മമ്മൂട്ടി കമ്പനി നിര്‍മിക്കുന്ന ഏറ്റവും പുതിയ ചിത്രമായ റോഷാക്കിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ മേയ് 2നാണ് പുറത്ത് വന്നത്. സോഷ്യല്‍ മീഡിയയില്‍ വന്‍ തരംഗമായ പോസ്റ്ററിന്റെ മേകിങ് വീഡിയോ പുറത്ത് വിട്ടിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍ ഇപ്പോള്‍. മമ്മൂട്ടിയുടെ ഇന്‍സ്റ്റാഗ്രാമിലൂടെയാണ് വീഡിയോ പുറത്ത് വിട്ടിരിക്കുന്നത്.
കറുത്ത കോട്ടും പാന്റും ധരിച്ച് രക്തം പുരണ്ട തുണികൊണ്ട് മുഖം മറച്ച് കണ്ണ് മാത്രം കാണാവുന്ന രീതിയില്‍ കെട്ടി ഒരു സ്റ്റൂളില്‍ ഇരിക്കുന്ന മമ്മൂട്ടിയായിരുന്നു ഫസ്റ്റ് ലുക്ക് പോസ്റ്ററില്‍ ഉണ്ടായിരുന്നത്.
കെട്ട്യോളാണെന്റെ മാലാഖ എന്ന ചിത്രത്തിന് ശേഷം നിസാം ബഷീര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് റോഷാക്ക്.
ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ഇറങ്ങിയതിന് പിന്നാലെ റോഷോക്ക് എന്താണെന്ന് അറിയാന്‍ നിരവധി ആളുകളാണ് ഗൂഗിളില്‍ തിരഞ്ഞത്. ഒരു വ്യക്തിയെ മനശാസ്ത്രപരമായി വിശകലനം ചെയ്യാന്‍ ഉപയോഗിക്കുന്നതാണ് റോഷാക് ടെസ്റ്റ്. മലയാളം മൂവി ആന്‍ഡ് മ്യൂസിക് ഡേറ്റാബേസില്‍ ജോസ് മോന്‍ വാഴയിസ് റോഷാക്കിനെ പറ്റി പോസ്റ്റ് ചെയ്ത കുറിപ്പ് വൈറലായിരുന്നു.
‘റോഷാക്ക് ടെസ്റ്റ് ഒരു തന്ത്രപരമായ സൈക്കോളജിക്കല്‍ ടെസ്റ്റാണ്. ഒരു പേപ്പറില്‍ മഷി ഒഴിച്ച് നടുവേ മടക്കി നിവര്‍ത്തുമ്പോള്‍, രണ്ട് വശവും ഏതാണ്ട് ഒരേപോലെ തെളിയുന്ന കൃത്യതയില്ലാത്ത ചിത്രം കാണിച്ച് മുന്നിലുള്ളയാള്‍ അതില്‍ എന്ത് കാണുന്നു എന്നതിന്റെ അടിസ്ഥാനത്തില്‍ ചില ധാരണകള്‍ രേഖപ്പെടുത്തുകയും, തുടര്‍ന്ന് മനഃശാസ്ത്രപരമായ വ്യാഖ്യാനമോ അല്ലെങ്കില്‍ സങ്കീര്‍ണ്ണമായ അല്‍ഗോരിതങ്ങളോ അല്ലെങ്കില്‍ രണ്ടും കൂടിയോ ഉപയോഗിച്ചോ അയാളെക്കുറിച്ച് കൃത്യമായ വിശകലനം ചെയ്യുന്ന ഒരു പ്രക്രിയയാണ് റോഷാക്ക്.
ചില മനഃശാസ്ത്രജ്ഞര്‍ ആണ് സാധാരണയായി ഒരു വ്യക്തിയുടെ വ്യക്തിത്വ സവിശേഷതകളും വൈകാരിക പ്രവര്‍ത്തനവും പരിശോധിക്കാന്‍ ഈ പരിശോധന ഉപയോഗിക്കുന്നത്. അന്തര്‍ലീനമായ ചിന്താ വൈകല്യങ്ങള്‍ കണ്ടെത്തുന്നതിന് ഇത് ഉപയോഗിക്കുന്നു, പ്രത്യേകിച്ച് രോഗികള്‍ അവരുടെ ചിന്താ പ്രക്രിയകള്‍ തുറന്ന് വിവരിക്കാന്‍ മടിക്കുന്ന സന്ദര്‍ഭങ്ങളില്‍. കൂടാതെ വ്യക്തികളുടെ രോഗാതുരമോ രോഗാതുരമല്ലാത്തതോ ആയ വ്യക്തിത്വം മനസ്സിലാക്കാന്‍ പേഴ്സണാലിറ്റി ടെസ്റ്റായും ഈ ടെസ്റ്റ് ഉപയോഗിക്കാറുണ്ടത്രെ,’ ജോസ് മോന്‍ എഴുതിയ കുറിപ്പില്‍ പറയുന്നു.
1986 ല്‍ ഡി.സി. കോമിക്സ് പുറത്തിറക്കിയ ‘വാച്ച്മാന്‍’ എന്ന കാര്‍ട്ടൂണ്‍ പരമ്പരയിലെ, വാച്ച്മാന്റെ 6 പ്രധാനവേഷങ്ങളില്‍ ഒന്നായിരുന്ന ‘റോഷാക്ക്’ എന്ന കഥാപാത്രത്തിന്റെ ലുക്കിനോടുള്ള പോസ്റ്ററിന്റെ സാമ്യങ്ങളും സോഷ്യല്‍ മീഡിയയില്‍ അന്ന് ചര്‍ച്ചയായിരുന്നു.