| Wednesday, 27th December 2017, 4:04 pm

പാര്‍വതിയുടെ പരാതിയില്‍ അറസ്റ്റിലായത് മമ്മൂട്ടി ഫാന്‍സ് അസോസിയേഷന്‍ അംഗം; കൂടുതല്‍ അറസ്റ്റുകള്‍ ഉണ്ടാകുമെന്ന് പൊലീസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: മമ്മൂട്ടി ചിത്രത്തെ വിമര്‍ശിച്ചതിന്റെ പേരില്‍ നടി പാര്‍വ്വതിക്കെതിരെ സൈബര്‍ ആക്രമണം നടത്തിയ കേസില്‍  അറസ്റ്റിലായത് വടക്കാഞ്ചേരി മമ്മൂട്ടി ഫാന്‍സ് അസോസിയേഷന്‍ അംഗം. വടക്കാഞ്ചേരി സ്വദേശി പ്രിന്റോയാണ് പൊലീസ് പിടിയിലായത്.

എറണാകുളം സൗത്ത് സിഐ സിബി ടോമിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയായ പ്രിന്റോയെ പിടികൂടിയത്.

ഫേസ്ബുക്കില്‍ അശ്ലീല ചുവയുള്ള പരാമര്‍ശം നടത്തിയതിനും, ഭീക്ഷണിപ്പെടുത്തുന്നതിനും ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. ഇതിനായി ഉപയോഗിച്ച ഫോണും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

പൊലീസിനോട് ഇയാള്‍ കുറ്റസമ്മതം നടത്തിയതായാണ് അറിയാന്‍ കഴിഞ്ഞത്. സംഭവവുമായി ബന്ധപ്പെട്ട് കൂടുതല്‍ അറസ്റ്റുകള്‍ ഉണ്ടാകുമെന്നാണ് പൊലീസ് പറയുന്നത്. സൈബര്‍സെല്ലിന്റെ സഹായത്തോടെ അന്വേഷണം വ്യാപിപ്പിച്ചതായി ഉന്നത ഉദ്യോഗസ്ഥര്‍ പറഞ്ഞു.

ഐ.എഫ്.എഫ്.കെ വേദിയില്‍ സ്ത്രീവിരുദ്ധ പരാമര്‍ശങ്ങള്‍ നിറഞ്ഞ ചിത്രത്തെ വിമര്‍ശിച്ചതിന്റെ പേരിലാണ് പാര്‍വതിക്ക് സമൂഹമാധ്യമങ്ങളില്‍ കടുത്ത വിമര്‍ശനം നേരിടേണ്ടിവന്നത്.

നിര്‍ഭാഗ്യവശാല്‍ ആ പടം കാണേണ്ടി വന്നു, അതൊരു സിനിമയാണെന്നു പോലും ഞാന്‍ പറയുന്നില്ലെന്നുമാണ് പാര്‍വതി സിനിമയെ കുറിച്ച് പറഞ്ഞത്.

ആദ്യം സിനിമയുടെ പേര് പറഞ്ഞില്ലെങ്കിലും പിന്നീട് ഒപ്പമുണ്ടായിരുന്ന നടി ഗീതു മോഹന്‍ദാസിന്റെ നിര്‍ബന്ധ പ്രകാരമാണ് പേര് പറഞ്ഞത്. പാര്‍വ്വതിയെ അനുകൂലിച്ചും പ്രതികൂലിച്ചും സിനിമ മേഖലയില്‍ നിന്ന് തന്നെയുള്ള നിരവധി പ്രമുഖര്‍ രംഗത്തെത്തിയിരുന്നു. ഇതോടെ സൈബര്‍ ആക്രമണവും വര്‍ധിച്ചു.

We use cookies to give you the best possible experience. Learn more