കോട്ടയം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ഡ്യൂട്ടിക്കിടെ കൊല്ലപ്പെട്ട ഡോക്ടര്‍ വന്ദന ദാസിന്റെ വീട്ടിലെത്തി മാതാപിതാക്കളെ ആശ്വസിപ്പിച്ച് നടന്‍ മമ്മൂട്ടി. വ്യാഴാഴ്ച രാത്രി ഒമ്പത് മണിയോടെയാണ് മമ്മൂട്ടി കോട്ടയം കടുത്തുരുത്തിക്കടുത്ത് മുട്ടുചിറ പട്ടാളമുക്കിലെ വന്ദനയുടെ വീട്ടിലെത്തിയത്.
മുന്‍ യുവജനക്ഷേമ കമ്മീഷന്‍ അധ്യക്ഷ ചിന്താ ജെറോമും മമ്മൂട്ടിക്കൊപ്പം വീട്ടിലെത്തിയിരുന്നു. മമ്മൂട്ടിക്കൊപ്പം കുടുംബത്തെ സന്ദര്‍ശിച്ച വിവരം ചിന്ത ജെറോം തന്നെയാണ് ഫേസ്ബുക്കില്‍ പങ്കുവെച്ചത്.
‘കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ഡ്യൂട്ടിക്കിടെ കൊല്ലപ്പെട്ട ഡോക്ടര്‍ വന്ദന ദാസിന് ആദരാഞ്ജലി അര്‍പ്പിച്ചു….’ ചിന്ത ഫേസ്ബുക്കില്‍ കുറിച്ചു.
വന്ദനയുടെ അച്ഛന്‍ മോഹന്‍ ദാസിനേയും അമ്മ വസന്തകുമാരിയേയും മലയാളികളുടെ പ്രിയതാരം ആശ്വസിപ്പിച്ചു. മോഹന്‍ ദാസിന്റെ വാക്കുകള്‍ക്ക് ശ്രദ്ധാപൂര്‍വം കാതോര്‍ക്കുന്ന മമ്മൂട്ടിയേയും ചിന്ത പങ്കുവെച്ച ചിത്രത്തില്‍ കാണാം.
അബ്കാരി ബിസിനസുകാരനായ അച്ഛന്‍ മോഹന്‍ ദാസും അമ്മ വസന്തകുമാരിയുമാണ് വന്ദനയുടെ മാതാപിതാക്കള്‍. അസീസിയ മെഡിക്കല്‍ കോളേജിലാണ് വന്ദന എം.ബി.ബി.എസ് പൂര്‍ത്തിയാക്കിയത്.
പ്ലസ് ടു വരെ നാട്ടില്‍ തന്നെയാണ് വന്ദന പഠിച്ചത്. വളരെ പ്രതീക്ഷയോടെയാണ് മാതാപിതാക്കള്‍ വന്ദനയെ വളര്‍ത്തിയതും പഠിപ്പിച്ചതും. നന്നായി പഠിക്കുന്ന വിദ്യാര്‍ഥിയായിരുന്നു എന്നാണ് സുഹൃത്തുക്കളും ബന്ധുക്കളുമെല്ലാം പറയുന്നത്. കുടുംബവും നാട്ടുകാര്‍ക്ക് ഏറെ പ്രിയപ്പെട്ടവരായിരുന്നു. എന്നാല്‍, ഡോക്ടറായി ജോലി തുടങ്ങി അധികം താമസിയാതെയാണ് വന്ദനയെ ദുരന്തം തേടിയെത്തിയത്.
CONTENT HIGHLIGHTS: mammooty visits dr. vandana das’s parents