| Sunday, 31st July 2022, 3:55 pm

ആവശ്യമുള്ളവര്‍ക്ക് പോകണമല്ലോ, അതുകൊണ്ട് ഞാന്‍ ഇത് വേഗം നടത്തി പോകും; ഉദ്ഘാടന വേദയിലെ മമ്മൂട്ടിയുടെ വാക്കുകള്‍ക്ക് കയ്യടിച്ച് സോഷ്യല്‍ മീഡിയ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ആരാധക ലക്ഷങ്ങള്‍ തന്നെ കാണാന്‍ എത്തിയത് കൊണ്ട് ബ്ലോക്കായ വഴി എത്രയും വേഗം പൂര്‍വസ്ഥിതിയിലേക്ക് മാറ്റാന്‍ ഇടപ്പെട്ട് മമ്മൂട്ടി.

ഹരിപ്പാട് പുതുതായി ആരംഭിക്കുന്ന സ്വകാര്യ സ്ഥാപനം ഉദ്ഘാടനം ചെയ്യാനെത്തിയപ്പോഴാണ് സംഭവം. മമ്മൂട്ടി പറഞ്ഞ വാക്കുകള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നുമുണ്ട്.

വഴി ബ്ലോക്ക് ആകുന്ന അത്ര ജനക്കൂട്ടത്തെ കണ്ട് പരിപാടി വേഗം നടത്തി താന്‍ പോകാമെന്നും, അത്യാവശ്യക്കാരുടെ വഴി മുടക്കുന്നത് ശരിയല്ലലോ എന്നുമായിരുന്നു മമ്മൂട്ടി പറഞ്ഞത്.

‘നമ്മള്‍ ഇത്രയും നേരം ഈ റോഡ് ബ്ലോക്ക് ചെയ്ത് നിര്‍ത്തിയിരിക്കുകയാണ് ഈ പരിപാടി വേഗം തീര്‍ത്ത് പോയാലേ അത്യാവശ്യക്കാര്‍ക്ക് അവരുടെ ആവശ്യങ്ങള്‍ക്ക് പോകാന്‍ സാധിക്കുള്ളു, നമ്മള്‍ സന്തോഷിക്കുന്നവരാവാം പക്ഷേ അവര്‍ക്ക് ഒരുപാട് ആവശ്യങ്ങള്‍ ഉണ്ടാവും അതുകൊണ്ട് ഞാന്‍ ഇത് വേഗം നടത്തി പോകും, നമ്മുക്ക് പിന്നെ കാണാം’, മമ്മൂട്ടി പറഞ്ഞു.

സംഭവം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായതോടെ ട്രോളുകളിലും സോഷ്യല്‍ മീഡിയയിലും മമ്മൂട്ടിയാണ് ചര്‍ച്ച. വന്‍ ജനതിരക്ക് ആയിരുന്നു ഹരിപ്പാട് അനുഭവപ്പെട്ടത്.

ഹരിപ്പാട് എം.എല്‍.എ രമേശ് ചെന്നിത്തല, നിര്‍മാതാവ് ആന്റോ ജോസ്ഫ് തുടങ്ങിയവരും ചടങ്ങില്‍ പങ്കെടുത്തിരുന്നു. ഉദയകൃഷ്ണയുടെ തിരക്കഥയില്‍ ബി. ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് മമ്മൂട്ടി ഇപ്പോള്‍ അഭിനയിക്കുന്നത്.

ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം നന്‍പകല്‍ നേരത്ത് മയക്കം, നിസാം ബഷീറിന്റെ റോഷാക്ക് എന്നിവയാണ് ചിത്രീകരണം പൂര്‍ത്തിയാക്കിയ മമ്മൂട്ടി ചിത്രങ്ങള്‍. ഭീഷ്മ പര്‍വ്വത്തിനു ശേഷം അമല്‍ നീരദ് ഒരുക്കുന്ന ബിലാലിന്റെ ചിത്രീകരണം ഇനിയും ആരംഭിച്ചിട്ടില്ല.

അഖില്‍ അക്കിനേനി നായകനാകുന്ന തെലുങ്ക് ചിത്രം ഏജന്റിലും മമ്മൂട്ടി പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. ചിത്രത്തിന്റെ ടീസറിന് മികച്ച പ്രതികരണമായിരുന്നു ലഭിച്ചത്.

Content Highlight : Mammooty’s speech in a private programme goes viral on social media

We use cookies to give you the best possible experience. Learn more