| Tuesday, 7th September 2021, 9:49 am

സിനിമയുടെ രാഷ്ട്രീയത്തില്‍ മമ്മൂട്ടിയുടെ കാലം

പ്രേംചന്ദ്‌

മമ്മൂട്ടിയോര്‍മകളുടെ അനിയന്ത്രിതമായ ഒരു പ്രവാഹമാണ് ഇപ്പോള്‍ നടക്കുന്നത്. ഒരു പക്ഷേ ഒരു കാലത്ത് നിത്യഹരിത നായകന്‍ എന്ന് വിശേഷിപ്പിക്കപ്പെട്ട പ്രേംനസീറില്‍ മാത്രം സാധ്യമായ ഓര്‍മ പ്രവാഹത്തിന്റെ തുടര്‍ച്ച ഇന്ന് മമ്മൂട്ടിയില്‍ കാണാം. നസീറിന്റെ കാലത്ത് ഇത്രയും ബൃഹത്തായ ബഹുസ്വര മാധ്യമങ്ങള്‍ ഇല്ലായിരുന്നു എന്ന വസ്തുത കണക്കിലെടുത്താല്‍ മമ്മൂട്ടിയെപ്പോലെ മലയാളി ആഴ്ന്നിറങ്ങിയ മറ്റൊരു സമയബിംബം ചരിത്രത്തില്‍ വേറെയൊന്നില്ല. സമാനതകളില്ലാത്ത ഈ ഓര്‍മപ്പെരുക്കത്തിന് മാധ്യമവിസ്‌ഫോടനം വഴിയൊരുക്കുന്നു എന്നു കാണാം.

അരനൂറ്റാണ്ടിന്റെ കേരള ചരിത്രം ഓര്‍മകളുടെ ചരിത്രമായി പറ്റിപ്പിടിച്ചു നില്‍ക്കുന്നത് ചില സമയബിംബങ്ങളിലൂടെയാണ്. അതില്‍ നെടുനായകത്വം വഹിക്കുന്നു മമ്മൂട്ടി. മമ്മൂട്ടിയെ പഠിയ്ക്കുമ്പോള്‍ അതുകൊണ്ട് തന്നെ ഈ സമയബിംബത്തില്‍ അടിഞ്ഞുകൂടിയ പതിറ്റാണ്ടുകളെയാണ് മനസ്സിലാക്കുന്നത്. കൂട്ടമറവികളും അപ്പോള്‍ അതിന്റെ ഭാഗമായി പഠിക്കപ്പെടാന്‍ നാം നിയുക്തരാകേണ്ടതുണ്ട്.

അരനൂറ്റാണ്ട് എന്നത് നിസ്സാര കാലയാളവല്ല. പല തലമുറകളുടെ ഓര്‍മകള്‍ അതിലുണ്ട്. അതിനെ കാഴ്ചയില്ലാത്തവര്‍ ആനയെ കണ്ടത് പോലെ വായിക്കാം. അതാണ് എളുപ്പവും സ്വാഭാവികവും. എന്നാല്‍ ആ വായനയില്‍ മമ്മൂട്ടി ഒതുങ്ങി നില്‍ക്കില്ല. അഞ്ചു പതിറ്റാണ്ടിലെ ഓരോ തലമുറക്കും അവരവരുടെതായ മമ്മൂട്ടിയുണ്ട്. അതിലേതാണ് മമ്മൂട്ടിയെന്ന ചോദ്യം അപ്രസക്തമാണ്. ആന എന്നത് തുമ്പിക്കൈയ്യോ കൊമ്പോ വാലോ ആനവയറോ ആനക്കാലോ അല്ലാത്തത് പോലെത്തന്നെ ഏതെങ്കിലും ദശകത്തിലെ, അല്ലെങ്കില്‍ സംവിധായകരുടെ സിനിമകളിലേക്ക് മാത്രമായി മമ്മൂട്ടിയെ ചുരുക്കി എഴുതാനാവില്ല. എന്നാല്‍ മമ്മൂട്ടി എന്ന സമയബിംബത്തിലൂടെ കാലം ഓര്‍മ്മയെയാണോ മറവിയെയാണോ ഉത്പാദിപ്പിക്കുന്നത് എന്നത് വലിയ ചോദ്യമാണ്.

