മമ്മൂട്ടി വീണ്ടും പുതുമുഖ സംവിധായകനൊപ്പം ഒന്നിക്കുന്നു. യുവ ഛായാഗ്രാഹകരില്‍ പ്രശസ്തനായ റോബി വര്‍ഗീസ് രാജ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിലാവും മമ്മൂട്ടി നായകനായി എത്തുക എന്നാണ് കേരള കൗമുദി റിപ്പോര്‍ട്ട് ചെയ്യുന്നത്.
ചിത്രത്തില്‍ പൊലീസ് വേഷത്തിലാണ് മമ്മൂട്ടി എത്തുക എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ലിജോ ജോസ് പെല്ലിശേരിയുടെ സംവിധാനത്തില്‍ ഒരുങ്ങുന്ന നന്‍പകല്‍ നേരത്ത് മയക്കം, നിസാം ബഷീര്‍ ചിത്രം റോഷോക്ക് എന്നിവക്ക് ശേഷം മമ്മൂട്ടി കമ്പനി നിര്‍മിക്കുന്ന മൂന്നാമത്തെ ചിത്രമായിട്ടാവും റോബി-മമ്മൂട്ടി ചിത്രം എത്തുക. നിരവധി സിനിമകള്‍ക്ക് ഛായാഗ്രാഹകനായി പ്രവര്‍ത്തിച്ച ആളാണ് റോബി വര്‍ഗീസ് രാജ്.
മമ്മൂട്ടിയും നയന്‍താരയും ഒന്നിച്ച എ.കെ. സാജന്‍ സംവിധാനം ചെയ്ത പുതിയ നിയമം ആണ് റോബി സ്വതന്ത്ര ഛായാഗ്രഹകനായി പ്രവര്‍ത്തിച്ച ആദ്യ ചിത്രം.
മമ്മൂട്ടി നായകനായി അഭിനയിച്ച ദ ഗ്രേറ്റ് ഫാദറിന്റെ ഛായാഗ്രഹണവും റോബി ആയിരുന്നു നിര്‍വഹിച്ചത്. ക്യാപ്റ്റന്‍, തട്ടിന്‍പുറത്ത് അച്യുതന്‍, വെള്ളം, ലൗ ആക്ഷന്‍ ഡ്രാമ എന്നിവയാണ് റോബി ഛായാഗ്രഹണം നിര്‍വഹിച്ച മറ്റ് ചിത്രങ്ങള്‍.
ബി.ഉണ്ണിക്കൃഷ്ണന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന ചിത്രത്തിലാണ് മമ്മൂട്ടി നിലവില്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. ഉദയ കൃഷ്ണയുടെ തിരക്കഥയില്‍ ഒരുങ്ങുന്ന ചിത്രത്തിലും മമ്മൂട്ടി പൊലീസ് വേഷമാണ് കൈകാര്യം ചെയ്യുന്നതെന്നാണ് റിപ്പോര്‍ട്ട്.
ത്രില്ലര്‍ വിഭാഗത്തില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ ഷൂട്ട് എറണാകുളത്താണ് പുരോഗമിക്കുന്നത്. ഇതുവരെ പേരിടാത്ത ചിത്രത്തില്‍ മമ്മൂട്ടിയുടെ വില്ലനായി തമിഴില്‍ നിന്നുള്ള സൂപ്പര്‍ താരമായിരിക്കും അഭിനയിക്കുക എന്നും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.
ഉദയ്കൃഷ്ണയാണ് ചിത്രത്തിന് തിരക്കഥയെഴുതുന്നത്. സ്‌നേഹ, അമല പോള്‍, ഐശ്വര്യ ലക്ഷ്മി എന്നിങ്ങനെ മൂന്ന് നായികമാരാണ് ചിത്രത്തിലുള്ളത്. കൂടാതെ ഷൈന്‍ ടോം ചാക്കോ, ദിലീഷ് പോത്തന്‍, സിദ്ദിഖ്, ജിനു എബ്രഹാം തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
അതേസമയം ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം നന്‍പകല്‍ നേരത്ത് മയക്കം, നിസാം ബഷീറിന്റെ റോഷാക്ക് എന്നിവയാണ് ചിത്രീകരണം പൂര്‍ത്തിയാക്കിയ മമ്മൂട്ടി ചിത്രങ്ങള്‍. ഭീഷ്മ പര്‍വ്വത്തിനു ശേഷം അമല്‍ നീരദ് ഒരുക്കുന്ന ബിലാലിന്റെ ചിത്രീകരണം ഇനിയും ആരംഭിച്ചിട്ടില്ല
അഖില്‍ അക്കിനേനി നായകനാകുന്ന തെലുങ്ക് ചിത്രം ഏജന്റിലും മമ്മൂട്ടി പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. ചിത്രത്തിന്റെ ടീസറിന് മികച്ച പ്രതികരണമായിരുന്നു ലഭിച്ചത്.