാനാഞ്ചിറയ്ക്ക് സമീപം സംഘടിപ്പിച്ച പ്രതിഷേധത്തിലായരുന്നു മാമുക്കോയയുടെ പരാമര്‍ശം.

ഇന്ത്യയിലെ റോഡുകളുടെയും സ്ട്രീറ്റുകളുടെയും പേരുമാറ്റിയാണ് ഇവര്‍ തുടങ്ങിയതെന്നും എന്റെ ബാപ്പയുടെ ബാപ്പയുടെ കാലം മുതല്‍ ഞങ്ങളിവിടെ ജീവിക്കുന്നുണ്ടെന്നും ഇനിയും ഇവിടെ തന്നെ തുടരുമെന്നും ഈ സ്ഥലം ഒരുത്തന്റേയും കുത്തകയല്ലെന്നും മാമുക്കോയ കേന്ദ്രസര്‍ക്കാരിനെതിരെ തുറന്നടിച്ചു.

‘രേഖ വേണ്ടവര്‍ ഇങ്ങോട്ട് വാ.. അപ്പോള്‍ പറഞ്ഞുതരാമെന്നും’ അദ്ദേഹം വെല്ലുവിളി ഉയര്‍ത്തി.
തലപോകാന്‍ നില്‍ക്കുമ്പോള്‍ കയ്യിന്റെയും വിരലിന്റെയും കാര്യം ആലോചിച്ചു ഭയന്നിട്ടു കാര്യമില്ല. പോരാടുക തന്നെ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

മാമുക്കോയ, എം.ജി.എസ് നാരായണന്‍, കല്‍പ്പറ്റ നാരായണന്‍, കെ.ഇ.എന്‍, യു.കെ കുമാരന്‍, ആര്യാടന്‍ ഷൗക്കത്ത് എന്നിവര്‍ പ്രതിഷേധത്തില്‍ അണിചേര്‍ന്നു. ‘ഞാന്‍ പൗരന്‍ പേര് ഭാരതീയന്‍’, പൗരത്വം ഔദാര്യമല്ല എന്ന പേരിലാണ് പ്രതിഷേധം നടക്കുന്നത്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more