ലാലിസത്തിന്റെ പേരില്‍ ലാലിനെ വേട്ടയാടരുതെന്ന് പ്രമുഖനടന്‍ മമ്മൂട്ടി. തൃപ്പുണിത്തറയിലെ ഭാസ്‌ക്കര്‍ റസ്‌ക്കല്‍ എന്ന ചിത്രത്തിന്റെ ലോക്കേഷനില്‍ നടത്തിയ പത്രസമ്മേളനത്തിലാണ് മമ്മൂട്ടി ലാലിനെ അനുകൂലിച്ച് പ്രസ്താവന നടത്തിയത്. “ലാല്‍ കേരളത്തിന്റെ അഭിമാനമാണ്. പരിപാടിയുടെ നന്മതിന്മ തീരുമാനിക്കേണ്ടത് ജനങ്ങളാണ്. വിവാദങ്ങളുയര്‍ത്തി ദേശീയ ഗെയിംസിന്റെ ശോഭകെടുത്തരുത്.” മമ്മൂട്ടി പറഞ്ഞു. സഹപ്രവര്‍ത്തകന്‍, കലാകാരന്‍, സുഹൃത്ത് എന്നീ നിലകളില്‍ മോഹന്‍ലാലിനെ പിന്തുണയ്ക്കുന്നുവെന്നും മമ്മൂട്ടി കൂട്ടിച്ചേര്‍ത്തു.
നേരത്തെ മോഹന്‍ലാലിനെ പിന്തുണച്ച് സംവിധായകനും നടനുമായ ജോയ്മാത്യു രംഗത്തുവന്നിരുന്നു. “ഒരുപാട് നന്മകള്‍ നമുക്ക് നല്‍കിയ ഒരു സുഹൃത്ത് ചെറിയൊരു തെറ്റ് നമ്മോട് ചെയ്താല്‍ നമ്മള്‍ അയാള്‍ നമ്മളോട് ചെയ്ത എല്ലാ നന്മകളും മറക്കുകയും അവസാനം ചെയ്ത തെറ്റ് മനസ്സില്‍ കൊണ്ടുനടക്കുകയും ചെയ്യും .അതാണു മലയാളി.” എന്ന് ജോയ് മാത്യു തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പ്രതികരിച്ചത്.
ദേശീയ ഗെയിംസിന്റെ ഉദ്ഘാടന ചടങ്ങില്‍ നടന്ന മോഹന്‍ലാലിന്റെ ലാലിസം ബാന്‍ഡ് അവതരിപ്പിച്ച പരിപാടി വന്‍ വിമര്‍ശ്ശനങ്ങളേറ്റു വാങ്ങിയിരുന്നു. തുടര്‍ന്ന് മോഹന്‍ലാലിനെ പ്രതിക്കൂട്ടില്‍ നിര്‍ത്തി സോഷ്യല്‍ മീഡിയകളില്‍ സന്ദേശങ്ങള്‍പ്രചരിക്കുകയും ലാലിസം ബാന്‍ഡിനെ വിമര്‍ശ്ശിച്ചുകൊണ്ട് നിരവധി ചര്‍ച്ചകളും നടന്നു. അതേസമയം ലാലിസത്തിന്റെ പേരില്‍ മോഹന്‍ലാലിനെ വേട്ടയാടുന്നതിനെതിരെ നിരവധി പ്രമുഖരാണ് രംഗത്തുവന്നത്.