| Monday, 9th September 2013, 7:56 pm

മംനൂണ്‍ ഹുസൈന്‍ പാക്കിസ്താന്‍ പ്രസിഡണ്ടായി അധികാരമേറ്റു

ഡൂള്‍ന്യൂസ് ഡെസ്‌ക്

[]ഇസ്ലാമാബാദ്: പാക്കിസ്താന്റെ പുതിയ പ്രസിണ്ടായി മംനൂണ്‍ ഹുസൈന്‍ സത്യപ്രതിജ്ഞ ചെയ്തു അധികാരമേറ്റു. തിങ്കളാഴ്ച നടന്ന ചടങ്ങില്‍ പാക്കിസ്താന്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഇഖ്തിക്കാര്‍ ചൗധരിയാണ് ഹുസൈന് സത്യപ്രതിജ്ഞാ വാചകം ചൊല്ലിക്കൊടുത്തത്.[]

പ്രധാനമന്ത്രി നവീസ് ഷെരീഫ്, സൈനീക മേധാവികള്‍, വിവിധ പാര്‍ട്ടീ നേതാക്കന്മാര്‍ എന്നിവരോടൊപ്പം സ്ഥാനമൊഴിഞ്ഞ പ്രസിഡണ്ട് ആസിഫ് അലി സര്‍ദാരിയും ചടങ്ങില്‍ സംബന്ധിച്ചു.

ബിസിനസ്സുകാരനായ മംനൂണ്‍ ഹുസൈന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ  അടുത്ത അനുയായിയാണ്. പട്ടാള അട്ടിമറിയെത്തുടര്‍ന്ന് പ്രധാനമന്ത്രി പദം നഷ്ടപ്പെട്ട് വിദേശത്തേക്ക് കടക്കുമ്പോള്‍ ശരീഫിനോടൊപ്പം ഉറച്ചുനിന്ന നേതാവാണ് മംനൂന്‍.

ശരീഫ് വിദേശത്തായിരിക്കുമ്പോള്‍ പാക്കിസ്താന്‍ മുസ്‌ലിം ലീഗ്-എന്‍ മംനൂന്റെ നിയന്ത്രണത്തിലായിരുന്നു.ഇപ്പോള്‍ കറാച്ചി സ്വദേശിയായ 73 കാരനായ ഹുസൈന്‍ ഇന്ത്യയിലെ ആഗ്രയിലാണ് ജനിച്ചത്.

നേരത്തെ സിന്ധിലെ ഗവര്‍ണര്‍ ആയി സേവനമനുഷ്ഠിച്ചിട്ടുണ്ട്. കഴിഞ്ഞ ജൂലെ 30ന് നടന്ന ഇലക്ഷനിലാണ് ഹൂസൈന്‍ പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ടത്. പ്രധാന എതിരാളിയായ വാജിഹുദ്ദീന്‍ അഹമ്മദിനെ 77 നെതിരെ 432 വോട്ടുകള്‍ക്കാണ് ഹുസൈന്‍ പരാജയപ്പെടുത്തിയത്.

അഞ്ച് വര്‍ഷത്തെ പ്രസിഡന്‍ഷ്യല്‍ കാലയളവിന് ശേഷം കഴിഞ്ഞ ദിവസമാണ് ആസിഫ് അലി സര്‍ദാരി പ്രസിഡണ്ട് സ്ഥാനം ഒഴിഞ്ഞത്. പാക്കിസ്താന്റെ ചരിത്രത്തില്‍ ആദ്യമായാണ് തിരഞ്ഞെടുക്കപ്പെട്ട ഒരാള്‍ പ്രസിഡണ്ട് പദവിയില്‍ കാലാവധി പൂര്‍ത്തിയാക്കുന്നത്.

We use cookies to give you the best possible experience. Learn more