|

നാടോടിക്കാറ്റിലെ ആ കഥാപാത്രം എന്നെ തേടി വന്നതാണ്,എന്നാൽ ഒരു വ്യത്യാസമുണ്ടായിരുന്നു: മമ്മൂട്ടി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളത്തിലെ മികച്ച ചിത്രങ്ങളിൽ ഒന്നായി കണക്കാക്കപ്പെടുന്ന സിനിമയാണ് സത്യൻ അന്തിക്കാട് – ശ്രീനിവാസൻ കൂട്ടുകെട്ടിൽ പിറന്ന നാടോടിക്കാറ്റ്.

മോഹൻലാലും ശ്രീനിവാസനും കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ ചിത്രം സാധാരണക്കാരന്റെ ജീവിത പ്രശ്നങ്ങളായിരുന്നു തുറന്ന് കാട്ടിയത്. തിലകൻ,ശോഭന, ഇന്നസെന്റ് തുടങ്ങിയ വമ്പൻ താരങ്ങൾ അഭിനയിച്ച ചിത്രത്തിലെ കഥാപാത്രങ്ങളെല്ലാം മലയാളികൾക്ക് സുപരിചിതരാണ്.

സംവിധായകരായ സിദ്ദിഖ് ലാലിൽ നിന്നാണ് നാടോടിക്കാറ്റിന്റെ കഥ ഉണ്ടാകുന്നത്. ചിത്രത്തിൽ ക്യാപ്റ്റൻ രാജു അവതരിപ്പിച്ച പവനായി എന്ന കഥാപാത്രം അതിഥിയായി എത്തുന്നുണ്ട്. വലിയ ശ്രദ്ധ പിടിച്ചുപറ്റിയ കഥാപാത്രമായിരുന്നു പവനായി. എന്നാൽ ഈ കഥാപാത്രം താനായിരുന്നു അഭിനയിക്കേണ്ടിയിരുന്നതെന്ന് മമ്മൂട്ടി പറയുന്നു.

എന്നാൽ ആ ചിത്രത്തിൽ പവനായി എന്ന കഥാപാത്രമാണ് ലീഡ് റോളിൽ ഉണ്ടായിരുന്നതെന്നും ചെറിയ താരങ്ങളെ വെച്ച് തീരുമാനിച്ച ചിത്രമായിരുന്നു അതെന്നും മൈൽസ്റ്റോൺ മേക്കേഴ്സിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു.

‘ക്യാപ്റ്റൻ രാജു ചെയ്ത പവനായി എന്ന കഥാപാത്രമായിരുന്നു അത്. പക്ഷെ അന്ന് ആ കഥാപാത്രമായിരുന്നു ലീഡ് റോൾ. അതുമാത്രമല്ല അന്ന് ചെറിയ ആളുകളെ വെച്ചുള്ള കഥയായിരുന്നു അത്,’ മമ്മൂട്ടി പറയുന്നു.

അതേസമയം മമ്മൂട്ടി നായകനാവുന്ന പുതിയ ചിത്രം ഭ്രമയുഗം ഫെബ്രുവരി 15 ചിത്രം തിയേറ്ററിലേക്ക് എത്തും. സിനിമയുടെ ഫസ്റ്റ് ലുക്കും ടീസറുമെല്ലാം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചാവിഷയമായിരുന്നു. മമ്മൂട്ടി നെഗറ്റീവ് ഷേഡിലാണ് ചിത്രത്തിലെത്തുന്നതെന്ന് സൂചനകളുണ്ട്.

മമ്മൂട്ടിയെക്കൂടാതെ അര്‍ജുന്‍ അശോകന്‍, സിദ്ധാര്‍ത്ഥ് ഭരതന്‍, അമാല്‍ഡ ലിസ്, മണികണ്ഠന്‍ ആചാരി എന്നിവരും സിനിമയിലുണ്ട്. ഭൂതകാലത്തിന് ശേഷം രാഹുല്‍ സദാശിവന്‍ സംവിധാനം ചെയ്യുന്ന ചിത്രമെന്ന പ്രത്യേകതയും ഭ്രമയുഗത്തിനുണ്ട്.

Content Highlight: Mammooty Talk About Nadodikattu Movie