എന്റെ നിരീക്ഷണത്തില്‍ മമ്മൂട്ടി ഓര്‍മയുടെ ചരിത്രത്തിന്റെ ഭാഗമായി നില്‍ക്കുന്നത് എണ്‍പതുകളിലെ സിനിമകളില്‍ മാത്രമാണ്. അതും മമ്മൂട്ടി അസംഖ്യം നായകന്മാരില്‍ ഒരു നായകന്‍ മാത്രമായിരുന്ന കാലത്ത്. അക്കാലത്ത് സിനിമയില്‍ സംവിധായകര്‍ക്കും എഴുത്തുകാര്‍ക്കും വലിയ പ്രാധാന്യമുണ്ടായിരുന്നു. അടിസ്ഥാനപരമായി സിനിമ എന്നാല്‍ ആണ്‍ സിനിമ ആയിരുന്നെങ്കിലും മൂലധനത്തിന്റെ സ്വേച്ഛാധികാരത്തെ ഒരു പരിധി വരെയെങ്കിലും തടഞ്ഞു നിര്‍ത്തിയ സര്‍ഗ്ഗാത്മകമായ ബഹുസ്വരതക്ക് ഒരു പരിധി വരെ ഇടമുണ്ടായിരുന്നു.

തൊണ്ണൂറുകളോടെ സിനിമയില്‍ മൂലധനം സമഗ്രമായി പിടിമുറുക്കി. അതോടെ ഒറ്റനായകന്റെ പിറവിയായി. ഒററനായകന്‍ സിനിമയിലെ മറ്റെല്ലാ സ്വരങ്ങളും വെട്ടിവീഴ്ത്തുന്നു. മറ്റെല്ലാ സ്വരങ്ങളും നായകന്റെ സ്വരത്തിന് കീഴ്‌പ്പെട്ട് നില്‍ക്കുന്നു. യാദൃശ്ചികമല്ല അത് ആഗോളവല്‍ക്കരണത്തിന്റെയും നിയോ കൊളോണിയലിസത്തിന്റെയും ദല്ലാള്‍ ഭരണകൂടങ്ങളുടെയും ദല്ലാള്‍ സംസ്‌കാരത്തിന്റെയും കാലമാണ്. സിനിമയിലും അത് പിടിമുറുക്കി എന്നു കാണാം.

എണ്‍പതുകളില്‍ ഒരു മമ്മുട്ടി – മോഹന്‍ ലാല്‍ സിനിമ സാധ്യമായത് പോലെ തൊണ്ണൂറുകളോടെ അത്തരമൊരു സിനിമ മിക്കവാറും അസാധ്യമായി. ആഗോളവല്‍ക്കരണത്തിന്റെ മൂന്ന് പതിറ്റാണ്ട് പൂര്‍ത്തിയായ കാലമാണിത്. രാഷ്ട്രീയ സിനിമകള്‍ മിക്കവാറും അസാധ്യമായ കാലം.

എല്ലാ സിനിമകള്‍ക്കും രാഷ്ട്രീയമുണ്ട്. എന്നാല്‍ പിന്നിട്ട മൂന്ന് പതിറ്റാണ്ട് കാലം നമ്മുടെ സിനിമ പൊതുവില്‍ സംസാരിച്ചത് കൂട്ടമറവിയുടെ രാഷ്ട്രീയമാണ്. മമ്മൂട്ടി സിനിമകളും ഇതിന്റെ ഭാഗമായി എന്നത് സിനിമയിലെ മൂലധന ആധിപത്യത്തിന്റെ ചരിത്രമാണ്.

