തനിക്ക് സിനിമാ ജീവിതത്തില്‍ ഉപദേശം തരാനോ വഴികാട്ടി തരാനോ അങ്ങനെ ആരും ഉണ്ടായിട്ടില്ല എന്നും കഷ്ടപ്പെട്ടാണ് സിനിമയില്‍ എത്തിപ്പെട്ടതെന്നും മമ്മൂട്ടി.
അനുഭവങ്ങള്‍ പാളിച്ചകള്‍ എന്ന ചിത്രത്തിലാണ് മമ്മൂട്ടി ആദ്യമായി അഭിനയിച്ചത്. സിനിമയിലേക്ക് എന്തിനാണ് പോകുന്നതെന്നാണ് പലരും ചോദിച്ചതെന്നും താന്‍ തന്നെയാണ് സ്വയം ആ തീരുമാനം എടുത്തതെന്നും അദ്ദേഹം പറയുന്നു.
‘കുട്ടിക്കാലത്ത് സിനിമ കാണുമ്പോള്‍ മുതല്‍ ആ സ്‌ക്രീനില്‍ എനിക്കും വരണം എന്നായിരുന്നു എന്റെ ആഗ്രഹം. ആറേഴു വയസ് ഉള്ളപ്പോഴാണ് അതെന്നാണ് എന്റെ ഓര്‍മ്മ, എന്റെ കരിയറില്‍ ആരും അങ്ങനെ ഉപദേശം ഒന്നും തന്നിട്ടില്ല, വഴികാട്ടി തരാനും അങ്ങനെ ആരും ഉണ്ടായിട്ടില്ല. ഞാന്‍ തന്നെയാണ് എന്നെ ഉപദേശിച്ചതും സിനിമയില്‍ പോയി വിജയിക്കണം എന്ന പറഞ്ഞതും,’ മമ്മൂട്ടി പറയുന്നു.
പോക്കിരിരാജയുടെ രണ്ടാം ഭാഗമായ മധുരരാജയുടെ റിലീസ് സമയത്ത് നല്‍കിയ ഒരു അഭിമുഖത്തിലാണ് മമ്മൂട്ടി ഇക്കാര്യം പറഞ്ഞത്.
അതേസമയം വമ്പന്‍ റിലീസുകളാണ് മമ്മൂട്ടിയുടെതായി അണിയറയില്‍ ഒരുങ്ങുന്നത്. നിലവില്‍ ബസൂകയിലാണ് താരം അഭിനയിച്ച് കൊണ്ടിരിക്കുന്നത്.
ജിയോ ബേബി സംവിധാനം ചെയ്യുന്ന കാതല്‍ ദി കോര്‍ എന്ന ചിത്രമാണ് വരാനിരിക്കുന്ന മറ്റൊരു മമ്മൂട്ടി ചിത്രം. മമ്മൂട്ടിയോടൊപ്പം വര്‍ഷങ്ങളുടെ ഇടവേള കഴിഞ്ഞ് മലയാളത്തിലേക്ക് തിരിച്ചെത്തുകയാണ് തമിഴ് നടി ജ്യോതിക.
മമ്മൂട്ടി കമ്പനി നിര്‍മാണം നിര്‍വഹിക്കുന്ന കാതല്‍ ദുല്‍ഖര്‍ സല്‍മാന്റെ വെഫേറെര്‍ ഫിലിംസ് ആണ് വിതരണം ചെയ്യുന്നത്. സാലു കെ. തോമസാണ് ഛായാഗ്രാഹകന്‍. ആ ദര്‍ശ് സുകുമാരന്‍, പോള്‍സണ്‍ സക്കറിയ എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.
മുത്തുമണി, ചിന്നു ചാന്ദിനി, സുധി കോഴിക്കോട്,അലിസ്റ്റര്‍ അലക്‌സ്, അനഘ അക്കു, ജോസി സിജോ, ആദര്‍ശ് കുമാരന്‍ തുടങ്ങിയവര്‍ മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നു. ചിത്രത്തിന്റെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ എസ്. ജോര്‍ജാണ്. പ്രേക്ഷക സ്വീകാര്യത നേടിയ മമ്മൂട്ടി കമ്പനിയുടെ മാഷാക്കും നല്‍പകന്‍ നേരത്തു മയക്കത്തിനും ശേഷം ഒരുക്കുന്ന കാതല്‍ പ്രേക്ഷകന് വ്യത്യസ്ത കാഴ്ചാനുഭവം സമ്മാനിക്കുമെന്നാണ് പ്രേക്ഷക പ്രതീക്ഷ.