| Tuesday, 16th July 2024, 10:19 pm

എം.ടിയുടെ ഓരോ കഥ വായിക്കുമ്പോഴും അതിലെ ഒരു കഥാപാത്രമായി ഞാന്‍ എന്നെ സങ്കല്‍പിക്കും: മമ്മൂട്ടി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളത്തിന്റെ പ്രിയ എഴുത്തുകാരന്‍ എം.ടി വാസുദേവന്‍ നായരുടെ ഒമ്പത് ചെറുകഥകളെ അടിസ്ഥാനാക്കി ഒരുങ്ങുന്ന ആന്തോളജി സീരീസാണ് മനോരഥങ്ങള്‍. ഉലകനായകന്‍ കമല്‍ ഹാസന്റെ നരേഷനില്‍ മലയാളത്തിന്റെ പ്രിയ താരങ്ങളായ മമ്മൂട്ടി, മോഹന്‍ലാല്‍, ഫഹദ് ഫാസില്‍, ആസിഫ് അലി, ബിജു മേനോന്‍, സിദ്ദിഖ്, അപര്‍ണ ബാലമുരളി, നെടുമുടി വേണു, ഇന്ദ്രന്‍സ് തുടങ്ങി വന്‍ താരനിര മനോരഥങ്ങളില്‍ അണിനിരക്കുന്നുണ്ട്.

രഞ്ജിത്, പ്രിയദര്‍ശന്‍, ശ്യാമപ്രസാദ്, മഹേഷ് നാരായണന്‍, രതീഷ് അമ്പാട്ട്, സന്തോഷ് ശിവന്‍, അശ്വതി വി. നായര്‍ എന്നിവരാണ് മനോരഥങ്ങളിലെ സെഗ്മെന്റുകള്‍ സംവിധാനം ചെയ്യുന്നത്. എം.ടി വാസുദേവന്‍ നായര്‍ക്ക് മലയാളസിനിമ നല്‍കുന്ന ആദരവ് കൂടിയാണ് മനോരഥങ്ങള്‍. ഓഗസ്റ്റ് 15 മുതല്‍ സീ5 പ്ലാറ്റ്‌ഫോമില്‍ ചിത്രം സ്ട്രീം ചെയ്യും. കഴിഞ്ഞ ദിവസം ചിത്രത്തിന്റെ ട്രെയ്‌ലര്‍ ലോഞ്ച് കൊച്ചിയില്‍ വെച്ച് നടന്നിരുന്നു.

ചടങ്ങില്‍ മമ്മൂട്ടി പറഞ്ഞ വാക്കുകളാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച. എം.ടി എന്ന എഴുത്തുകാരന്‍ മലയാളത്തിലെ ഏറ്റവും മികച്ച എഴുത്തുകാരനാണെന്നും അദ്ദേഹത്തിന്റെ ഓരോ കഥ വായിക്കുമ്പോഴും അതിലെ ഒരു കഥാപാത്രമായി തന്നെ സങ്കല്പിക്കാറുണ്ടെന്നും മമ്മൂട്ടി പറഞ്ഞു. തിരക്കഥാസാഹിത്യത്തിനും മലയാളത്തില്‍ ആരാധകരുണ്ടെന്ന് കാണിച്ചു തന്നത് എം.ടിയാണെന്നും മമ്മൂട്ടി പറഞ്ഞു.

താനും എം.ടിയും ഈയിടെ ഒരു ഉടമ്പടി ഉണ്ടാക്കിയെന്ന് മമ്മൂട്ടി പറഞ്ഞു. എം.ടിയുടെ രണ്ട് ചെറുകഥകള്‍ വായിച്ച് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യാമോ എന്ന് എം.ടി ചോദിച്ചെന്നും താന്‍ അതിന് സമ്മതിച്ചുവെന്നും താരം പറഞ്ഞു. എന്നാല്‍ ഇതുവരെ അതിന് തനിക്ക് സാധിച്ചിട്ടില്ലെന്നും ഉടനെ അത് ചെയ്യുമെന്നും മമ്മൂട്ടി കൂട്ടിച്ചേര്‍ത്തു.

‘എം.ടി മലയാളസാഹിത്യത്തിന് നല്‍കിയ സംഭാവനകള്‍ പറഞ്ഞാല്‍ ഇന്നൊന്നും തീരില്ല. എന്നെ ഏറ്റവുമധികം സ്വാധീനിച്ച എഴുത്തുകാരിലൊരാളാണ് അദ്ദേഹം. എം.ടിയുടെ ഓരോ കഥ വായിക്കുമ്പോഴും അതിലെ ഒരു കഥാപാത്രമായി ഞാന്‍ എന്നെത്തന്നെ സങ്കല്പിക്കും. ഓരോ കഥയും തിരക്കഥാരൂപത്തിലാണ് ഞാന്‍ മനസില്‍ കാണാറുള്ളത്. ഇതുവരെ ഒരു തിരക്കഥയെഴുതി ശീലമില്ലെങ്കിലും ഉള്ള അറിവ് വെച്ച് അങ്ങനെ സങ്കല്പിക്കും.

തിരക്കഥാസാഹിത്യത്തിനും മലയാളത്തില്‍ ആരാധകരുണ്ടെന്ന് കാണിച്ചുതന്നത് എം.ടിയാണ്. ഞാനും അദ്ദേഹവും കുറച്ചുകാലം മുമ്പ് ഒരു ഉടമ്പടി വെച്ചിരുന്നു. അദ്ദേഹത്തിന്റെ രണ്ട് ചെറുകഥകള്‍ എന്നോട് വായിക്കാന്‍ പറഞ്ഞിരുന്നു. വായിച്ചിട്ട് അത് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യാമോ എന്നാണ് അദ്ദേഹം ചോദിച്ചത്. ഞാന്‍ അതിന് സമ്മതിക്കുകയും ചെയ്തു. പക്ഷേ ഇതുവരെ അതിന് സമയം കിട്ടിയില്ല. മനോരഥങ്ങള്‍ ഇറങ്ങുന്നതിന് മുന്നേ അത് ചെയ്യാമെന്ന് കരുതുന്നു,’ മമ്മൂട്ടി പറഞ്ഞു.

Content Highlight: Mammooty’s speech at Manorathangal trailer launch is viral

We use cookies to give you the best possible experience. Learn more