| Tuesday, 21st November 2023, 6:01 pm

സ്റ്റാർഡത്തെ പേടിക്കേണ്ട ആവശ്യമില്ല, അഭിനേതാവ് പേടിച്ചാൽ മതി: മമ്മൂട്ടി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

വലിയ താരമായി ഉയർന്ന് നിൽക്കുമ്പോഴും തന്നിലെ അഭിനേതാവിനെ ചൂഷണം ചെയ്യുന്ന തരത്തിൽ വ്യത്യസ്ത കഥാപാത്രങ്ങൾ തെരഞ്ഞെടുക്കുന്നതിൽ വലിയ ശ്രദ്ധയുള്ള നടനാണ് മമ്മൂട്ടി.

ആ കൂട്ടത്തിലേക്കുള്ള ഏറ്റവും പുതിയ എൻട്രിയാണ് ജിയോ ബേബി ഒരുക്കുന്ന കാതൽ ദി കോറിലെ മമ്മൂട്ടിയുടെ കഥാപാത്രം.

ഒരു സ്റ്റാർ എന്നതിനേക്കാൾ നല്ലൊരു നടനാവാനാണ് തനിക്ക് ഇഷ്ടമെന്നും സ്റ്റാർഡത്തെ പേടിക്കേണ്ട കാര്യമില്ലെന്നും മമ്മൂട്ടി പറയുന്നു. അതുകൊണ്ടാണ് കാതൽ പോലെയുള്ള സിനിമകൾ താൻ തെരഞ്ഞെടുക്കുന്നതെന്നും മൂവി വേൾഡ് മീഡിയയോട് അദ്ദേഹം കൂട്ടിച്ചേർത്തു.

‘സ്റ്റാർഡത്തെ പേടിക്കേണ്ട ആവശ്യമൊന്നുമില്ല അഭിനേതാവ് പേടിച്ചാൽ പോരെ. നമ്മൾ ആക്ടർ ആയി ഇരുന്നാലേ സ്റ്റാർഡം ഉണ്ടാവുകയുള്ളൂ. സ്റ്റാർ ആവണേൽ ആക്ടർ ആവണമെന്നില്ല അതുപോലെ ആക്ടർ ആവണമെങ്കിൽ സ്റ്റാറും ആവണമെന്നുമില്ല.

പക്ഷെ എനിക്ക് കൂടുതൽ ഇഷ്ടം ആക്ടർ ആവാനാണ്. അതുകൊണ്ടായിരിക്കും ഞാൻ ഇങ്ങനെയുള്ള സിനിമകൾ ചൂസ് ചെയ്യുന്നത്. അങ്ങനെയുള്ള സിനിമകൾ ഇഷ്ടപ്പെട്ടിട്ടാണ് ഞാൻ സിനിമയിലേക്ക് വന്നത്. എന്റെ ആദ്യകാല സിനിമകളിലൊക്കെ അങ്ങനെ തന്നെയാണ്. പിന്നീട് മറ്റുതരത്തിലുള്ള പടങ്ങളിലേക്ക് ഞാൻ എത്തിപ്പെട്ടതാണ്,’ മമ്മൂട്ടി പറയുന്നു.

അതേ സമയം നവംബര്‍ 23നാണ് കാതല്‍ ദി കോര്‍ റിലീസ് ചെയ്യുന്നത്. തെന്നിന്ത്യൻ താരം ജ്യോതികയാണ് ചിത്രത്തിൽ നായികയാവുന്നത്. മമ്മൂട്ടി കമ്പനിയുടെ ബാനറില്‍ നിര്‍മിച്ച ഈ സിനിമ ദുല്‍ഖര്‍ സല്‍മാന്റെ ഉടമസ്ഥതയിലുള്ള വേഫേറെര്‍ ഫിലിംസാണ് കേരളത്തില്‍ വിതരണത്തിനെത്തിക്കുന്നത്.

മുത്തുമണി, ചിന്നു ചാന്ദിനി, സുധി കോഴിക്കോട്, അലിസ്റ്റര്‍ അലക്‌സ്, അനഘ അക്കു, ജോസി സിജോ, ആദര്‍ശ് സുകുമാരന്‍ തുടങ്ങിയവര്‍ പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രത്തിന്റെ ഛായാഗ്രാഹണം സാലു കെ. തോമസാണ് നിര്‍വഹിക്കുന്നത്.

Content Highlight: Mammooty Talk About His Character Selections In Film

We use cookies to give you the best possible experience. Learn more