മനസ് നിറയെ വയനാട്, ഈ അവാർഡ് നേട്ടം സന്തോഷിപ്പിക്കുന്നില്ല; ഫിലിം ഫെയർ വേദിയിൽ മമ്മൂട്ടി
Entertainment
മനസ് നിറയെ വയനാട്, ഈ അവാർഡ് നേട്ടം സന്തോഷിപ്പിക്കുന്നില്ല; ഫിലിം ഫെയർ വേദിയിൽ മമ്മൂട്ടി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 4th August 2024, 10:41 am

പതിനഞ്ചാമത് ഫിലിം ഫെയർ അവാർഡ് ഏറ്റുവാങ്ങി മമ്മൂട്ടി. ലിജോ ജോസ് പെല്ലിശ്ശേരി ഒരുക്കിയ നൻപകൽ നേരത്ത് മയക്കം എന്ന ചിത്രത്തിലെ പ്രകടനത്തിനാണ് ഫിലിം ഫെയർ സൗത്ത് 2024ൽ അദ്ദേഹം പുരസ്‌കാരം നേടിയത്.

എന്നാൽ പുരസ്‌കാര നേട്ടത്തെക്കാൾ വേദിയിൽ മമ്മൂട്ടി പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. വയനാട് മുണ്ടക്കൈ – ചൂരൽ മല ഉരുൾപൊട്ടലിൽ സർവതും നഷ്ടപ്പെട്ടവർക്ക് സഹായം അഭ്യർത്ഥിച്ചിരിക്കുകയാണ് മമ്മൂട്ടി.

ചിത്രത്തിന്റെ സംവിധായകനും ക്രൂവിനും നന്ദി അറിയിച്ച മമ്മൂട്ടി ഇത് തന്റെ പതിനഞ്ചാമത്തെ ഫിലിം ഫെയർ അവാർഡ് ആണെന്നും എന്നാൽ ഈ അവാർഡ് നേട്ടം തന്നെ സന്തോഷിപ്പിക്കുന്നില്ലെന്നും പറഞ്ഞു. വയനാടിന്റെ വേദനയാണ് മനസിലെന്നും ജീവനും ഉപജീവനും നഷ്ടപ്പെട്ടവർക്കൊപ്പമാണെന്നും മമ്മൂട്ടി പറഞ്ഞു. വയനാടിനെ എല്ലാവരും സഹായിക്കണമെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു.

ഉരുൾപൊട്ടലിന്റെ രക്ഷാപ്രവർത്തനത്തിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വസ നിധിയിലേക്ക് മമ്മൂട്ടിയും മകൻ ദുൽഖർ സൽമാനും ചേർന്ന് 35 ലക്ഷം രൂപ നൽകിയിരുന്നു. കഴിഞ്ഞദിവസം എറണാകുളം ജില്ലാ ഭരണകൂടം കൊച്ചി കടവന്ത്രയിൽ ശേഖരിച്ച ആവശ്യ വസ്തുക്കൾ വയനാട്ടിലേക്ക് അയക്കുന്നതിന് നേതൃത്വം നൽകാൻ മന്ത്രി പി. രാജീവിനൊപ്പം മമ്മൂട്ടിയും എത്തിയിരുന്നു. ആദ്യഘട്ടമായാണ് ഈ തുകയെന്നും കൂടുതൽ സഹായങ്ങൾ ഉണ്ടാവുമെന്നും അദ്ദേഹം മന്ത്രിയെ അറിയിച്ചു.

അതേസമയം, ആറാം ദിവസവും തിരച്ചില്‍ തുടരുകയാണ്. വിവിധ ഫോഴ്സുകളിലുള്ളവരും സന്നദ്ധ പ്രവര്‍ത്തകരും ഉള്‍പ്പടെ 1200ലധികം ആളുകളാണ് ഇന്ന് തിരച്ചിലില്‍ പങ്കെടുക്കുക. സന്നദ്ധപ്രവര്‍ത്തകര്‍ക്ക് കയറും മറ്റ് കൂടുതല്‍ ഉപകരണങ്ങള്‍ നല്‍കിയിട്ടുണ്ട്. മണ്ണിനടയില്‍ കൂടുതല്‍ മൃതദേഹങ്ങള്‍ ഉണ്ടെന്ന നിഗമനത്തിലാണ് കൂടുതല്‍ ഉപകരണങ്ങള്‍ ഉപയോഗിച്ചുള്ള തിരച്ചില്‍ തുടരുന്നത്. വിവിധ പോയിന്റുകള്‍ തിരിച്ചാണ് ഇന്നും തിരച്ചില്‍ തുടരുന്നത്.

മുന്‍ ദിവസങ്ങളെ അപേക്ഷിച്ച് കൃത്യമായി രജിസ്റ്റര്‍ ചെയ്ത സന്നദ്ധ പ്രവര്‍ത്തകരാണ് ഇന്ന് തിരച്ചിലില്‍ പങ്കെടുക്കുന്നത്. അപകട സാധ്യത ഉള്‍പ്പടെ കണക്കിലെടുത്ത് സന്നദ്ധ പ്രവര്‍ത്തകരുടെ വിവരങ്ങള്‍ രേഖപ്പെടുത്തിയാണ് തിരച്ചിലിനായി സന്നദ്ധ പ്രവര്‍ത്തകരെ കടത്തിവിടുന്നത്.

Content Highlight: Mammooty’s Speech About Wayanad Land Slide In Film Fair Award