| Saturday, 14th May 2022, 7:41 am

തൊട്ടടുത്ത തിയേറ്ററില്‍ സേതുരാമയ്യര്‍ കളിക്കുമ്പോള്‍, മമ്മൂട്ടി തന്നെ പുഴുവില്‍ പ്രധാന കഥാപാത്രമായത് ഒരു തരം കാവ്യനീതിയാണ്

വിഷ്ണു കിരണ്‍ ഹരി

മലയാള സിനിമയില്‍ ഒരു കാലത്ത് കൊമേഴ്ഷ്യല്‍ സിനിമയിലെ നായകന്‍ എന്ന് വെച്ചാല്‍ സവര്‍ണ്ണകുടുംബത്തിലെ ഉത്തമപുത്രന്‍ ആയിരുന്നു.

ടി. ദാമോദരന്‍, പ്രിയദര്‍ശന്‍, ഷാജി കൈലാസ്, രഞ്ജിത് എന്നിവരൊക്കെ മേല്‍നോട്ടം വഹിച്ച ഇത്തരം ചിത്രങ്ങള്‍ സവര്‍ണ്ണ ഗ്ലോറിഫിക്കേഷനിലൂടെയും ആണ്‍കോയ്മയിലൂടെയുമാണ് നിലകൊണ്ടത്.

അറിഞ്ഞോ അറിയാതെയോ അവരുടെ ടൂള്‍സ് ആയിരുന്നു പലപ്പോഴും മോഹന്‍ലാലും മമ്മൂട്ടിയും. മോഹന്‍ലാല്‍ അഭിനയിച്ച ആര്യനും സുരേഷ് ഗോപി അഭിനയിച്ച മഹാത്മയും ഒക്കെ ഒരു പടി കൂടെ കടന്ന് പച്ചക്ക് ദളിത് വിരുദ്ധത പറഞ്ഞ സിനിമകള്‍ ആണ്.

നേരെ മറിച്ച് സവര്‍ണ്ണത/ജാതീയത എന്ന വിപത്തിനെ അഡ്രസ് ചെയ്ത മലയാള സിനിമകള്‍ വിരളമാണ്. പുഴു അത്തരമൊരു രാഷ്ട്രീയം സംസാരിക്കുന്ന സിനിമയാണ്. മമ്മൂട്ടിയും മോഹന്‍ലാലും ഉള്‍പ്പെടെയുള്ള അന്നത്തെ മുന്‍നിര നടന്മാര്‍ ഒക്കെ ചെയ്ത അനീതിയോടുള്ള പ്രായശ്ചിത്തമാണ്.

തൊട്ടടുത്ത തിയേറ്ററില്‍ സേതുരാമയ്യര്‍ കളിക്കുമ്പോള്‍, മമ്മൂട്ടി തന്നെ പുഴുവില്‍ പ്രധാന കഥാപാത്രം ചെയ്തത് ഒരു തരം കാവ്യനീതി എന്ന് പറയാം.

മമ്മൂട്ടി അല്ലാതെ അദ്ദേഹത്തിന്റെ സമകാലീനനായ ആരും ഈ കഥാപാത്രം ഏറ്റെടുത്ത് ചെയ്യാന്‍ ധൈര്യപ്പെടില്ല എന്ന് തോന്നുന്നു. അഭിനയസാധ്യത ഉണ്ടെങ്കിലും, സവര്‍ണ്ണതക്കെതിരെ അത്രമേല്‍ നിലകൊള്ളുന്ന സിനിമയാണ് പുഴു.

ജാതി രാഷ്ട്രീയത്തെ പറ്റി ഒട്ടും വിവരം ഇല്ലാത്ത ഒരാള്‍ക്ക് പോലും വളരെ എളുപ്പത്തില്‍ പിടി കിട്ടുന്ന തരത്തില്‍ അടിമുടി പൊളിറ്റിക്കല്‍ ആയ ഒരു പടമായിട്ടും, പുഴുവില്‍ പൊളിറ്റിക്‌സ് അത്രക്ക് തെളിച്ചുപറയുന്നില്ല എന്ന് മമ്മൂട്ടി അഭിമുഖങ്ങളില്‍ പറഞ്ഞത് എന്തുകൊണ്ടാണെന്ന് മാത്രം മനസ്സിലാകുന്നില്ല. ഒരുപക്ഷേ അമിത പ്രതീക്ഷ വേണ്ടെന്ന് കരുതിയാകാം.

ടോക്‌സിക് പാരന്റിങ്ങും ജാതി വെറിയും പേറുന്ന പ്രധാന കഥാപാത്രത്തിന്റെ ലെയറുകള്‍ മികച്ച രീതിയില്‍ അവതരിപ്പിച്ച മമ്മൂട്ടിയുടെ പ്രകടനം കൊണ്ടും, കുറിക്ക് കൊള്ളുന്ന സംഭാഷണങ്ങള്‍ കൊണ്ടും, വളരെ റിയലസ്റ്റിക് ആയ ആഴത്തിലുള്ള രംഗങ്ങള്‍ കൊണ്ടും മുന്നിട്ട് നില്‍ക്കുമ്പോഴും, സിനിമയുടെ പേര് സാധൂകരിക്കാന്‍ ശ്രമിക്കുന്ന സബ് പ്ലോട്ട് അനാവശ്യം ആയി തോന്നി. അല്ലെങ്കില്‍ അവിടെയും ജാതീയത തന്നെ അഡ്രസ് ചെയ്യാമായിരുന്നു എന്ന് തോന്നി. മൊത്തത്തില്‍ നല്ലൊരു ശ്രമമായി പുഴു അനുഭവപ്പെട്ടു രത്തീനയുടെ പുഴു. ഇനിയും ഇത്തരം പരീക്ഷണങ്ങള്‍ മലയാളത്തില്‍ ഉണ്ടാകട്ടെ.

Content Highlight: Mammotty cbi 5 and puzhu movie write up

വിഷ്ണു കിരണ്‍ ഹരി

We use cookies to give you the best possible experience. Learn more