അഞ്ച് പതിറ്റാണ്ടിലധികമായി മലയാളസിനിമയുടെ അഭിമാനമായി നിറഞ്ഞുനില്‍ക്കുന്ന താരമാണ് മമ്മൂട്ടി. കഥാപാത്രത്തെ തന്നിലേക്ക് ആവാഹിച്ച് നിറഞ്ഞാടുന്ന മമ്മൂട്ടി തന്റെ അഭിനയശൈലി കൊണ്ട് പ്രേക്ഷകരെ ഇന്നും അത്ഭുതപ്പെടുത്തുന്ന കാഴ്ചയാണ് കാണാന്‍ സാധിക്കുന്നത്. ഇന്നും പല സിനിമാചര്‍ച്ചകളിലും മമ്മൂട്ടിയുടെ പുതിയ ചിത്രങ്ങള്‍ സംസാരവിഷയമായി കടന്നുവരുന്നുണ്ട്.
താന്‍ അടുത്തിടെ ചെയ്ത സിനിമകളെപ്പറ്റി ഇന്ത്യയിലെ പല റൗണ്ട്‌ടേബിള്‍ ചര്‍ച്ചകളില്‍ പ്രധാനവിഷമയായി വരുന്നതിനെക്കുറിച്ച് സംസാരിക്കുകയാണ് മമ്മൂട്ടി. തന്നെപ്പറ്റിയും തന്റെ സിനിമകളെപ്പറ്റിയും പല ചര്‍ച്ചകളിലും സംസാരിക്കുന്നത് അവിടവിടായി കാണാറുണ്ടെന്ന് മമ്മൂട്ടി പറഞ്ഞു. അത്തരം ചര്‍ച്ചകള്‍ മലയാളസിനിമക്ക് ഗുണം ചെയ്യുന്നുണ്ടെന്നും ഇന്‍ഡസ്ട്രിയുടെ വളര്‍ച്ചയെ കാണിക്കുന്നുണ്ടെന്നും മമ്മൂട്ടി കൂട്ടിച്ചേര്‍ത്തു.
ഇന്ത്യയിലെ സിനിമാപ്രവര്‍ത്തകര്‍ തന്നെക്കുറിച്ചും തന്റെ സിനിമകളെക്കുറിച്ചും ചര്‍ച്ച ചെയ്യുമ്പോള്‍ തന്റെ മേലിലുള്ള ഉത്തരവാദിത്തം കൂടുകയാണെന്നും മമ്മൂട്ടി പറഞ്ഞു. തുടര്‍ന്ന് മുന്നോട്ടുള്ള സിനിമകളെ സെലക്ഷനില്‍ വളരെ ശ്രദ്ധ പുലര്‍ത്തണമെന്ന ചിന്തയാണ് ഉള്ളതെന്നും മമ്മൂട്ടി കൂട്ടിച്ചേര്‍ത്തു. ഡൊമിനിക് ആന്‍ഡ് ദി ലേഡീസ് പേഴ്‌സിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് നടത്തിയ പ്രസ് മീറ്റില്‍ സംസാരിക്കുകയായിരുന്നു മമ്മൂട്ടി.
‘ചര്‍ച്ചകള്‍ അവിടവിടായി കാണാറുണ്ട്. ഇനി എന്ത് ചെയ്യണം, എത്രമാത്രം ശ്രദ്ധിക്കണം എന്നൊക്കെ നമ്മുടെ മുന്നില്‍ വലിയ ഉത്തരവാദിത്തമായി മാറുകയാണ്. മലയാളസിനിമക്കും നമ്മുടെ ഇന്‍ഡസ്ട്രിക്കും അത്തരം ചര്‍ച്ചകള്‍ ഗുണം ചെയ്യുന്ന ഒന്നാണ്. ഇന്ത്യയും ഇന്ത്യയിലെ സിനിമാപ്രവര്‍ത്തകരും നമ്മളെ ശ്രദ്ധിക്കുന്നുണ്ട് എന്നത് നല്ലൊരു കാര്യമാണല്ലോ.
പക്ഷേ, അങ്ങനെ വരുമ്പോള്‍ ഇനി മുന്നോട്ട് എന്ത് ചെയ്യണമെന്ന കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധ പുലര്‍ത്തണമെന്ന് ചിന്തയാണ് ഉള്ളത്. കാരണം, ഇതുവരെ ചെയ്തതില്‍ നിന്ന് കൂടുതല്‍ എന്ത് കിട്ടും എന്നായിരിക്കും പലരും നോക്കാറുള്ളത്. അത് നമ്മളെ കൂടുതല്‍ ചിന്തിക്കാന്‍ സഹായിക്കുകയാണ്. മുന്നോട്ട് ഇനി അത് തുടര്‍ന്നുപോകണമെന്ന് തന്നെയാണ് ആഗ്രഹം,’ മമ്മൂട്ടി പറയുന്നു.
മമ്മൂട്ടി- ഗൗതം വാസുദേവ് മേനോന്‍ കോമ്പോയില്‍ പുറത്തുവന്ന ഡൊമിനിക് ആന്‍ഡ് ദി ലേഡീസ് പേഴ്‌സിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. കോമഡിയും സസ്‌പെന്‍സും നിറഞ്ഞ കഥപറച്ചിലാണ് ചിത്രത്തിന്റേത്. മമ്മൂട്ടിക്കൊപ്പം ഗോകുല്‍ സുരേഷും ചിത്രത്തില്‍ പ്രധാനവേഷം കൈകാര്യം ചെയ്യുന്നുണ്ട്. കന്നഡ താരം സുഷ്മിത ഭട്ടാണ് ചിത്രത്തിലെ നായിക. മമ്മൂട്ടിക്കമ്പനിയാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.
Content Highlight: Mammooty share his thoughts on the Roundtable discussion about him