സിനിമ ബ്ലാക്ക് ആന്‍ഡ് വൈറ്റല്ലേ, അപ്പോള്‍ ഡ്രസ്സും അതുപോലെ ആകട്ടെയെന്ന് ഭ്രമയുഗം ടീം
Entertainment
സിനിമ ബ്ലാക്ക് ആന്‍ഡ് വൈറ്റല്ലേ, അപ്പോള്‍ ഡ്രസ്സും അതുപോലെ ആകട്ടെയെന്ന് ഭ്രമയുഗം ടീം
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 13th February 2024, 4:16 pm

ഒരുപാട് കാലത്തിന് ശേഷം മലയാളത്തില്‍ പൂര്‍ണമായും ബ്ലാക്ക് ആന്‍ഡ് വൈറ്റില്‍ റിലീസാകുന്ന ചിത്രമാണ് ഭ്രമയുഗം. മമ്മൂട്ടി കേന്ദ്ര കഥാപാത്രമായി വരുന്ന ചിത്രത്തിന്റെ സംവിധായകന്‍ രാഹുല്‍ സദാശിവനാണ്. ചിത്രത്തിന്റെ അനൗണ്‍സ്‌മെന്റ് മുതല്‍ എല്ലാ പോസ്റ്ററുകളും ബ്ലാക്ക് ആന്‍ഡ് വൈറ്റിലായിരുന്നു. ടെക്‌നോളജി ഇത്രയും വളര്‍ന്ന കാലഘട്ടത്തില്‍ ബ്ലാക്ക് ആന്‍ഡ് വൈറ്റില്‍ ഇറങ്ങുന്ന ഭ്രമയുഗത്തിന് വന്‍ പ്രതീക്ഷയാണ് സിനിമാപ്രേമികള്‍ നല്‍കുന്നത്.

സിനിമയുടെ പോസ്റ്ററുകളില്‍ മാത്രമല്ല, പ്രൊമോഷന്‍ പരിപാടികളിലും വ്യത്യസ്തത കൊണ്ടുവരികയാണ് അണിയറപ്രവര്‍ത്തകര്‍. അബുദാബിയില്‍ വെച്ച് നടന്ന ട്രെയ്‌ലര്‍ ലോഞ്ചിലും കൊച്ചിയില്‍ നടന്ന പ്രസ് മീറ്റിലും മമ്മൂട്ടിയും മറ്റ് അണിയറപ്രവര്‍ത്തകരും കറുപ്പും വെളുപ്പും വസ്ത്രങ്ങള്‍ ധരിച്ചാണ് വന്നത്. കൊച്ചിയിലെ പ്രസ് മീറ്റില്‍ പങ്കെടുക്കാന്‍ വന്ന മമ്മൂട്ടിയുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.

അബുദാബിയില്‍ നടന്ന ട്രെയ്‌ലര്‍ ലോഞ്ചില്‍ കറുപ്പ് ഷര്‍ട്ടണിഞ്ഞെത്തിയ മമ്മൂട്ടി, പ്രസ് മീറ്റിലെത്തിയത് വെള്ള ഷര്‍ട്ട് ധരിച്ചാണ്. അണിയറപ്രവര്‍ത്തകരും ഇതേ പാറ്റേണ്‍ തുടര്‍ന്നതാണ് സിനിമയിലെ കൗതുകം പ്രൊമോഷനിലും കാണാന്‍ സാധിച്ചത്. ബ്ലാക്ക് ആന്‍ഡ് വൈറ്റില്‍ സിനിമയെടുക്കാന്‍ കാരണമെന്താണെന്ന ചോദ്യത്തിന് താരത്തിന്റെ മറുപടി ശ്രദ്ധേയമായിരുന്നു.

‘ബ്ലാക്ക് ആന്‍ഡ് വൈറ്റ് എന്നത് പുതിയ തലമുറ ഒട്ടും അനുഭവിച്ചിട്ടില്ലാത്ത ഒരു സംഭവമാണ്. അതുകൊണ്ട് അതൊന്ന് കണ്ടറിയാം, അതുമല്ല ഈ സിനിമ അതിനു പറ്റിയ ഒരു സിനിമയാണ്. ആളുകള്‍ക്ക് കുറച്ചുകൂടെ ഈ സിനിമയെ സത്യസന്ധമായി മനസിലാക്കാം എന്ന് തോന്നിയതു കൊണ്ടാണ് ഈ സിനിമ ബ്ലാക്ക് ആന്‍ഡ് വൈറ്റില്‍ എടുത്തത്.
ഇപ്പോഴും പലരും ബ്ലാക്ക് ആന്‍ഡ് വൈറ്റില്‍ സിനിമകള്‍ എടുക്കുന്നുണ്ട്. ഹോളിവുഡിലൊക്കെ അങ്ങനെ സിനിമകള്‍ എടുക്കുന്നുണ്ട്. ഓസ്‌കര്‍ അവാര്‍ഡ് നേടിയ ചില സിനിമകള്‍ ബ്ലാക്ക് ആന്‍ഡ് വൈറ്റില്‍ എടുത്തവയാണ്. 12 വര്‍ഷം മുമ്പ് ആര്‍ടിസ്റ്റ് എന്ന സിനിമ ബ്ലാക്ക് ആന്‍ഡ് വൈറ്റ് 35 മോഡലിലാണ് എടുത്തത്. അത്രത്തോളമൊന്നും ആലോചിച്ചിട്ടല്ല, നമുക്കും വേണ്ടേ ഒരു ബ്ലാക്ക് ആന്‍ഡ് വൈറ്റ് സിനിമ എന്ന ആഗ്രഹത്തില്‍ ചെയ്തതാണ്,’ മമ്മൂട്ടി പറഞ്ഞു.

Content Highlight:  Mammooty’s costume going viral during Bramayugam promotion