അഞ്ചാം പാതിരായെന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം മിഥുൻ മാനുവൽ തോമസ് സംവിധാനം ചെയ്ത അബ്രഹാം ഓസ്ലർ കഴിഞ്ഞ ദിവസം തിയേറ്ററിൽ എത്തി.
ഒരു ഇമ്മോഷണൽ ക്രൈം ത്രില്ലറായ ചിത്രത്തിൽ ജയറാമാണ് പ്രധാന വേഷത്തിൽ എത്തുന്നത്. ചിത്രം സമ്മിശ്രപ്രതികരണമാണ് നേടുന്നതെങ്കിലും വലിയ മുന്നേറ്റം തന്നെ ബോക്സ് ഓഫീസിൽ നടത്തുന്നുണ്ട്.
ചിത്രത്തിന്റെ റിലീസിന് മുൻപ് തന്നെ മമ്മൂട്ടിയും ഓസ്ലറിന്റെ ഭാഗമാവും എന്ന തരത്തിൽ വാർത്തകൾ പുറത്തുവന്നിരുന്നു. റിലീസിന് മുന്നോടിയായി നൽകിയ അഭിമുഖങ്ങളിലെല്ലാം അണിയറ പ്രവർത്തകർ ഇത് നിരാകരിക്കുകയും ചെയ്തിരുന്നു. എന്നാൽ റിലീസിന് പിന്നാലെ മമ്മൂട്ടിയുടെ ക്യാരക്ടർ പോസ്റ്റർ അവർ തന്നെ പുറത്ത് വിടുകയായിരുന്നു.
പിന്നീട് നടത്തിയ വാർത്ത സമ്മേളനത്തിൽ മമ്മൂട്ടിയും ടീം ഓസ്ലറിനൊപ്പം പങ്കുചേർന്നിരുന്നു.
എന്ത് കൊണ്ട് മെഗാസ്റ്റാർ ഇങ്ങനെ വ്യത്യസ്തമായ വേഷങ്ങൾ ചെയ്യുന്നു എന്ന ചോദ്യത്തിന് ഉത്തരം പറയുകയാണ് മമ്മൂട്ടി.
ഒരു സൂപ്പർസ്റ്റാർ അത് ചെയ്യണം ഇത് ചെയ്യണം എന്നൊരു നിർബന്ധവുമില്ല എന്നാണ് മമ്മൂട്ടി പറയുന്നത്. താൻ മെഗാസ്റ്റാർ എന്ന് പറഞ്ഞ് നടക്കുന്ന ഒരാൾ അല്ലെന്നും കഥാപാത്രങ്ങളോടുള്ള തന്റെ ആർത്തി അവസാനിച്ചിട്ടില്ലെന്നും മാധ്യമപ്രവർത്തകരോട് അദ്ദേഹം പറഞ്ഞു.
കാതൽ പോലൊരു സിനിമയ്ക്ക് മുമ്പ് താൻ പേരൻപ് എന്നൊരു ചിത്രവും ചെയ്തിരുന്നുവെന്നും മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു.
‘അങ്ങനെ സൂപ്പർ സ്റ്റാറുകൾക്ക് ഇനത് ചെയ്യണം അത് ചെയ്യണം എന്നൊന്നുമില്ലല്ലോ. ഓരോരുത്തർക്കും അവരവരുടെ സാറ്റിസ്ഫാക്ഷൻ. ഞാൻ മെഗാസ്റ്റാർ എന്ന് പറഞ്ഞ് നടക്കുന്ന ഒരാളൊന്നുമല്ല. എനിക്കിപ്പോഴും കഥാപാത്രങ്ങളോടുള്ള ആർത്തി അവസാനിച്ചിട്ടില്ല.
കാതൽ പോലൊരു സിനിമയിൽ അഭിനയിക്കുന്നതിന് മുമ്പ് ഞാൻ പേരൻപ് എന്നൊരു സിനിമയിൽ അഭിനയിച്ചിരുന്നു. അവസാന രംഗം ഞാൻ വിവാഹം കഴിക്കുന്നത് ആരെയാണെന്ന് നിങ്ങൾ ഓർത്ത് നോക്കിയിട്ടുണ്ടോ.
അതും അതിന് മുമ്പും അങ്ങനെയാണ്. ഞാൻ നടനാവാൻ ആഗ്രഹിച്ച ആളാണ്. ഇപ്പോഴും ആ ആഗ്രഹം കൊണ്ട് നടക്കുന്ന ഒരാളാണ്. ഇത് വരെ പൂർത്തിയായിട്ടില്ല എന്നേയുള്ളൂ,’മമ്മൂട്ടി പറയുന്നു.
Content Highlight: Mammooty Talk About his Character Selections