മമ്മൂട്ടിയെ നായകനാക്കി ഖാലിദ് റഹ്മാന്‍ സംവിധാനം ചെയ്ത ഉണ്ട തിയേറ്ററുകളില്‍ മികച്ച രീതിയില്‍ ഓടികൊണ്ടിരിക്കുകയാണ്. ഒരു പത്രവാര്‍ത്തയെ അടിസ്ഥാനമാക്കി ഹര്‍ഷദ് തിരക്കഥയെഴുതിയ ചിത്രം, നിരവധി വിഷയങ്ങള്‍ പ്രതിപാദിക്കുന്നുണ്ട്.
ചത്തീസ്ഗണ്ഡിലെ തെരഞ്ഞെടുപ്പ് കാലത്ത് ഡ്യൂട്ടിക്കായി എത്തിയ കേരള പൊലീസിന്റെ കഥ പറഞ്ഞ ചിത്രത്തില്‍ മാവോയിസവും സൈന്യത്തിന്റെ പ്രവര്‍ത്തനവും എല്ലാം വിഷയമാകുന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിന് മുമ്പുള്ള ഒരനുഭവം പങ്കുവെയ്ക്കുകയാണ് ചിത്രത്തിന്റെ തിരക്കഥാകൃത്തായ ഹര്‍ഷദ്.
ചിത്രത്തിന്റെ കഥ നടക്കുന്ന ബസ്തറില്‍ തങ്ങള്‍ നേരിട്ട് കണ്ട സംഭവങ്ങള്‍ ഫേസ്ബുക്കിലൂടെയാണ് ഹര്‍ഷദ് പങ്കുവെച്ചിരിക്കുന്നത്.
ഹര്‍ഷദിന്റെ പോസ്റ്റിന്റെ പൂര്‍ണരൂപം,
ബസ്തര്‍ കഥ )
ഉണ്ട എന്ന സിനിമയുടെ തിരക്കഥ എഴുതുന്നതിന്റെ റിസര്‍ച്ച് ആവശ്യത്തിലേക്ക് ഒരിക്കല്‍ ബസ്തറിലേക്ക് പോയ ഞങ്ങള്‍ക്ക് ഒടുവില്‍ പട്ടാളത്തെയും കൂടി അടുത്തറിഞ്ഞാല്‍ തരക്കേടില്ല എന്നു തോന്നി. സ്ഥലം ഫോഴ്‌സ് മേധാവിയെ കണ്ടു. സര്‍ ഞങ്ങള്‍ക്ക് ക്യാമ്പ് കാണണം, അതും കാട്ടിനകത്തുള്ളത് തന്നെ കാണണം.
ഹും. നല്ല നേരത്താണ് നിങ്ങള്‍ വന്നത്. ഇന്നലെ അഞ്ച് ജവാമ്മാര്‍ കൊല്ലപ്പെട്ടു. വായിച്ചില്ലേ?
ഉം.. വായിച്ചിരുന്നു.
ശരി നാളെ കാലത്ത് ഏഴര മണിയാവുമ്പൊ വരൂ. ഇവിടുന്ന് മുപ്പത് കിലോമീറ്ററോളം ഉള്ളിലാണ്. ഞാനും വരാം കൂടെ.
പിറ്റേന്ന് തണുപ്പത്ത് നേരത്തെ റെഡിയായെങ്കിലും പറഞ്ഞേല്‍പ്പിച്ച വണ്ടിക്കാരന്‍ ഫോണെടുക്കുന്നില്ല. (അതിന്റെ ഗുട്ടന്‍സ് പിന്നെയാ പിടികിട്ടിയത് ??) മേധാവിയെ വിളിച്ച് കാര്യം പറഞ്ഞു. സര്‍ വണ്ടി ഇനിയും എത്തിയില്ല. പറഞ്ഞു തീര്‍ന്നില്ല അപ്പൊഴേക്കും പട്ടാളത്തിന്റെ വണ്ടി (സ്റ്റിക്കറില്ല ) ലോഡ്ജിന്റെ മുന്നില്‍ ബ്രേക്കിട്ട് നിന്നു.
യാത്ര തുടങ്ങി.
മുന്നില്‍ മേധാവിയുടെ വണ്ടി. ഞങ്ങള്‍ നാലു പേര്‍ രണ്ട് വേറൊരു വണ്ടിയില്‍ . പുറകില്‍ വേറൊന്ന്! ഡ്രൈവറുടെ അടുത്തിരിക്കുന്ന കമാന്റോയുടെ മടിയിലെ AK 47 നോക്കി മിഴിച്ചിരുന്ന എന്നെ റഹ്മാന്‍ തോണ്ടി. നോക്ക് സീറ്റിനടിയില്‍ നോക്ക്. ഞാന്‍ നോക്കി. ഞങ്ങള്‍ രണ്ടാളുടെയും സീറ്റിനടിയില്‍ ഓരോ AK47 ! അടിപൊളി !
