കൊച്ചി: മലയാളികളുടെ പ്രിയ സംവിധായകന്‍ സിദ്ദിഖിന്റെ മരണത്തില്‍ അന്ത്യാഞ്ജലി അര്‍പ്പിച്ച് മമ്മൂട്ടി. വളരെ പ്രിയപെട്ടവരുടെ തുടരേയുള്ള വേര്‍പാടുകളിലെ നിസ്സിമമായ വ്യഥ അനുഭവിച്ചുകൊണ്ട് തന്നെ സ്വന്തം സിദ്ദിക്കിന് ആദരാഞ്ജലി എന്നാണ് മമ്മൂട്ടി പറഞ്ഞത്.
മമ്മൂട്ടിയുടെ സിനിമാജീവിത്തിലെ നിരവധി ഹിറ്റ് ചിത്രങ്ങളുടെ സംവിധായകനായിരുന്നു സിദ്ദിഖ്.
കിംഗ് എന്ന മമ്മൂട്ടിയുടെ ഹിറ്റ് ചിത്രത്തിന് ശേഷം വലിയ വിജയങ്ങള്‍ ഇല്ലാതെ നില്‍ക്കുന്ന സമയത്ത് മമ്മൂട്ടിക്ക് ഇന്‍ഡസ്ട്രി ഹിറ്റ് സമ്മാനിക്കാന്‍ ഹിറ്റ്‌ലറിലൂടെ സിദ്ദിഖിന് സാധിച്ചു.
രണ്ടായിരത്തിന്റെ തുടക്കത്തിലെ തുടര്‍ ഫ്‌ളോപ്പുകളില്‍ നിന്ന് മമ്മൂട്ടിയെ രക്ഷിച്ച ഹിറ്റ് ചിത്രമായിരുന്നു ക്രോണിക് ബാച്‌ലര്‍.
2010 ന് ശേഷമുണ്ടായ മമ്മൂട്ടിയുടെ മോശം കരിയര്‍ ടൈമില്‍ ഭാസ്‌കര്‍ ദി റാസ്‌കലിലൂടെ ഹിറ്റ് സമ്മാനിക്കാനും സിദ്ദിഖിനായി.
അതേസമയം മോഹന്‍ലാലും സിദ്ദിഖിനെ അനുസ്മരിച്ചു
സിനിമയിലും ജീവിതത്തിലും തനിക്ക് ഒരു ബിഗ്ബ്രദറായിരുന്ന സംവിധായകന്‍ സിദ്ദിഖെന്നാണ് മോഹന്‍ലാല്‍ പറഞ്ഞത്. സിദ്ദിഖ് അസിസ്റ്റന്റ് ഡയറക്ടറായി പ്രവര്‍ത്തിച്ച ആദ്യ ചിത്രം നോക്കെത്താ ദൂരത്ത് കണ്ണുംനട്ട് മുതല്‍ അവസാന ചിത്രമായ ബിഗ്ബ്രദറില്‍ വരെ അഭിനയിക്കാന്‍ തനിക്ക് ഭാഗ്യം ലഭിച്ചെന്ന് മോഹന്‍ലാല്‍ പറഞ്ഞു. സംവിധായകന്റെ നിര്യാണത്തിന് പിന്നാലെ ഫേസ്ബുക്കിലെഴുതിയ കുറിപ്പിലൂടെയായിരുന്നു മോഹന്‍ലാലിന്റെ പ്രതികരണം.
‘എന്റെ പ്രിയപ്പെട്ട സിദ്ദിഖിന്റെ വിയോഗം വിശ്വസിക്കാന്‍ കഴിയുന്നില്ല. കഥകളെ സ്വാഭാവിക നര്‍മ്മത്തിലൂടെയും സാധാരണക്കാരന്റെ ജീവിത സമസ്യകളിലൂടെയും ആവിഷ്‌കരിച്ച്, ലോകമെമ്പാടുമുള്ള മലയാളികള്‍ക്ക് പ്രിയപ്പെട്ടവനായി തീര്‍ന്ന സിദ്ദിഖ്, അകാലത്തില്‍ നമ്മെ വിട്ടുപിരിഞ്ഞതിലുള്ള വിഷമം പറഞ്ഞറിയിക്കാന്‍ വയ്യ.
വിഷയങ്ങളിലെ വൈവിദ്ധ്യവും സംവിധാനത്തിലെ ആകര്‍ഷണീയതയും കാരണം സിദ്ദിഖിന്റെ ഓരോ സിനിമയ്ക്കും വേണ്ടി പ്രേക്ഷകലക്ഷങ്ങള്‍ കാത്തിരുന്നു. സിദ്ദിഖ് നമ്മളെ ഒരുപാട് ചിരിപ്പിച്ചു, കണ്ണ് നനയിപ്പിച്ചു, പ്രതീക്ഷകള്‍ നഷ്ടപ്പെടുത്തരുതെന്ന് ഓര്‍മ്മിപ്പിച്ചു, ഉയരങ്ങളില്‍ എത്തിപ്പെടാന്‍ സ്വന്തം ജീവിതത്തിലൂടെ മാതൃക കാണിച്ചു. വാക്കുകളിലും പെരുമാറ്റത്തിലും സൗമ്യത പുലര്‍ത്തി, ആരോടും ശത്രുത കാണിക്കാതെ, ആഡംബരങ്ങളില്‍ നിന്ന് ഒഴിഞ്ഞുമാറി ഒരു സാധാരണ മനുഷ്യനായി സിദ്ദിഖ് ജീവിച്ചു.
അദ്ദേഹം അസിസ്റ്റന്റ് ഡയറക്ടറായി പ്രവര്‍ത്തിച്ച ആദ്യചിത്രം നോക്കെത്താ ദൂരത്ത് കണ്ണുംനട്ട് മുതല്‍ അവസാനചിത്രമായ ബിഗ്ബ്രദറില്‍ വരെ അഭിനയിക്കാന്‍ എനിക്ക് ഭാഗ്യം ലഭിച്ചു. സിനിമയിലും ജീവിതത്തിലും അക്ഷരാര്‍ഥത്തില്‍ എനിക്ക് ഒരു ബിഗ്ബ്രദര്‍ തന്നെയായിരുന്നു സിദ്ദിഖ്. വേദനയോടെ ആദരാഞ്ജലികള്‍,’ മോഹന്‍ലാല്‍ കുറിച്ചു.
രാത്രി 9.10ഓടെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു സിദ്ദിഖിന്റെ അന്ത്യം.
ഹൃദയാഘാതത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. മൃതദേഹം ബുധനാഴ്ച രാവിലെ ഒമ്പത് മുതല്‍ 12 വരെ കടവന്ത്ര ഇന്‍ഡോര്‍സ്റ്റേഡിയത്തില്‍ പൊതുദര്‍ശനത്തിന് വെക്കും. വൈകുന്നേരം ആറ് മണിക്ക് എറണാകുളം സെന്‍ട്രല്‍ ജുമാ മസ്ജിദില്‍ കബറടക്കും.
Content Highlight: Mammooty pays condolences to the death of director Siddique