മലയാളികളുടെ സ്വകാര്യ അഹങ്കാരങ്ങളാണ് മമ്മൂട്ടിയും മോഹൻലാലും. കാലങ്ങളായി മലയാള സിനിമയിൽ നിറഞ്ഞു നിൽക്കുന്നുണ്ട് ഇരുവരും.
മമ്മൂട്ടിയേയും മോഹൻലാലിനെയും ഒന്നിച്ച് സ്‌ക്രീനിൽ കാണാൻ എന്നും മലയാളികൾക്ക് ഇഷ്ടമാണ്. ഇരുവരും ഒന്നിച്ച് നിരവധി സൂപ്പർ ഹിറ്റുകൾ മലയാള സിനിമയ്ക്ക് സമ്മാനിച്ചിട്ടുണ്ട്.
വലിയ ആരാധക പിന്തുണയുള്ള സൂപ്പർ താരങ്ങളാണ് രണ്ട് പേരും. എന്നാൽ തമ്മിൽ തമ്മിൽ വലിയ ആത്മബന്ധം സൂക്ഷിക്കുന്നവരാണ് രണ്ടാളുകളും. അതിനെ കുറിച്ച് പറയുകയാണ് മമ്മൂട്ടി. പണ്ട് ഇരുവരും അങ്ങോട്ടും ഇങ്ങോട്ടും കത്തുകൾ എഴുതാറുണ്ടായിരുന്നു എന്നാണ് മമ്മൂട്ടി പറയുന്നത്.
തന്റെ വാത്സല്യവും മോഹൻലാലിന്റെ ദേവാസുരവും ഒരേ ലൊക്കേഷനിൽ നിന്നാണ് ഷൂട്ട് ചെയ്തതെന്നും അന്നാണ് തമ്മിൽ കത്തുകൾ എഴുതിയിരുന്നതെന്നും മമ്മൂട്ടി മൈൽസ്റ്റോൺ മേക്കേഴ്സിനോട് പറഞ്ഞു.
‘അപ്പുറത്തും ഇപ്പുറത്തുമുള്ള സെറ്റുകളായിരുന്നു അത്. വാത്സല്യത്തിന്റെ ഷൂട്ടിങും ദേവാസുരത്തിന്റെ ഷൂട്ടിങും അന്ന് ഒരു സ്ഥലത്താണ് നടക്കുന്നത്. അന്ന് ഞങ്ങൾ അങ്ങോട്ടും ഇങ്ങോട്ടും കത്ത് അയക്കുമായിരുന്നു. ഇന്നത്തെ എസ്.എം.എസ് പോലെയാണത്.
ഫോണൊക്കെ ആയതിന് ശേഷം ചില ഫോർവേഡ് മെസ്സേജുകളൊക്കെ അയക്കും. അത്രയേ ഉള്ളൂ,’മമ്മൂട്ടി പറയുന്നു.
അതേസമയം ഭൂതകാലമെന്ന ചിത്രത്തിന് ശേഷം രാഹുൽ സദാശിവൻ സംവിധാനം ചെയ്യുന്ന ഭ്രമയുഗമാണ് അടുത്തതായി റിലീസാവാനുള്ള മമ്മൂട്ടി ചിത്രം. പൂർണമായി ബ്ലാക്ക് ആൻഡ് വൈറ്റിൽ ഒരുങ്ങുന്ന സിനിമ ഈ മാസം 15ന് തിയേറ്ററിൽ എത്തും.
Content Highlight: Mammooty Talk About Relation With Mohanlal