ഞങ്ങള്‍ ക്യാമ്പിലെത്തി. ഇനി കാട്ടിലേക്ക് പോകണം. മൊത്തം ഒന്ന് ചുറ്റിക്കറങ്ങി കണ്ട ഞങ്ങളോട് പോകാന്‍ റെഡിയല്ലേ എന്ന ആവര്‍ത്തിച്ചുള്ള ചോദ്യത്തിന് പരസ്പരം ആവര്‍ത്തിച്ച് നോക്കിയ ശേഷം ചുറുചുറുക്കുള്ള ചെറുപ്പക്കാരായ ??ഞങ്ങള്‍ തലയാട്ടി.
‘ഇത് ആദ്യം റെഡ് സോണായിരുന്നു. ഈ ക്യാമ്പ് സ്ഥാപിച്ച രണ്ടാം നാള് തന്നെ ഇതിന് നേരെ അറ്റാക്ക് ഉണ്ടായി. അവര്‍ പറയുന്നു ഇത് ജനങ്ങളുടെ യുദ്ധമാണെന്ന് (People’s War) ജനങ്ങള്‍ ഞങ്ങളുടെ കൂടെയാണെങ്കില്‍ പിന്നെങ്ങനെ ഇത് People’s War ആകും.?! ..and we are gradually dominating. അങ്ങിനെ റെഡ് സോണുകള്‍ ഓറഞ്ച് സോണുകളായി മാറുകയാണ്. ‘
മേധാവിയുടെ സ്റ്റഡി ക്ലാസിന് ശേഷം ഞങ്ങള്‍ പുറപ്പെട്ടു. മൂന്ന് കിലോമീറ്ററോളം ബൈക്കിലും പിന്നെ കിലോമിറ്റേഴ്‌സ് ആന്റ് കിലോമീറ്റേഴ്‌സ് നടന്നുമാണ് പോകേണ്ടത്. റെഡിയല്ലേ?!
റെഡി
….
ഞങ്ങള്‍ ചുറുചുറുക്കുള്ള ചെറുപ്പക്കാര്‍ ഇപ്പോള്‍ ബൈക്ക് യാത്രയും കഴിഞ്ഞുള്ള നടത്തത്തിലാണ്. മേധാവിയെ കൂടാതെ മൊത്തം അമ്പതോളം പട്ടാളക്കാരുണ്ടാവും. ഏത് സമയത്തും ഒരു വെടിയുണ്ടയോ ബോംബേറോ ഏറ്റുവാങ്ങി നാളെ എഫ് ബി സുഹൃത്തുക്കള്‍ക്ക് വിപ്ലവാവേശമായി മാറാന്‍ പോകയാണല്ലോ എന്നോര്‍ത്ത് ഞാന്‍ സ്വയം പുളകിതനായി. ഞാനിപ്പോള്‍ വരിയുടെ മധ്യഭാഗത്തായാണ് ഉള്ളത്. അങ്ങിനെ ഹൃദയമിടിപ്പിന്റെ താളത്തില്‍ കാട്ടുപാതയിലൂടെ ഞങ്ങള്‍ നീങ്ങവേ പെട്ടെന്ന് മുന്നീന്നൊരു ബഹളം. എല്ലാവരും തോക്ക് ചൂണ്ടിക്കൊണ്ട് മുന്നോട്ടേക്ക് വേഗത്തില്‍ ഓടാന്‍ തുടങ്ങി. പേടിച്ചെങ്കിലും എന്നിലെ വിപ്ലവകാരി ഉണര്‍ന്ന് മൊബൈലില്‍ മൂവി ക്യാമറ ഓണാക്കി കൂടെ ഓടി.
എന്താണ് കണ്ടത്? അതെന്തായാലും നമ്മുടെ തേവള്ളിപറമ്പില്‍ ജോസഫ് അലക്‌സിന്റെ ഭാഷയില്‍ പറഞ്ഞാല്‍ പട്ടാളത്തിന്റെ ഈ സെറിമോണിയല്‍ പരേഡ് എന്തിനായിരുന്നെന്ന് അപ്പൊഴാണ് മനസ്സിലായത്.
