മലയാള സിനിമയിലെ അതികായൻമാരിൽ ഒരാളായ മമ്മൂട്ടി സിനിമറ്റൊഗ്രാഫി, ഫോട്ടോഗ്രാഫി മുതലായ സാങ്കേതിക കാര്യങ്ങളിലും വളരെ താൽപര്യമുള്ള വ്യക്തിയാണ്. പുതിയ ഗാഡ്ജെറ്റുകൾ, ഉപകരണങ്ങൾ എന്നിവയൊക്കെ വിപണിയിൽ ഇറങ്ങും മുമ്പ് സ്വന്തമാക്കുന്ന മമ്മൂട്ടിയുടെ സ്വഭാവത്തെക്കുറിച്ച് സംസാരിക്കുകയാണ്, ക്രിസ്റ്റഫർ എന്ന മമ്മൂട്ടി ചിത്രത്തിന്റെ സിനിമറ്റൊഗ്രാഫറായ ഫൈസ് സിദ്ദിഖ് .
ഡൂൾ ന്യൂസിന് വേണ്ടി അമൃത.ടി.സുരേഷ് നടത്തിയ അഭിമുഖത്തിലാണ് ഫൈസ് മമ്മൂട്ടിയുടെ ക്യാമറാ പ്രേമത്തെക്കുറിച്ച് തുറന്ന് പറഞ്ഞത്.
തനിക്ക് വാങ്ങാൻ താൽപര്യമുണ്ടായിരുന്ന ഹാസേൽബ്ലേഡ് (Hassel Blad) ക്യാമറ വിപണിയിൽ ഇറങ്ങും മുമ്പേ മമ്മൂട്ടി പ്രീ ബുക്ക് ചെയിതെന്നും, സിനിമറ്റൊഗ്രാഫേഴ്സ് പോലും ചെയ്യാത്ത കാര്യമാണ് അദ്ദേഹം ചെയ്യുന്നതെന്നും വളരെ അപ്പ്‌ഡേറ്റഡാണ് അദ്ദേഹമെന്നുമാണ് ഫൈസ് സിദ്ദിഖ് പറഞ്ഞത്.
“ക്രിസ്റ്റഫർ സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷൻ നടക്കുന്ന സമയമാണ്. അപ്പോഴാണ് ഒരു ഹാസേൽബ്ലേഡ് (Hassel Blad) ക്യാമറാ മോഡൽ വിപണിയിലിറങ്ങിയത്. എന്റെ കരിയറിന്റെ തുടക്കകാലത്തൊക്കെ ഞാൻ ഉപയോഗിച്ച് നോക്കാൻ വളരെയധികം ആഗ്രഹിച്ചിരുന്ന ക്യാമറയാണത്.
അത് ലോഞ്ച് ചെയ്യും മുമ്പ് ഞാൻ അതിനെക്കുറിച്ച് സെർച്ച് ചെയ്യുന്ന സമയത്ത് തന്നെ മമ്മൂക്ക അത് പ്രീ ബുക്കിങ് ചെയ്ത് വെച്ചിട്ടുണ്ട്. അതറിഞ്ഞപ്പോൾ ഞാൻ വളരെയേറെ അത്ഭുതപ്പെട്ടു. കാരണം സിനിമറ്റൊഗ്രാഫേഴ്സ് പോലും ഇതുവരെ ചെയ്യാത്ത കാര്യമാണ് മമ്മൂക്ക ചെയ്തിരിക്കുന്നത്. അത്രക്കും അപ്പ്‌ഡേറ്റഡാണ് അദ്ദേഹം,’ ഫൈസ് പറഞ്ഞു.
അതേസമയം പകലും പാതിരാവുമാണ് ഫൈസ് ക്യാമറ നിർവഹിച്ച തിയേറ്ററിലെത്താനുള്ള അടുത്ത ചിത്രം.
കുഞ്ചാക്കോ ബോബനെയും രജിഷ വിജയനെയും കേന്ദ്ര കഥാപാത്രങ്ങളാക്കി അജയ് വാസുദേവ് സംവിധാനം ചെയ്യുന്ന ചിത്രമാണ് പകലും പാതിരാവും.
ചിത്രം മാര്‍ച്ച് മൂന്നിന് തിയേറ്ററുകളിലേക്ക് എത്തും. ഗോകുലം മൂവീസിന്റെ ബാനറില്‍ ശ്രീ ഗോകുലം ഗോപാലന്‍ ആണ് ചിത്രം നിര്‍മിക്കുന്നത്. നിഷാദ് കോയയാണ് ചിത്രത്തിന്റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത്.