നോമ്പിനോടനുബന്ധിച്ച് നേരിട്ട ആരോഗ്യപ്രശ്‌നങ്ങളാല്‍ ഒരു മാസത്തോളം വിശ്രമത്തിലായിരുന്നു മലയാളികളുടെ സ്വന്തം മമ്മൂട്ടി. സിനിമകള്‍ക്ക് ഇടവേള പ്രഖ്യാപിച്ച താരം ചെന്നൈയില്‍ ദുല്‍ഖറിന്റെ വസതിയില്‍ വിശ്രമത്തിലായിരുന്നു. പുതിയ ചിത്രമായ ബസൂക്കയുടെ പ്രൊമോഷന് പോലും മമ്മൂട്ടിയുടെ സാന്നിധ്യമുണ്ടായിരുന്നില്ല. ഇപ്പോഴിതാ താരം വിശ്രമം അവസാനിപ്പിച്ച് സെറ്റുകളില്‍ സജീവമാകാന്‍ പോകുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.
സിനിമാലോകം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മഹേഷ് നാരായണന്‍- മമ്മൂട്ടി- മോഹന്‍ലാല്‍ പ്രൊജക്ടിന്റെ സെറ്റിലാകും മമ്മൂട്ടി ആദ്യം ജോയിന്‍ ചെയ്യുക. മെയ് പകുതിയോടെയാകും മമ്മൂട്ടി ചിത്രത്തിന്റെ അടുത്ത ഷെഡ്യൂളിന്റെ ഭാഗമാവുകയെന്നാണ് റൂമറുകള്‍. നിലവില്‍ ശ്രീലങ്കയിലും ദല്‍ഹിയിലുമായി ചിത്രത്തിന്റെ ഓരോ ഷെഡ്യൂള്‍ വീതം പൂര്‍ത്തിയാക്കിയിരുന്നു.
അടുത്ത ഷെഡ്യൂളില്‍ മോഹന്‍ലാല്‍ ഭാഗമാകില്ലെന്നും മമ്മൂട്ടിയുടെ പോര്‍ഷനുകള്‍ മാത്രമാകും ഷൂട്ട് ചെയ്യുകയെന്നാണ് അഭ്യൂഹങ്ങള്‍. ചിത്രത്തിന്റെ ടൈറ്റില്‍ ജൂണ്‍ പകുതിയോടെ പുറത്തുവിടുമെന്നാണ് കരുതുന്നത്. പുറത്തുവരുന്ന റിപ്പോര്‍ട്ടുകളനുസരിച്ച് ‘ദി പ്രസ്റ്റീജ്’ എന്നാകും സിനിമയുടെ ടൈറ്റില്‍. മിലിട്ടറി പശ്ചാത്തലമാക്കി വരുന്ന വമ്പന്‍ സിനിമയാകുമിതെന്ന് അടുത്ത വൃത്തങ്ങള്‍ പറയുന്നു.
മമ്മൂട്ടിയോടൊപ്പം തുല്യ പ്രാധാന്യമുള്ള വേഷത്തിലാണ് മോഹന്‍ലാല്‍ വേഷമിടുന്നത്. 11 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇരുവരും ഒരു പ്രൊജക്ടിനായി കൈകോര്‍ക്കുന്നത്. ഇരുവര്‍ക്കും പുറമെ ഫഹദ് ഫാസിലും കുഞ്ചാക്കോ ബോബനും ചിത്രത്തില്‍ ശക്തമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. 2026ലാകും ചിത്രം തിയേറ്ററിലെത്തുക.
മഹേഷ് നാരയണന്‍ പ്രൊജക്ടിനൊപ്പം യുവ സംവിധായകന്‍ നിതീഷ് സഹദേവിനൊപ്പമുള്ള പ്രൊജക്ടും ഒരേസമയം മമ്മൂട്ടി പൂര്‍ത്തിയാക്കിയേക്കും. ഫാലിമിക്ക് ശേഷം നിതീഷ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ അനൗണ്‍സ്‌മെന്റ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരുന്നു. തിരുവനന്തപുരം- നാഗര്‍കോവില്‍ ബോര്‍ഡര്‍ പശ്ചാത്തലമാക്കി ഫാമിലി കോമഡി എന്റര്‍ടൈനറായാണ് നിതീഷ് – മമ്മൂട്ടി ചിത്രം ഒരുങ്ങുന്നത്. മമ്മൂട്ടിക്കമ്പനിയാണ് ചിത്രത്തിന്റെ നിര്‍മാണം.
നവാഗതനായ ജിതിന്‍ കെ. ജോസ് സംവിധാനം ചെയ്യുന്ന കളങ്കാവലാണ് മമ്മൂട്ടിയുടെ അടുത്ത തിയേറ്റര്‍ റിലീസ്. മമ്മൂട്ടി വില്ലനായെത്തുന്ന ചിത്രത്തില്‍ വിനായകനാണ് നായകന്‍. ഇന്ത്യയെ ഞെട്ടിച്ച സയനൈഡ് മോഹന്റെ കഥയെ ആസ്പദമാക്കിയാണ് കളങ്കാവല്‍ ഒരുങ്ങുന്നത്. മമ്മൂട്ടിക്കമ്പനി നിര്‍മിക്കുന്ന ചിത്രം മെയ് 22ന് തിയേറ്ററുകളിലെത്തും.
Content Highlight: Mammooty completes his rest and ready to join in Mahesh Narayanan project