1991-2021 കാലത്തെ മമ്മൂട്ടി സിനിമകളുടെ മുഖ്യധാരാ രാഷ്ട്രീയം കൂട്ടമറവിയുടെതാണ്. നമ്മുടെ രാഷ്ട്രീയവും അതിനനുസരിച്ച് മാറി. ബാബ്‌റി മസ്ജിദ് ധ്വംസനം, സോവിയറ്റ് പതനം. ഭരണഘടനയില്‍ എഴുതിച്ചേര്‍ത്തിരുന്ന അവസാനത്തെ സോഷ്യലിസ്റ്റ് സ്വപ്നങ്ങളുടെ ശിലകളും കുത്തിപ്പൊളിച്ചെടുത്ത് ആഗോളവിപണിയില്‍ വില്‍പനപ്പണ്ടമാക്കാന്‍ പതിറ്റാണ്ടുകള്‍ രാജ്യം ഭരിച്ച കോണ്‍ഗ്രസ്സ് തന്നെ ഒരുമ്പെട്ടിറങ്ങിയ ‘നരസിംഹ’ ജന്മങ്ങളുടെ കാലം അതോടെ തുടങ്ങി. സിനിമയുടെ രാഷ്ട്രീയവും അതിന് അനുപൂരകമായി. മറവി സാംസ്‌കാരികമായ അതിജീവനത്തിന്റെ മുന്‍ഉപാധിയായി മാറി. മൂലധനത്തിന്റെ വിജയമാണത്. അത് എല്ലാം വിഴുങ്ങുന്നു.

അടിയന്തരാവസ്ഥക്കാലത്തെ മലയാള സിനിമകള്‍ ഉല്പാദിപ്പിച്ച കൂട്ടമറവിയുടെ യഥാര്‍ത്ഥ പിന്‍തുടര്‍ച്ചാവകാശിയാണ് പിന്നിട്ട മൂന്ന് പതിറ്റാണ്ടിന്റെ സിനിമകളുടെ പൊതുവായ രാഷ്ട്രീയം. സമാന്തര / കലാ സിനിമകളില്‍ ചില്ലറ അപവാദങ്ങള്‍ ഇല്ലെന്നല്ല. ചികഞ്ഞുനോക്കിയാല്‍ മതി കെ.പി. കുമാരനോ അടൂരോ പി.ടി. കുഞ്ഞുമുഹമ്മദോ, കെ.ആര്‍.മോഹനനോ ഒക്കെ ഇക്കാലത്ത് എങ്ങിനെയൊക്കെ സിനിമ എടുക്കാനായി എന്ന്?

മലയാളിയുടെ വേരും മനസും ആവിഷ്‌കരിച്ച മമ്മൂട്ടിയുടെ ഏറ്റവും സാര്‍ത്ഥക വര്‍ഷങ്ങള്‍ അതുകൊണ്ട് തന്നെ എണ്‍പതുകളാണ് എന്ന നിരീക്ഷണമാണ് എനിക്കുള്ളത്. മമ്മൂട്ടി എന്ന സമയബിംബം ഏറ്റവും പ്രസക്തമായ കാലം അതിലൂടെ പ്രതിഫലിച്ചു. ഓര്‍മകളുടെ ഒരു ഖനിയാണത്. ആ ഓര്‍മയെ കഴിച്ചുമൂടുന്ന മറവിയുടെയും മൂലധന അധികാരത്തിന്റെയും ശക്തികള്‍ ചരിത്രം തിരുത്തിക്കൊണ്ടേയിരിക്കുന്നുണ്ട്. എന്നും എപ്പോഴും കഥയില്‍ രാക്ഷസന്‍ തന്നെ ജയിച്ചു കൊള്ളണമെന്നില്ല എന്ന പ്രത്യാശ ചരിത്രത്തിന് നല്ലതാണ്. ഓര്‍മകള്‍ക്കും.

മമ്മൂട്ടി പഠിക്കപ്പെടട്ടെ, പലവിധത്താല്‍. മമ്മൂട്ടിയോര്‍മകള്‍ കുത്തിയൊലിച്ചെത്തുന്ന ഈ പ്രളയ പ്രവാഹത്തില്‍ ഞാന്‍ അത്രയും പ്രത്യാശിക്കുന്നു. തിരുത്തല്‍ ബിംബമായി മമ്മൂട്ടിയും ഉയരട്ടെ, ആ കാലപ്രവാഹത്തിന് പിറന്നാള്‍ ആശംസകള്‍.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Mammoty period and politics of films – Premchand writes

പ്രേംചന്ദ്‌

പത്രപ്രവര്‍ത്തകന്‍, എഴുത്തുകാരന്‍, സിനിമാ നിരൂപകന്‍

We use cookies to give you the best possible experience. Learn more