ജനങ്ങളെ വിശ്വാസത്തിലെടുക്കണം. സര്‍ക്കാര്‍ അവര്‍ക്കൊപ്പമാണെന്ന് അവര്‍ക്ക് ബോധ്യമാവണം. കീഴടങ്ങുന്ന നക്‌സലൈറ്റുകള്‍ക്കുള്ള പദ്ധതിയോടൊപ്പം നക്‌സല്‍ മേഖലകളില്‍ സ്റ്റേറ്റ് നടപ്പാക്കുന്ന മറ്റൊരു പ്രോഗ്രാം. അതിന്റെ ഭാഗമായി ഗ്രാമീണര്‍ക്ക് ബിസ്‌കറ്റ് കൊടുക്കുക, മരുന്നുകള്‍ കൊടുക്കുക തുടങ്ങിയ ഗംഭീര പ്രവര്‍ത്തനങ്ങളുമായി സൈന്യം മുന്നോട്ട് കുതിക്കവെ രണ്ട് ദിവസം മുമ്പ് നമ്മുടെ മേധാവിയും കുട്ടരും ഒരു വീട്ടിലെത്തി. ഈസ്റ്റ് ബസ്തര്‍ ഡിവിഷനിലെ ഭാന്‍പൂര്‍ ഏരിയ കമാണ്ടര്‍ സാക്ഷാല്‍ പഹ്ഡുവിന്റെ വീട്ടില്‍! ആള് അവിടെയുണ്ടെന്ന വിവരം കിട്ടി കയ്യോടെ പിടികൂടാനും കൂടിയാണ് പോയതത്രെ. പക്ഷേ പഹ്ഡു ഇല്ലാത്ത വീട്ടില്‍ നമ്മുടെ മേധാവി കണ്ടത് സുഖമില്ലാത്ത അയാളുടെ ഭാര്യയെയും കുഞ്ഞിനെയുമാണ്. അദ്ദേഹം അവര്‍ക്ക് മരുന്നുകള്‍ കൊടുത്തു. അന്നത് വാര്‍ത്തയായി വന്നിരുന്നു. അവിടേക്കു തന്നെയാണ് ഇന്ന് വീണ്ടും പോകുന്നത്. കൂടെ പ്രധാനമായും ഒരു പ്രാദേശിക ചാനലുകാരനും ക്യാമറാമാനും ഉണ്ട്. ഞങ്ങള്‍ യാദൃശ്ചികമായി കൂട്ടത്തില്‍ പെട്ടതാണ്!
അങ്ങനെ അമ്പതോളം പട്ടാളക്കാരുടെ അകമ്പടിയോടെ പോകുന്ന സംഘം പെട്ടെന്ന് തോക്കുയര്‍ത്തി ഓടാന്‍ തുടങ്ങി. കാരണം ദേ അവരുടെ മുന്നില്‍ സാക്ഷാല്‍ പഹ്ഡു! സര്‍ക്കാര്‍ തെരയുന്ന ഒറിജിനല്‍ മാവോയിസ്റ്റ്! അയാളെ പിടിക്കാനാണ് എല്ലാവരും ഓടിയത് ഞാനെന്റെ മൊബൈലുമായി എത്തുമ്പൊഴേക്കും എല്ലാവരും കാട്ടിനുള്ളിലേക്ക് പോയിരുന്നു. പക്ഷേ കുറച്ചു നേരത്തിന് ശേഷം സകലരും നിരാശയോടെ മടങ്ങി വന്നു. ആളെ കിട്ടിയില്ല. പിന്നെ ഒരു മണിക്കൂര്‍ നേരത്തേക്ക് കനത്ത തിരച്ചിലാണ്. ഞാനും ചെങ്ങായ്മാരും ആകെ അന്തം വിട്ട് നില്‍പാണ്. എന്താണ് സംഭവിക്കുന്നത് ?? മ്മടെ അറയ്ക്കല്‍ അബു പറഞ്ഞ പോലെ നമ്മള്‍ പോലും അറിയാതെ നമ്മള്‍ മാവോ വേട്ടക്കാരായി മാറിയോ?!
തിരിച്ചു വന്ന പട്ടാളക്കാരില്‍ ഒരാളോട് വെള്ളം വാങ്ങി കുടിക്കവേ അവമ്മാരുടെ സംസാരത്തില്‍ നിന്നും ഒരു കാര്യം ഭീതിയോടെ ഞങ്ങള്‍ മനസ്സിലാക്കി. ആ ഓട്ടത്തിനിടയില്‍ അറിയാതെയെങ്ങാനും ആരുടെയെങ്കിലും കയ്യീന്ന് ഒരു വെടി പൊട്ടിയാല്‍ പിന്നെ കൂട്ട വെടിയായിരിക്കും ഫലം! ശേഷം ഞാനും ചെങ്ങായ്മാരും #ഹാഷ്ടാഗായി നിത്യഹരിതരാവും. ഹൊ!
(ഫോട്ടോയില്‍ പഹ്ഡുവിന്റെ വീട് കാണാം.)